
1988ലെ മോട്ടോർ വെഹിക്കിൾ ആക്ട് 199 എ പ്രകാരം കടുത്ത കുറ്റം
കണ്ണൂർ:വാഹനാപകട നിരക്ക് വർദ്ധിക്കുമ്പോഴും മോട്ടോർവാഹനവകുപ്പിന്റെ താക്കീത് വകവെയ്ക്കാതെ പ്രായപൂർത്തിയാകാത്തവർ വാഹനങ്ങളുമായി നിരത്തിൽ സജീവം.ഈ വർഷം ഇതുവരെ ജില്ലയിൽ മാത്രം നൂറിന് മുകളിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ദിവസവും അഞ്ചിന് മുകളിൽ കേസുകളെങ്കിലും ഗ്രാമപ്രദേശങ്ങളിൽ ഉൾപ്പെടെ രജിസ്റ്റർ ചെയ്യുന്നതായാണ് മോട്ടോർവാഹനവകുപ്പിൽ നിന്നും പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം.
രക്ഷിതാക്കൾ അറിയാതെ വാഹനവുമായി കുട്ടികൾ ഇറങ്ങുന്ന കേസുകളാണ് കൂട്ടത്തിൽ അധികവും.വാഹനങ്ങൾ വാടകയ്ക്കെടുത്ത് ഓടിക്കുന്ന സ്ഥിതിയുമുണ്ട്.കേസ് വരുമ്പോൾ മാത്രമാണ് വിഷയം രക്ഷിതാക്കളുടെ ശ്രദ്ധയിൽപെടുന്നത്. പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനം ഓടിക്കുകയോ നിയമലംഘനം നടത്തുകയോ ചെയ്ത് പിടിക്കപ്പെട്ടാൽ രക്ഷിതാക്കളും വാഹന ഉടമകളുമാണ് നിയമനടപടി നേരിടേണ്ടിവരുന്നത്.നിരവധി വാഹന ഉടമകളും രക്ഷിതാക്കളും ഈ വിധത്തിൽ ഫൈൻ അടച്ച് തടിയൂരുന്നുണ്ട്. ബൈക്കിനു പുറമെ കാറും പ്രായപർത്തിയാകാത്ത കുട്ടിഡ്രൈവർമാർ നിരത്തിലിറക്കുന്നുണ്ട്.
ട്രാഫിക് ക്യാമറകൾ ഇല്ലാത്ത ഇടങ്ങളിലാണ് ഇത്തരം പ്രവണതകൾ കണ്ടുവരുന്നുണ്ട്. ഇതുസംബന്ധിച്ച് ശിക്ഷാ നടപടികളെക്കുറിച്ച് മോട്ടോർ വാഹന വകുപ്പ് ശക്തമായ മുന്നറിയിപ്പ് നൽകുന്നുണ്ടെങ്കിലും പലരും മുഖവിലക്കെടുക്കുന്നില്ല. ഇവരുടെ ചീറിപ്പായൽ മറ്റ് വാഹയാത്രക്കാർക്ക് കൂടി ബുദ്ധിമുട്ടുകളുണ്ടാക്കുകയാണ്.ലൈസൻസില്ലാതെയും രണ്ടിലധികം പേരെ കയറ്റിയും ഇരുചക്രവാഹനങ്ങൾ ഓടിക്കുന്നവരെ പിടികൂടാൻ വിദ്യാലയ പരിസരങ്ങളിൽ ഉൾപ്പെടെ പരിശോധന കർശ്ശനമാക്കിയിട്ടുണ്ട്.
പരിശീലനം പൊതുനിരത്തുകളിൽ വേണ്ട
ഡ്രൈവിംഗ് പരിശീലനം പൊതുനിരത്തുകൾ ഒഴിവാക്കണമെന്ന് നിയമമുണ്ട്. മൈതാനങ്ങളിലോ സ്വകാര്യനിരത്തുകളിലോ റേസ്ട്രാക്കിലോ ആണ് ഡ്രൈവിംഗ് പരിശീലനം നേടേണ്ടത്. രക്ഷിതാക്കളെയും സുഹൃത്തുകളെയുമെല്ലാം പലയിടത്തും കൊണ്ടു വിടുന്നതിന് കാറിലും ബൈക്കിലുമായി നിരത്തിലേക്ക് കയറുന്നുണ്ട്.
കുട്ടികൾക്ക് വാഹനം ഓടിക്കാൻ നൽകിയാൽ
വാഹന ഉടമയ്ക്കെതിരെ കേസ്
25,000 രൂപ പിഴയും മൂന്ന് വർഷം വരെ തടവും
വാഹനത്തിന്റെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ഒരു വർഷത്തേക്ക് റദ്ദാക്കും
നിയമലംഘനം നടത്തിയ കുട്ടിക്ക് ഏഴുവർഷത്തേക്ക് ലൈസൻസിന് അപേക്ഷിക്കാനാകില്ല
ജുവനൈൽ ജസ്റ്റിസ് ആക്റ്റ് പ്രകാരമുള്ള മറ്റു നടപടികളും കുട്ടി നേരിടേണ്ടി വരും
പൊങ്ങച്ചം പൊട്ടിക്കാൻ പൊലീസ് "ട്രോൾ"
തങ്ങളുടെ കുട്ടികൾ ചെറുപ്പത്തിൽ തന്നെ വാഹനമോടിക്കുമെന്ന് മേനി പറയുന്ന രക്ഷിതാക്കൾ നേരിടേണ്ടിവരുന്ന ആപത്തിനെ ട്രോൾ രൂപത്തിൽ അവതരിപ്പിച്ചിട്ടുണ്ട് കേരള ട്രാഫിക് പൊലീസ് എന്ന ഫേസ് ബുക്ക് പേജ്. ട്രോളിന്റെ രൂപത്തിൽ കുറിക്ക് കൊള്ളുന്ന മുന്നറിയിപ്പാണ് ഇത്. കുട്ടികളെ കൊണ്ട് വാഹനമോടിക്കുന്നത് അഭിമാനമായി കരുതുന്ന പ്രവണത ഒരിക്കലും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതില്ലെന്നാണ് ഇതിലെ മുന്നറിയിപ്പ്.