പയ്യാവൂർ: മാതൃവേദി തലശ്ശേരി അതിരൂപത കലോത്സവത്തിൽ പൈസക്കരി മേഖല ജേതാക്കളായി. ചെമ്പേരി നിർമ്മല സ്കൂളിൽ നടന്ന കല, സാഹിത്യ മത്സരങ്ങളിൽ 107 പോയിന്റുകൾ നേടി പൈസക്കരി മേഖല ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ 99 പോയിന്റുകളോടെ ചെമ്പേരി മേഖലയ്ക്കാണ് രണ്ടാം സ്ഥാനം. 89 പോയിന്റുകൾ നേടിയ വായാട്ട്പറമ്പ് മേഖല മൂന്നാം സ്ഥാനത്തിന് അർഹരായി. യൂണിറ്റ് വിഭാഗത്തിൽ പൈസക്കരി, കണ്ണൂർ, കരുവഞ്ചാൽ യൂണിറ്റുകൾ യഥാക്രമം 57, 50, 43 പോയിന്റുകളോടെ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. തലശേരി അതിരൂപത പ്രോട്ടോസിഞ്ചെല്ലൂസ് മോൺ. ആന്റണി മുതുകുന്നേലാണ് കലോത്സവം ഉദ്ഘാടനം ചെയ്തത്. അതിരൂപത ഡയറക്ടർ ഫാ. ജോബി കോവാട്ട്, ആനിമേറ്റർ സിസ്റ്റർ ലിൻഡെ സി.എച്ച്.എഫ്, ബ്രദർ നിഖിൽ, അതിരൂപത പ്രസിഡന്റ് ഷീബ തെക്കേടം, മറ്റ് ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.