
ആത്മാഹൂതി ചെയ്ത ഉദ്യോഗസ്ഥൻ നവീൻ ബാബുവുമായി എനിക്ക് വ്യക്തി ബന്ധമുണ്ടായിരുന്നില്ല. എങ്കിലും ആ മരണം ഒരു ആഘാതമാണ് സൃഷ്ടിച്ചത്. ആ ഞെട്ടൽ ഇപ്പോഴും നിലനിൽക്കുന്നു. അനവസരത്തിലും അനുചിതവുമായാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഒരു വേദിയിൽച്ചെന്ന് ഒരാൾക്കെതിരെ വിമർശനമുന്നയിച്ചത്. വിമർശിക്കുകയല്ല, ആക്ഷേപിക്കുകയാണ് ചെയ്തത്. ആ മനുഷ്യന്റെ മാനസികാവസ്ഥ തകർത്തുകളഞ്ഞു. ഉദ്യോഗസ്ഥ-അധികാര കേന്ദ്രങ്ങൾ നേരിട്ട് ഇടപെട്ടോ നിയമപരമായോ പരിഹരിക്കേണ്ട കാര്യത്തിന്റെ പേരിലാണ് ഒരു വേദിയിൽ ഇടിച്ചുകയറിച്ചെന്ന് ഒരാളെ അപമാനിച്ചത്. തീർത്തും അവിവേകമാണത്.
കണ്ണൂരിൽ മുമ്പും സമാനമായ സംഭവമുണ്ടായിട്ടുണ്ട്. പ്രവാസി വ്യവസായി സംരംഭകനായ സാജന്റെ കൺവെൻഷൻ സെന്ററിന് അനുമതി നൽകാതെ മാനസികമായി പീഡിപ്പിച്ച് ആത്മഹത്യയിലേക്ക് തള്ളിയിട്ട സംഭവം. അധികാര കേന്ദ്രങ്ങൾക്ക് ഒന്നും പാഠമാകുന്നില്ല. ഒരാളുടെ അവസാനത്തെ തിരഞ്ഞെടുപ്പാണ് ആത്മാഹൂതി. വലിയ പ്രതിഷേധമാണത്. മാനവീകമായ ഇടപെടലുകൾ രാഷ്ട്രീയ ധാർഷ്ട്യത്തിന്റെ ഭാഗമായി നഷ്ടപ്പെടുന്നു. എല്ലായിടത്തും രാഷ്ട്രീയ ധാർഷ്ട്യം പ്രകടമാണ്.
പ്രയോഗിക്കാവുന്ന എല്ലായിടത്തും രാഷ്ട്രീയ ധാർഷ്ട്യം പ്രയോഗിക്കപ്പെടുന്നു. ഇതിന്റെ പേരിൽ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നു. എന്നിട്ട് ധീരരായി ഭാവിക്കുന്നു. അതിന്റെ ഇരയായ ആ മനുഷ്യനെ ഓർത്ത് മനസ്താപമുണ്ട്. കഴിഞ്ഞ ദിവസം കണ്ണൂരിൽ നവരാത്രി ആഘോഷമായ കണ്ണൂർ ദസറയിൽ ഞാൻ പങ്കെടുത്തിരുന്നു. ആഹ്ലാദകരമായ ഒരു ഒത്തുചേരലായിരുന്നു. അടുത്ത ദിവസമാണ് ഈ ദാരുണമായ സംഭവം. ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് എന്ന സങ്കല്പമാണ് നവരാത്രിയുടേത്. എന്നാൽ വെളിച്ചത്തെ തുടച്ചുമാറ്റി ഇരുട്ടിനെ കൊണ്ടു വരികയാണ് അധികാരങ്ങൾ ചെയ്യുന്നത്. എങ്ങും രാഷ്ട്രീയ അധികാരം സൃഷ്ടിക്കുന്ന കാലുഷ്യമാണ്.
(പ്രശസ്ത സാഹിത്യകാരനാണ് ലേഖകൻ)