
പയ്യന്നൂർ: കുഞ്ഞിമംഗലത്തു നിന്നു കാണാതായ 13 കാരിയെ തട്ടിക്കൊണ്ടുപോകാനുപയോഗിച്ച സ്കൂട്ടർ കണ്ടെത്തി. കണ്ണൂർ കെ.എസ്.ആർ.ടി.സി. ഡിപ്പോ പരിസത്ത് നിന്നാണ് സ്കൂട്ടർ പോലീസ് കണ്ടെടുത്തത്. അതിനിടെ പെൺകുട്ടി മൈസുരുവിലുണ്ടെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പയ്യന്നൂർ പോലീസ് രാത്രിയോടെ മൈസൂരുവിലെത്തിയിട്ടുണ്ട്. കുട്ടിയെ തട്ടിക്കൊണ്ടുപോയതായി കരുതുന്ന യുവാവ് ഇവിടെ നിന്ന് ഫോൺ വിളിച്ചതാണ് മൈസൂരുവിലുണ്ടെന്ന് സംശയത്തിന് ഇടയായത്. കർണ്ണാടക രജിസ്ട്രേഷനിലുള്ള സ്കൂട്ടറിലാണ് രണ്ട് ദിവസം മുൻപ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. പെൺകുട്ടി സ്കൂട്ടറിൽ കയറുന്ന കാമറ ദൃശ്യം പയ്യന്നൂർ പൊലീസിന് ലഭിച്ചിരുന്നു. കുട്ടിയുടെ മാതാവിന്റെ ബന്ധുവായ അഭിലാഷ് എന്ന യുവാവാണ് തട്ടിക്കൊണ്ടുപോയതെന്നാണ് പരാതി.കുഞ്ഞിമംഗലം പുതിയ പുഴക്കരയിൽ താമസിച്ച് മത്സ്യബന്ധനം നടത്തി കഴിയുന്ന കർണാടക സ്വദേശികളുടെ മകളാണ് കാണാതായ പെൺകുട്ടി.