vijin

കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് നേരിടുന്ന വിവിധ വിഷയങ്ങൾ അടിയന്തിരപ്രധാന്യത്തോടെ പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് സ‌ർക്കാരിന്റെ ഉറപ്പ്. എം.വിജിൻ എം.എൽ.എയുടെ സബ് മിഷന് ആരോഗ്യമന്ത്രി വീണാ ജോർജാണ് പരിയാരം കണ്ണൂർ മെഡിക്കൽ കോളേജ് നേരിടുന്ന വിവിധ വിഷയങ്ങൾ പരിഹരിക്കുമെന്ന് ഉറപ്പ് നൽകിയത്. മെഡിക്കൽ കോളേജ് നേരിടുന്ന പ്രശ്നങ്ങളും രോഗികളുടെയും ജീവനക്കാരുടെയും പ്രയാസങ്ങളും സംബന്ധിച്ച് പൂർണബോദ്ധ്യമുള്ള സർക്കാരാണ് സംസ്ഥാനത്തുള്ളതെന്ന് സബ് മിഷൻ ഉന്നയിച്ച എം.വിജിൻ എം.എൽ.എ കേരളകൗമുദിയോട് പറഞ്ഞു.

നിലവിൽ നടക്കുന്ന നിർമ്മാണങ്ങൾ വേഗത്തിലാക്കുന്നതിനും പുതിയ ഉപകരണങ്ങൾ വാങ്ങി സ്ഥാപിക്കുന്നതിനും ജീവനക്കാരെ സർക്കാർ സർവ്വീസിലേയ്ക്ക് ഏറ്റെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കുമെന്ന് ആരോഗ്യമന്ത്രി എം.എൽ.എക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. പുതിയ പി.ജി കോഴ്സുകൾ ആരംഭിക്കുന്നതിനും ആവശ്യമായ തസ്തികകൾ സൃഷ്ടിക്കുന്നതിനും സർക്കാർ മുന്തിയ പരിഗണന നൽകുന്നുണ്ടെന്നും ആരോഗ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. ഡി.പി.സി തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സെലക്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ച് മെഡിക്കൽ കോളേജിലെ പ്രിൻസിപ്പാൾ തസ്തികയിൽ നിയമനം നടത്തുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.


സർക്കാർ നടപടികൾ ഇങ്ങനെ
റഗുലറൈസേഷൻ നടപടി പൂർത്തിയാകുന്നതോടെ മറ്റ് സർക്കാർ മെഡിക്കൽ കോളേജ് ജീവനക്കാർക്ക് തുല്യമായ ശമ്പളവും ആനുകൂല്യവും മുൻകാല പ്രാബല്യത്തോടെ നൽകും

നെഫ്രോളജി, ന്യൂറോളജി, ന്യൂറോ സർജറി, മെഡിക്കൽ ഗ്യാസ്‌ട്രോ എൻട്രോളജി, സർജിക്കൽ ഗ്യാസ്‌ട്രോ എൻട്രോളജി, നിയോനറ്റോളജി, പീഡിയാട്രിക് സർജറി, യൂറോളജി, പ്ലാസ്റ്റിക് സർജറി എന്നീ വിഭാഗങ്ങൾ ഉൾപ്പെടെയുള്ളവയ്ക്കായി 31 അദ്ധ്യാപകരെ നിയമിക്കും

 രോഗികളുടെ കൂട്ടിരിപ്പുകാർക്ക് താമസിക്കാൻ ആശ്വാസഭവന നിർമ്മാണ പ്രവൃത്തി തുടങ്ങി.

 കാരുണ്യ ഫാർമസിയിലെ പ്രത്യേക കൗണ്ടർ വഴി ക്യാൻസർ മരുന്നുകൾ നൽകുന്നു.

പുതിയ കാത്ത് ലാബ് സ്ഥാപിക്കുന്നതിന് 5 കോടി.

