
തൃക്കരിപ്പൂർ: കേരള ഗവൺമെന്റ് പാസാക്കിയ കേരള സഹകരണ നിയമ ഭേദഗതി, വരാനിരിക്കുന്ന ചട്ടഭേദഗതി എന്നിവയെ കുറിച്ച് സഹകരണ സ്ഥാപന ഭരണസമിതിയംഗങ്ങൾക്കും ജീവനക്കാർക്കുമായുള്ള മൂന്നു ദിവസത്തെ പരിശീലനം തൃക്കരിപ്പൂർ ഫാർമേഴ്സ് ബാങ്കിൽ ആരംഭിച്ചു. തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. ബാവ ഉദ്ഘാടനം ചെയ്തു. തൃക്കരിപ്പൂർ ഫാർമേഴ്സ് ബാങ്ക് പ്രസിഡന്റ് വി.വി വിജയൻ അദ്ധ്യക്ഷത വഹിച്ചു. നബാർഡിന്റെ സഹകരണത്തോടെ കണ്ണൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ് എന്ന സ്ഥാപനമാണ് പരിശീലനം നൽകുന്നത്. തൃക്കരിപ്പൂർ, ചെറുവത്തൂർ, പടന്ന, പിലിക്കോട് എന്നിവിടങ്ങളിലുള്ള സഹകരണ സ്ഥാപനങ്ങളുടെ 35 ഭരണസമിതിയംഗങ്ങളും ജീവനക്കാരുമാണ് പങ്കെടുക്കുന്നത്. ഐ.സി.എം. ഫാക്കൽട്ടി സി.വി. വിനോദ് കുമാർ സ്വാഗതവും തൃക്കരിപ്പൂർ ഫാർമേഴ്സ് ബാങ്ക് മാനേജിംഗ് ഡയറക്ടർ കെ. ശശി നന്ദിയും പറഞ്ഞു.