കാഞ്ഞങ്ങാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ സി.പി.എം പ്രാദേശിക നേതാവും വ്യാപാരിയും അറസ്റ്റിൽ. മുൻ ബ്രാഞ്ച് സെക്രട്ടറി അട്ടകണ്ടം മുളൻ വീട്ടിൽ എം.വി തമ്പാൻ (55), അട്ടകണ്ടം തട്ടാംക്കോലിലെ റബ്ബർ വ്യാപാരി തായന്നൂർ സർക്കാരി തുണ്ടുപറമ്പിൽ ഹൗസിൽ സജി (51) എന്നിവരെയാണ് അമ്പലത്തറ പൊലീസ് പോക്സോ കേസിൽ അറസ്റ്റ് ചെയ്തത്. കടുത്ത വയറുവേദനയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പരിശോധനക്ക് എത്തിയപ്പോഴാണ് പെൺകുട്ടി ഗർഭിണിയാണെന്നറിയുന്നത്. തുടർന്ന് ഹോസ്ദുർഗ് പൊലീസ് പെൺകുട്ടിയിൽ നിന്ന് വിശദമായി മൊഴിയെടുത്തപ്പോഴാണ് ഇരുവരും പീഡിപ്പിച്ചതായി പറഞ്ഞത്. തുടർന്ന് കേസ് അമ്പലത്തറ പൊലീസിന് കൈമാറുകയായിരുന്നു.
വയറുവേദനയെ തുടർന്ന് കഴിഞ്ഞ മാസം ജില്ലാ ആശുപത്രിയിൽ ചികിത്സക്കായി എത്തിയ പെൺകുട്ടിയുടെ മാതാപിതാക്കളുടെ കൂടെ സജിയും ഉണ്ടായിരുന്നതായി പറയുന്നു. അന്നു പെൺകുട്ടിയുടെ വയസ് 19 ആണെന്ന് സജി പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവത്രെ. അമ്പലത്തറ സി.ഐ ടി. ദാമോധരൻ അറസ്റ്റുചെയ്ത പ്രതികളെ കോടതി റിമാൻഡ് ചെയ്തു.