തലശ്ശേരി: മലബാർ കാൻസർ സെന്ററിന്റെ രണ്ടാംഘട്ട വികസന പ്രവർത്തനങ്ങളുടെ ഭാഗമായി കിഫ്ബി സഹായത്തോടെ നിർമ്മിക്കുന്ന 14 നില ബ്ലോക്കിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് സ്പീക്കർ അഡ്വ. എ.എൻ. ഷംസീറിന്റെ അദ്ധ്യക്ഷതയിൽ സ്പീക്കറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. നിർമ്മാണ പ്രവർത്തനങ്ങൾ ഇഴഞ്ഞുനീങ്ങുന്നതിൽ നിർവ്വഹണ ഏജൻസിയായ വാപ്‌കോസിനും കരാർ ഏറ്റെടുത്ത മലാനി കൺസ്ട്രക്ഷനും തുല്യ ഉത്തരവാദിത്തമുണ്ടെന്ന് യോഗം വിലയിരുത്തി.
നേരത്ത വെറ്റ് ചെയ്ത ഡിസൈൻ ഒരോ നിലകൾക്കും ഐ.ഐ.ടിയെകൊണ്ട് വീണ്ടും വെറ്റ് ചെയ്യിക്കണമെന്ന കിഫ്ബി ഇൻസ്‌പെക്ഷൻ വിംഗിന്റെ നിർദ്ദേശം കാലതാമസത്തിന് കാരണമാകുമെന്നതിനാൽ അക്കാര്യത്തിൽ പുനഃപരിശോധന നടത്തുന്നത് സംബന്ധിച്ച് ഒക്ടോബർ 15ന് കിഫ്ബി സി.ഇ.ഒ.യുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ തീരുമാനമെടുക്കാമെന്നും ഐ.ഐ.ടി വെറ്റിംഗ് ആവശ്യമുള്ള പക്ഷം അത് വേഗത്തിലാക്കുന്നതിന് നടപടിയെടുക്കാമെന്നും കിഫ്ബി പ്രതിനിധി യോഗത്തെ അറിയിച്ചു.
മേൽനോട്ടത്തിന് ആറംഗ സമിതി
പ്രോജക്ടിന്റെ തുടർന്നുള്ള മേൽനോട്ടത്തിനായി എം.സി.സി. ഡയറക്ടർ ഡോ. ബി.സതീഷ്, സ്പീക്കറുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി അർജുൻ എസ്. കുമാർ, കിഫ്ബി സീനിയർ ജനറൽ മനേജർ പി.എ.ഷൈല, ടെക്നിക്കൽ കമ്മിറ്റി ഹെഡ് കെ. ശ്രീകണ്ഠൻ നായർ, വാപ്‌കോസ് റീജിയണൽ മനേജർ ദീപങ്ക് അഗർവാൾ, മലാനി കൺസ്ട്രക്ഷൻ കമ്പനി പ്രതിനിധി രാമകൃഷ്ണൻ, ഗോവിന്ദൻ നായർ എന്നിവരുൾപ്പെട്ട ആറംഗ സമിതിയെ സ്പീക്കർ ചുമതലപ്പെടുത്തി. തടസ്സങ്ങൾ നീക്കി പ്രോജക്ട് സുഗമമായി മുന്നോട്ടുകൊണ്ടുപോകുന്നതിന് സമയബന്ധിതമായ നടപടികൾ സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് സ്പീക്കർ കർശനനിർദ്ദേശം നൽകി.