youth-congress

കണ്ണൂർ: ഇന്നലെ രാവിലെ ഏഴരയോടെയാണ് ജില്ലാഭരണകൂടത്തിലെ രണ്ടാമത്തെ ഉദ്യോഗസ്ഥനായ എ.ഡി.എം നവീൻ ബാബുവിന്റെ ആത്മഹത്യാ വിവരം പുറം ലോകമറിയുന്നത്.തലേ ദിവസം നടന്ന യാത്രയയപ്പ് യോഗത്തിൽ വിളിക്കാതെയെത്തിയ ജില്ലാ പ്രസിഡന്റ് പി.പി.ദിവ്യ നവീൻബാബുവിനെ ആക്ഷേപിച്ച വിവരം മാദ്ധ്യമങ്ങളിലൂടെ അറിഞ്ഞുവരുന്നതിനിടെയാണ് ഈ ഉന്നതോദ്യാഗസ്ഥൻ മനംനൊന്ത് ജീവനൊടുക്കിയ വിവരം പുറത്തുവന്നത്. ആദ്യമുണ്ടായ സങ്കടവും നടുക്കവും കടുത്ത പ്രതിഷേധത്തിലേക്ക് വഴിമാറുന്ന കാഴ്ചയാണ് പിന്നീട് കണ്ണൂർ ജില്ലാപഞ്ചായത്ത് ഓഫീസിനും കളക്ടറേറ്റ് വളപ്പിനും മുന്നിലും സമീപത്തെ പ്രധാന റോഡുകളിലും കണ്ടത്.

തിങ്കളാഴ്ച ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ പി.പി.ദിവ്യ മുന്നിലിരുത്തി ഉന്നയിച്ച അഴിമതി ആരോപണത്തിനിടയിൽ വിങ്ങിപ്പൊട്ടിയിരുന്ന നവീൻ ബാബുവിന്റെ മുഖം ഒരു നിമിഷം സംഭവമറിഞ്ഞവർക്ക് മുന്നിൽ മിന്നിമറഞ്ഞിരുന്നു. പ്രതിപക്ഷ സംഘടനാപ്രവർത്തകരും ബി.ജെ.പി പ്രവർത്തകരുമടക്കം വിഷയം ഏറ്റെടുത്തതോടെ കനത്ത പ്രതിഷേധങ്ങൾക്ക് വേദിയാകുകയായിരുന്നു ഇന്നലെ കണ്ണൂർ നഗരം .

നവീൻ ബാബു ആത്മഹത്യ ചെയ്ത പള്ളിക്കുന്നിലെ വീടിന്റെ മുന്നിൽ നിന്നും തുടങ്ങിയ ജില്ലാ പഞ്ചായത്ത്,​കളക്ടറേറ്റ് പരിസരത്തേക്ക് എത്തിയപ്പോൾ ആളിപ്പടരുകയായിരുന്നു.യൂത്ത്കോൺഗ്രസ്,യുവമോച്ച,യൂത്ത്ലീഗ് ,ബി.ജെ.പി ,കോൺഗ്രസ് വിവിധ സർവ്വീസ് സംഘടനാപ്രവർത്തകർ എന്നിവരുടെ സംഘങ്ങൾ ജില്ലാപഞ്ചായത്ത് ഓഫീസിനും കളക്ടറേറ്റിനും മുന്നിൽ പ്രതിഷേധം കനപ്പിക്കുകയായിരുന്നു.

രാവിലെ പതിനൊന്നോടെ യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്തിന് മുന്നിൽ കനത്ത പ്രതിഷേധമാണുണ്ടായത്.ഡ്രാക്കൂള ദിവ്യ,​കൊലയാളി ദിവ്യ തുടങ്ങിയ മുദ്രാവാക്യങ്ങളുമായാണ് പ്രവർത്തകർ പ്രകടനം നടത്തിയത്. യൂത്ത് കോൺഗ്രസ് പ്രവർത്തകർ ജില്ലാ പഞ്ചായത്ത് ഓഫീസിന് മുകളിൽ ദിവ്യയുടെ കോലം കെട്ടിത്തൂക്കി.ജില്ലാ പഞ്ചായത്തിനുള്ളിലേക്ക് ഇരച്ചു കയറാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് നീക്കി.യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദിനെ ടൗൺ പൊലീസ് സ്റ്റേഷന് മുന്നിൽ വച്ച് കരുതൽ തടങ്കലിലാക്കി.പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്യാൻ ശ്രമിച്ചതോടെ ജില്ലാപഞ്ചായത്ത് ഓഫീസ് പരിസരം സംഘർഷഭരിതമായി.

ഇതിനിടയിൽ കണ്ണൂർ മെഡിക്കൽ കോളേജിൽ നിന്നും പോസ്റ്റ് മോർട്ടം മാറ്റണമെന്ന ആവശ്യവും യൂത്ത് കോൺഗ്രസ്,കോൺഗ്രസ് നേതൃത്വം ഉന്നയിച്ചു. വി.പി.അബ്ദുൾ റഷീദ്, റിജിൽ മാക്കുറ്റി, വിജിൽ മോഹനൻ തുടങ്ങിയ പ്രതിപക്ഷ സംഘടനാനേതാക്കളായിരുന്നു പ്രതിഷേധത്തിന് നേതൃത്വം നൽകിയത്.

