milk
പാൽപൊലിമ പദ്ധതി

കാസർകോട്: ജില്ലയിലെ കന്നുകാലി സമ്പത്തിന്റെ ഉത്പാദന ക്ഷമത ഇരട്ടിയായി വർദ്ധിപ്പിക്കാനുദ്ദേശിച്ചുള്ള മൃഗസംരക്ഷണ വകുപ്പിന്റെ നൂതന പദ്ധതിയായ പാൽപൊലിമ പദ്ധതിക്ക് തിങ്കളാഴ്ച തുടക്കം കുറിക്കും.

2019 ലെ കന്നുകാലി കണക്കെടുപ്പ് പ്രകാരം ജില്ലയിൽ ആകെ 75000 കന്നുകാലികളാണ് ഉള്ളത്. ഇവയിൽ പകുതിയോളം വരുന്ന കറവപ്പശുക്കളുടെ പാലുത്പാദനം താരതമ്യേന വളരെ കുറവാണ്. മിൽമ ഡയറിയിൽ പ്രതിദിനം 75,​000 ലിറ്റർ പാൽ സംഭരിക്കുന്നതിനുള്ള സംവിധാനം നിലവിലുണ്ടെങ്കിലും അതിന്റെ പകുതിയോളം മാത്രമാണ് ഇപ്പോഴത്തെ പാൽ ലഭ്യത. നിലവിലുള്ള പശുക്കളിൽ ജനിതക മേന്മ കൂടിയ കാളകളുടെ ബീജം കുത്തിവയ്ക്കുന്നതാണ് പദ്ധതി. അടുത്ത മാസം മുതൽ തിരഞ്ഞെടുക്കപ്പെട്ട 15 കേന്ദ്രങ്ങളിൽ പ്രീമിയം ബീജമാത്രകൾ ഉപയോഗിച്ചുള്ള ബീജദാനം ആരംഭിച്ച് ഘട്ടംഘട്ടമായി ജില്ലയിലെ മറ്റ് സ്ഥാപനങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും. പ്രീമിയം ബുൾ സെമൻ ലോഞ്ചിംഗ്, ഡിജിറ്റൽ എക്സ്റേ യൂനിറ്റ് ഉദ്ഘാടനം എന്നിവ അണങ്കൂരിലുള്ള ജില്ല വെറ്ററിനറി കേന്ദ്രത്തിൽ ഇന്നു രാവിലെ 11.30ന് മന്ത്രി ചിഞ്ചുറാണി ഓൺലൈനായി നിർവഹിക്കും. എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ, ജില്ല പഞ്ചയത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ എന്നിവർ പങ്കെടുക്കും.

ഫലപ്രദമായ രോഗ നിർണയത്തിന് ഉതകുന്ന നൂതന ഡിജിറ്റൽ എക്സ്റേ യൂനിറ്റ്,​ ജില്ല പഞ്ചായത്ത് 16.5 ലക്ഷം രൂപ ചെലവിട്ടാണ് സ്ഥാപിക്കുന്നത്. ഓമനമൃഗങ്ങൾ, പക്ഷികൾ മുതൽ ആന വരെയുള്ളവയുടെ എക്സ്റേ പരിശോധന നടത്താൻ ഈ ഉപകരണം കൊണ്ട് സാധിക്കും. പോർട്ടബിൾ മെഷീൻ പരിശോധനക്കായി ഉപകരണം ആവശ്യമായ സ്ഥലത്തെത്തിക്കാനും സാധിക്കും. ഡിജിറ്റൽ ഇമേജിംഗ് സംവിധാനമായതിനാൽ പരമ്പരാഗതമായ രീതിയിലുള്ള ഫിലിം ഇല്ലാതെ, ചികിത്സിക്കുന്ന ഡോക്ടർമാരുടെയും മൃഗങ്ങളുടെ ഉടമകളുടെയും മൊബൈൽ ഫോൺ, കമ്പ്യൂട്ടർ എന്നിവയിലേക്ക് എക്സ്റേ ഇമേജ് നിമിഷനേരം കൊണ്ട് കൈമാറാനും സാധിക്കും.

പാൽപൊലിമ

നിലവിലുള്ള പശുക്കളിൽ ജനിതക മേന്മ കൂടിയ കാളകളുടെ ബീജം കുത്തിവെച്ച് നല്ല ജനുസ്സിൽപെട്ട കന്നുകുട്ടികളെ സൃഷ്ടിക്കുകയും ശാസ്ത്രീയ പരിപാലനമുറകളിലൂടെ പ്രസ്തുത കന്നുകുട്ടികളെ 10 മാസം പ്രായമാവുമ്പോഴേക്കും മദിലക്ഷണം കാണിക്കുന്ന വിധത്തിൽ വളർത്തിയെടുക്കുകയും ചെയ്യുന്നു. ഈ കന്നുകുട്ടികൾ ഇരുപത് മാസം പ്രായമെത്തുമ്പോഴേക്കും ആദ്യപ്രസവം നടക്കുകയും പാലുത്പാദനം ആരംഭിക്കുകയും ചെയ്യും. കെ.എൽ.ഡി ബോർഡ് ഉരുത്തിരിച്ചെടുത്ത ഉയർന്ന ഉത്പാദന ക്ഷമത ഉറപ്പുവരുത്തിയിട്ടുള്ള പ്രീമിയം കാളകളുടെ ബീജമാത്ര ഉപയോഗിച്ച് ബീജ സങ്കലനം നടത്തുന്നതിനാൽ ഇത്തരത്തിൽ സൃഷ്ടിക്കപ്പെടുന്ന പശുക്കളുടെ ഉത്പാദനശേഷി വളരെ കൂടുതൽ ആയിരിക്കും.