
കണ്ണൂർ: ജീവനൊടുക്കിയ എ.ഡി.എം നവീൻ ബാബു പെട്രോൾ പമ്പിന് അനുമതി നൽകാൻ തന്റെ പക്കൽനിന്ന് പണം വാങ്ങിയിരുന്നെന്ന് ശ്രീകണ്ഠാപുരം ചെങ്ങളായിയിലെ പമ്പുടമ ടി.വി.പ്രശാന്തൻ. ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടെങ്കിലും പലയിടത്തുനിന്നായി സംഘടിപ്പിച്ച 98,500 രൂപ കൊടുത്തു. പണം തന്നില്ലെങ്കിൽ പമ്പിന് അനുമതി ലഭിക്കാത്ത തരത്തിൽ ആക്കുമെന്ന് ഭീഷണിപ്പെടുത്തി.
പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ വച്ചാണ് പണം നൽകിയത്. ഇക്കാര്യം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയോട് പറഞ്ഞപ്പോൾ മുഖ്യമന്ത്രിക്ക് പരാതി നൽകാൻ നിർദ്ദേശിച്ചു. മുഖ്യമന്ത്രിക്ക് ഇ-മെയിലിലൂടെ കഴിഞ്ഞ പത്താം തീയതി പരാതി നൽകി. പമ്പിന് അനുമതി ലഭിക്കുന്നതുമായി ബന്ധപ്പെട്ട് ആറുമാസമായി കളക്ടറേറ്റിൽ കയറിയിറങ്ങുകയായിരുന്നു. ഒ.ബി.സി സംവരണത്തിലാണ് ബി.പി.സി.എൽ പമ്പ് ലഭിച്ചത്. രേഖകളെല്ലാം ക്ലിയർ ആയിരുന്നു.
ആഴ്ചയിൽ രണ്ടു ദിവസംവച്ച് എ.ഡി.എമ്മിനെ കാണാൻ പോകുമായിരുന്നു. ഫയൽ പഠിക്കട്ടെയെന്നായിരുന്നു മറുപടി. നാലുമാസം കഴിഞ്ഞപ്പോൾ, സാറിന് തരാൻ പറ്റില്ലെങ്കിൽ അതു പറഞ്ഞോളൂ, ബാക്കി വഴി ഞാൻ നോക്കിക്കോളാമെന്ന് പറഞ്ഞു. ഇക്കാര്യത്തിൽ എ.ഡി.എമ്മുമായി സംസാരിച്ച് തീരുമാനം ആക്കിത്തരണമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റിനോട് താൻ ആവശ്യപ്പെട്ടിരുന്നു.
ഒക്ടോബർ അഞ്ചിന് വൈകുന്നേരം എ.ഡി.എമ്മിനെ കാണാൻ പോയി. നമ്പർ ആവശ്യപ്പെട്ടപ്പോൾ കൊടുത്തു. ഞായറാഴ്ച രാവിലെ 11ന് തന്നെ വിളിച്ചു. ക്വാർട്ടേഴ്സിൽ എത്തിയപ്പോൾ ഒരു ലക്ഷം രൂപ ക്യാഷ് ആയി നൽകണമെന്ന് ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ ഒരുതരത്തിലും എൻ.ഒ.സി ലഭിക്കില്ലെന്ന് പറഞ്ഞു. കിട്ടാത്ത രീതിയിൽ ആക്കിയിട്ടേ ഇവിടെനിന്ന് പോകൂവെന്ന് ഭീഷണിപ്പെടുത്തി.
വിളിച്ചുസംസാരിച്ചതിന്റെ തെളിവുകൾ എന്റെ പക്കലുണ്ട്. പൈസ ചോദിക്കുന്നതിന്റെ തെളിവില്ല. അത് നേരിട്ട് ചോദിച്ചതാണ്. ക്വാർട്ടേഴ്സിൽ വരണം എന്നത് മാത്രമാണ് ശബ്ദരേഖയിൽ ഉള്ളത്. ചൊവ്വാഴ്ചയാണ് എൻ.ഒ.സി അനുവദിച്ച് ഫയൽ ഒപ്പിട്ട് തന്നത്.
എ.ഡി.എമ്മിൽ നിന്ന് മൊഴിയെടുത്തിട്ടില്ലെന്ന് വിജിലൻസ്
ചെങ്ങളായിയിലെ പെട്രോൾ പമ്പിന് എൻ.ഒ.സി നൽകുന്നതിനായി കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ എ.ഡി.എം നവീൻ ബാബുവിനെതിരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ അറിയിച്ചു. തിങ്കളാഴ്ച ഉച്ചയോടെ വിജിലൻസ് ഉദ്യോഗസ്ഥർ നവീൻ ബാബുവിനെ ഓഫീസിലെത്തി കണ്ടുവെന്ന തരത്തിൽ അഭ്യൂഹം പരന്നിരുന്നു. എന്നാൽ, ഇത് തെറ്റാണെന്നും അദ്ദേഹത്തെ കണ്ടിട്ടില്ലെന്നും വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു.
വൈകിട്ട് 4 മണിക്കായിരുന്നു യാത്രയയപ്പ് ചടങ്ങ്.അതിനു ശേഷം മടങ്ങിയ നവീൻ ബാബു വീട്ടിലെത്തുന്നതിനുമുമ്പ് വാഹനം നിറുത്താൻ ഡ്രൈവറോട് ആവശ്യപ്പെട്ട് ഇറങ്ങിയിരുന്നു. വൈകിട്ട് ധരിച്ചിരുന്ന അതേ വസ്ത്രത്തോടെയാണ് ക്വാർട്ടേഴ്സിലെ ഡൈനിംഗ് റൂമിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂർ തഹസിൽദാർ ഇൻ ചാർജ് സി.കെ ഷാജിയാണ് മൃതദേഹം ഇൻക്വസ്റ്റ് നടത്തിയത്.
പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു
എ.ഡി.എമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ അരുൺ കെ.വിജയൻ റവന്യു വകുപ്പ് മന്ത്രിക്ക് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. പെട്രോൾ പമ്പ് ഉടമയിൽ നിന്ന് രേഖാമൂലം പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് കളക്ടർ റിപ്പോർട്ടിൽ അറിയിച്ചു. കൂടുതൽ അന്വേഷണം നടത്തിയ ശേഷം വിശദമായ റിപ്പോർട്ട് കളക്ടർ മന്ത്രിക്ക് സമർപ്പിക്കും.