കരിങ്കൊടിയുമായി യുവമോർച്ച പ്രവർത്തകർ

യൂത്ത് കോൺഗ്രസ്,​ യൂത്ത് ലീഗ് പ്രവർത്തകരുടെ പ്രതിഷേധത്തിന് തൊട്ടുപിന്നാലെ കരിങ്കൊടിയേന്തി യുവമോർച്ച പ്രവർത്തകരും ജില്ലാ പഞ്ചായത്തിലേക്ക് ഇരച്ചെത്തി. പാടുപെട്ടാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു നീക്കിയത്.ജില്ലാ പഞ്ചായത്തിന് മുന്നിൽ പി.പി ദിവ്യയുടെ കോലം കത്തിച്ച ബി.ജെ.പി പ്രവത്തകർ ഓർത്തു 'കളിച്ചോ പി.പി.ദിവ്യേ,​വിടില്ല ഞങ്ങൾ ബി.ജെ.പി' എന്ന മുദ്രാവാക്യവുമുയർത്തി.

പ്രതിഷേധവുമായി ജീവനക്കാരും

ഇതിനിടയിൽ തന്നെ ജീവനക്കാരുടെ പ്രതിഷേധവും കളക്ടറേറ്റിന് മുന്നിലുണ്ടായി. പി.പി.ദിവ്യേ കൊലയാളി നിങ്ങൾക്കെതിരെ ഉയരുന്നൂ... എന്ന് മുദ്രാവാക്യവുമായാണ് ജീവനക്കാ കളക്ടറേറ്റിറ്റിനുള്ളിലേക്ക് കയറി പ്രതിഷേധിച്ചത്.മുദ്രാവാക്യങ്ങളുമായി കളക്ടറെ ഉപരോധിക്കാൻ ശ്രമിച്ച ജീവനക്കാരെ പൊലീസ് എത്തിയാണ് നീക്കിയത്.

എൻ.ജി.ഒ അസോസിയേഷന്റെ നേതൃത്വത്തിലും കളക്ടറുടെ ചേമ്പറിന് പുറത്തും കളക്ടറേറ്റിലും ജില്ലാ പഞ്ചായത്തിലേക്കും ജീവനക്കാരുടെ പ്രതിഷേധമാർച്ച് നടന്നു. പി.പി.ദിവ്യയെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് പ്രവർത്തകർ നഗരത്തിൽ പ്രതിഷേധമാർച്ചും നടത്തി.

അട്ടിമറിയാരോപിച്ചും പ്രതിഷേധം

നവീൻ ബാബുവിന്റെ ആത്മഹത്യ അട്ടിമറിക്കാൻ പൊലീസ് ഉദ്യോഗസ്ഥർ ഇടപെടുന്നുണ്ടെന്ന ആരോപണങ്ങളും ഇതിനിടയിൽ ഉയർന്നിരുന്നു. തെളിവുകൾ നശിപ്പിച്ചു കൊണ്ടാണ് മൃതദേഹം ഇവിടെ നിന്ന് കൊണ്ടുപോയതെന്ന് ആരോപിച്ച് നവീൻബാബുവിന്റെ പള്ളിക്കുന്നിലെ വീടിന് മുൻപിൽ റോഡ് യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ ഉപരോധിച്ചു.ആത്മഹത്യ ചെയ്ത മുറിയിലേക്ക് ജനപ്രതിനിധികൾ ഉൾപ്പടെയുള്ളവരെ കയറ്റിയില്ലെന്നും ആത്മഹത്യ കുറിപ്പ് ഉദ്യോഗസ്ഥർ നശിപ്പിച്ചെന്നും യൂത്ത്കോൺഗ്രസ് ഉൾപ്പെടെ ആരോപിച്ചു.ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ആംബുലൻസിൽ കയറ്റുന്നതിനിടയിൽ യു.ഡി.എഫ്, ബി.ജെ.പി, സർവ്വീസ് സംഘടനാ പ്രവർത്തകർ വാഹനം തടഞ്ഞ് വൻപ്രതിഷേധമുയർത്തി. ആംബുലൻസ് തടഞ്ഞ പ്രവർത്തകരെ നേതാക്കൾ ഇടപെട്ടാണ് മാറ്റിയത്. തുടർന്ന് പള്ളിക്കുന്ന് ഹയർ സെക്കൻഡറി സ്‌കൂളിന് സമീപം യു.ഡി.എഫ്, ബി.ജെ.പി പ്രവർത്തകർ ഇരുഭാഗങ്ങളിലായി റോഡ് ഉപരോധിച്ചു. പൊലീസ് പിന്നീട് ഇവരെ മാറ്റുകയായിരുന്നു.

ദേശീയ മനുഷ്യാവകാശകമ്മിഷന് പരാതി

ആത്മഹത്യയിൽ കാരണക്കാരായവർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺ​ഗ്രസ് ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി.