
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ സീനിയർ സർജ്ജനെതിരെ കേസ് രജിസ്റ്റർ ചെയ്തത് ഹോസ്ദുർഗ് പൊലീസ്
കാസർകോട്: ജില്ലാ ആശുപത്രിയിൽ ഹെർണിയക്ക് ശസ്ത്രക്രിയ നടത്തുന്നതിനിടെ കുട്ടിയുടെ കാലിന്റെ പ്രധാന ഞരമ്പ് മുറിച്ചതായ പരാതിയിൽ ജില്ലാ ആശുപത്രിയിലെ സീനിയർ സർജൻ ഡോ.വിനോദ് കുമാറിനെതിരെ ഹൊസ്ദുർഗ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പുല്ലൂർ പെരളം തീയ്യതൊട്ടിയിൽ ഹൌസിൽ അശോകന്റെ മകൻ ആദിനാഥിന്റെ (10) പരാതിയിലാണ് ക്രൈം നമ്പർ 997 പ്രകാരം ഇന്നലെ വൈകുന്നേരം പൊലീസ് കേസെടുത്തത്. പരാതിയുമായി ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷനിൽ എത്തിയ അശോകനിൽ നിന്നും കുട്ടിയിൽ നിന്നും വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കേസെടുത്തത്.
കഴിഞ്ഞ 19ന് രാവിലെ എട്ടിനാണ് കേസിന് ആസ്പദമായ സംഭവം. സംഭവത്തിൽ ഡി.എം.ഒക്ക് നൽകിയ പരാതിയിൽ ജൂനിയർ അഡ്‌മിനിസ്ട്രേറ്റിവ് ഡോ.രഞ്ജിത്ത് രാമചന്ദ്രൻ, ഡോ.സുനിൽ ചന്ദ്രൻ എന്നിവർ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഓപ്പറേഷൻ തീയേറ്ററിൽ നിന്ന് പുറത്തുവന്ന ഡോക്ടർ കൈയ്യബദ്ധം പറ്റിയതായി കുട്ടിയുടെ രക്ഷിതാക്കളെ വിളിച്ച് അറിയിക്കുകയും കണ്ണൂർ മിംസ് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. കാലിന്റെ മുകൾ ഭാഗത്തുള്ള രക്തധമനി മുറിച്ചു മാറ്റിയതിനാൽ നടക്കാനോ ഇരിക്കാനോ കഴിയാത്ത സ്ഥിതിയിലാണ് കുട്ടിയുള്ളത്. ശസ്ത്രക്രിയ നടത്താൻ ഡോക്ടർമാർ 4500 രൂപ കൈക്കൂലി വാങ്ങിച്ചതായും രക്ഷിതാക്കൾ ആരോപിച്ചിരുന്നു.കഴിഞ്ഞ സെപ്റ്റംബർ 18ന് ആണ് ഹെർണിയക്ക് ഓപ്പറേഷൻ നടത്താൻ കുട്ടിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഡോക്ടറുടെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയ
15 യൂത്ത് ലീഗ് പ്രവർത്തകർക്കെതിരെയും കേസ്
ജില്ലാ ആശുപത്രിയിൽ കുട്ടിയുടെ കാലിന്റെ ഞരമ്പ് മുറിച്ചുമാറ്റിയ സംഭവത്തിൽ അന്വേഷണ സംഘത്തിനെതിരെ പ്രതിഷേധിച്ച 15 യൂത്ത് ലീഗ് പ്രവർത്തകർക്കെതിരെയും പൊലീസ് കേസെടുത്തു. ഡി.എം.ഒ ഓഫീസിലെ ജൂനിയർ അഡ്മിനിസ്ട്രേറ്റർ ഡോ.രഞ്ജിത്ത് രാമചന്ദ്രന്റെ പരാതിയിൽ ഇന്നലെ വൈകുന്നേരമാണ് ഹൊസ്ദുർഗ് പൊലീസ് കേസെടുത്തത്. അന്വേഷണത്തിന്റെ ഭാഗമായി ജില്ലാ ആശുപത്രിയിലെ കോൺഫ്രൻസ് ഹാളിൽ കുട്ടിയുടെ രക്ഷിതാക്കളിൽ നിന്നും മൊഴി എടുക്കുന്നതിനിടെ സമരക്കാർ മുദ്രാവാക്യം വിളികളുമായി തള്ളിക്കയറി ഔദ്യോഗിക കൃത്യനിർവ്വഹണം തടസപ്പെടുത്തി എന്നായിരുന്നു ഡോക്ടറുടെ പരാതി.