കാഞ്ഞങ്ങാട്: പ്രിന്റ് ചെയ്ത ഡ്രൈവിംഗ് ലൈസൻസിന് പകരം ഡിജിറ്റൽ രേഖ മതിയെന്ന് മോട്ടോർ വാഹനവകുപ്പ് പറയുമ്പോഴും അതിനു വേണ്ടി ആർ.ടി ഓഫീസുകൾ കയറി ഇറങ്ങി നിരവധി യുവതീ യുവാക്കൾ. സംസ്ഥാനത്ത് ഏതാനും മാസങ്ങളായി ലൈസൻസ്, ആർ.സി, അനുബന്ധ രേഖകളുടെ അച്ചടി മുടങ്ങിയിരിക്കുകയാണ്. പ്രിന്റിംഗ് ജോലിക്കുള്ള പ്രതിഫലം മുടങ്ങിയതോടെയാണ് അച്ചടി പ്രതിസന്ധിയിലായത്. ഇത് മറികടക്കുന്നതിനായാണ് ഡിജിറ്റൽ ലൈസൻസ് മതിയെന്ന നിലപാടിലാണ് മോട്ടോർ വാഹന വകുപ്പ് നീങ്ങിയത്. പിന്നാലെ ആർ.സിയും ഡിജിറ്റലാക്കാനായിരുന്നു തീരുമാനം.
എന്നാൽ, മറ്റ് സംസ്ഥാനങ്ങളിലുൾപ്പെടെ യാത്ര ചെയ്യേണ്ടി വരുന്നവർക്ക് ആർ.സി ബുക്കും ലൈസൻസും കൈവശമില്ലാത്തത് പ്രശ്നം സൃഷ്ടിക്കുമെന്നാണ് പരാതി ഉയരുന്നത്. സംസ്ഥാനത്ത് പ്രിന്റഡ് വാഹന രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റും (ആർ.സി), ഡ്രൈവിംഗ് ലൈസൻസും കാത്ത് കഴിയുന്നത് ലക്ഷത്തിലേറെ പേരാണ്. ഇവ അച്ചടിക്കാൻ ചുമതലപ്പെടുത്തിയ കമ്പനിക്ക് 14 കോടിയിലേറെ രൂപ സർക്കാർ നൽകാനുണ്ടത്രെ. തുടർന്നാണ് അച്ചടി താൽക്കാലികമായി നിർത്താൻ കമ്പനി തീരുമാനിച്ചത്. ആർ.സിയും ലൈസൻസും ലഭ്യമാക്കാത്ത സാഹചര്യത്തിലും എ.ഐ കാമറ വഴി പിടികൂടുന്ന ഗതാഗത നിയമലംഘനങ്ങൾക്ക് കുറവില്ലെന്നാണ് കണക്കുകൾ. ഇതുവഴി നൂറുകോടിയിലേറെ പിഴയീടാക്കിയെന്നും രേഖകൾ വ്യക്തമാക്കുന്നു. പിഴ നോട്ടീസ് ലഭിച്ചിട്ടും അടക്കാത്തവരും നിരവധിയാണ്. കരാർ കമ്പനി അച്ചടി നിർത്തിവച്ചതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ഗതാഗത വകുപ്പിന്റെ വാദം.
ഡിജിറ്റൽ മതിയാകും
ഡ്രൈവിംഗ് ടെസ്റ്റ് പാസാകുന്ന ഒരാൾക്ക്, അതേദിവസം തന്നെ ലൈസൻസ് ഡൗൺലോഡ് ചെയ്‌തെടുക്കാൻ സാധിക്കും. ഉപയോക്താവിന്റെ സൗകര്യാർഥം, ആവശ്യമെങ്കിൽ ഇത് പ്രിന്റ് ചെയ്ത് സൂക്ഷിക്കാം. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇതിന്റെ ആവശ്യമില്ല. ഡിജിലോക്കറിൽ ലഭ്യമാകുന്ന ലൈസൻസ്, ആവശ്യമുള്ള ഘട്ടങ്ങളിൽ പരിശോധനക്കായി ഹാജരാക്കാനാകും. ഉദ്യോഗസ്ഥർക്ക് ഇതിലെ ക്യു.ആർ കോഡ് സ്‌കാൻ ചെയ്ത് ആധികാതിക ഉറപ്പാക്കാം.
കാഞ്ഞങ്ങാട് ആർ.ടി ഓഫീസിൽ ദിവസവും നിരവധി പേർ ഇതിനായി എത്തുന്നുണ്ട്. അപേക്ഷകരോട് കൃത്യമായ മറുപടി പറയാൻ കഴിയാത്ത സ്ഥിതിയാണ്.
ജോ.ആർ.ടി.ഒ