74.93 ലക്ഷം ചിലവിൽ സീവേജ് ട്രിറ്റ്‌മെന്റ് നവീകരണം അന്തിമഘട്ടത്തിൽ

സ്വച്ഛ ഭാരത് മിഷൻ ഗ്രാമീൺ ഫണ്ടിൽ 3 എം.എൽ.ഡി കപ്പാസിറ്റിയുളള സീവേജ് ഗ്രിറ്റ്‌മെന്റ് പ്ലാന്റും കോട്രിറ്റ്‌മെന്റ് പ്ളാന്റും

സമഗ്രവികസനത്തിന് കിഫ്ബി 124.95 കോടി
മെഡിക്കൽ കോളേജിന്റെ സമഗ്രവികസനത്തിന് സർക്കാർ കിഫ്ബി ധനസഹായത്തോടെ 124.95 കോടിയുടെ ഭരണാനുമതി നൽകിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ മെയിന്റനൻസ് വർക്ക് , ട്രോമ കെയർ നിർമ്മാണം എന്നിവ നടക്കുംവാപ്‌കോസിനെയാണ് നിർമ്മാണത്തിന് ചുമതലപ്പെടുത്തിയത്. മെയിന്റനൻസ് 82 ശതമാനം പൂർത്തീകരിച്ചു. ട്രോമകെയർ (ഫേസ്1) നിർമ്മാണത്തിനുള്ള ആർക്കിടെക്ചറൽ ഡ്രോയിംഗ് നിശ്ചയിച്ച് പുതുക്കിയ സാമ്പത്തിക അനുമതിയ്ക്കായി കിഫ്ബിയിൽ സമർപ്പിച്ചിരിക്കുകയാണ്. രാത്രി പോസ്റ്റ്‌മോർട്ടത്തിനായി ഫോറൻസിക് വിഭാഗം നവീകരണത്തിന് 98.11 ലക്ഷം രൂപയുടെ പ്രവൃത്തിയും പൂർത്തീകരിച്ചു.

പി.ജി സീറ്റ് വർദ്ധിപ്പിക്കും

നിലവിൽ മെഡിക്കൽ കോളേജിൽ 36 പി.ജി സീറ്റുകളാണുള്ളത്. രോഗീപരിചരണം മെച്ചപ്പെടുത്തുന്നതിനായി 8 വിഭാഗങ്ങളിൽ പി.ജി സീറ്റ് വർദ്ധിപ്പിക്കാൻ നടപടി ആരംഭിച്ചു. പതിനഞ്ച് പി.ജി സീറ്റുകളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി അഡ്മിഷൻ നടത്തും.

പിജി ഹോസ്റ്റൽ നിർമ്മാണത്തിനായി 28.16 കോടിയുടെ ഭരണാനുമതി നൽകി. നിർവ്വണത്തിനായി 2 കോടിടെ ഭരണാനുമതി അനുവദിച്ചിട്ടുണ്ട്. നടപ്പ് സാമ്പത്തിക വർഷത്തിൽ പി.ജി ഹോസ്റ്റൽ നിർമ്മാണത്തിനായി 5 കോടി വകയിരുത്തിയിട്ടുണ്ട്.


ജീവനക്കാരെ ഏറ്റെടുക്കൽ വേഗത്തിലാക്കും

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ നിയന്ത്രണത്തിലാക്കിയതിന് പിന്നാലെ പ്രിൻസിപ്പാൾ തസ്തിക ഉൾപ്പെടെ 11 അഡ്മിനിസ്‌ട്രേറ്റീവ് തസ്തികകൾ സൃഷ്ടിച്ചിട്ടുണ്ട്. മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി 100 അധിക തസ്തികകളും സൃഷ്ടിച്ചു. മറ്റ് വിവിധ വിഭാഗങ്ങളുടെ അക്കോമഡേഷൻ പൂർത്തിയാക്കാൻ 772 തസ്തികകളും സൃഷ്ടിച്ചിട്ടുണ്ട്. ആകെ 1551 തസ്തികകളാണ് ജീവനക്കാരുടെ ആഗിരണത്തിനായി സർക്കാർ സൃഷ്ടിച്ചിരിക്കുന്നത്.


അവസാനിച്ചു