
കാസർകോട്: ട്രെയിനിൽ മംഗളൂരുവിലേക്ക് പോവുകയായിരുന്ന മെഡിക്കൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കാസർകോട് സ്വദേശിയായ യുവാവ് പിടിയിൽ. നാട്ടക്കല്ല് ബിസ്മില്ലാ ഹൗസിലെ ഇബ്രാഹിം ബാദുഷ (28) ആണ് കാസർകോട് റെയിൽവേ പൊലീസിന്റെ പിടിയിലായത്.
ചൊവ്വാഴ്ച പുലർച്ചെ മംഗളൂരുവിലേക്കുള്ള വെസ്റ്റ് കോസ്റ്റ് എക്സ്‌പ്രസ് ട്രെയിനിന്റെ ജനറൽ കോച്ചിലാണ് സംഭവം. അഞ്ചുമണിയോടെ നീലേശ്വരത്ത് ട്രെയിൻ എത്തിയപ്പോഴാണ് സഹയാത്രികനായ യുവാവ് വിദ്യാർത്ഥിനിയെ കടന്നുപിടിച്ച് ലൈംഗികാതിക്രമം കാട്ടിയത്. യുവാവിന്റെ കൈ തട്ടിമാറ്റി ബഹളം വച്ച വിദ്യാർഥിനി ഡ്യൂട്ടിയിലുണ്ടായിരുന്ന റെയിൽവേ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് എത്തിയപ്പോൾ യുവാവ് കാഞ്ഞങ്ങാട് വച്ച് കോച്ച് മാറിക്കയറി. തുടർന്ന് കാസർകോട് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ യുവാവിനെ എസ്.ഐ എം.വി പ്രകാശൻ, സി.പി.ഒമാരായ പ്രവീൺ പീറ്റർ, പ്രശാന്ത്, ആർ.പി.എഫ് എ.എസ്.ഐ അജിത്ത് എന്നിവർ ചേർന്ന് പിടികൂടി.
റെയിൽവേ പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോകുന്നതിനിടെ ഉദ്യോഗസ്ഥരെ തള്ളിമാറ്റി യുവാവ് രക്ഷപ്പെട്ടു. ഷർട്ട് ഊരി ഓടിയ യുവാവിനെ സിനിമാ സ്റ്റൈലിൽ പിന്തുടർന്ന് ഓട്ടോസ്റ്റാൻഡിൽ വച്ച് സാഹസീകമായി പൊലീസ് പിടികൂടി. യുവാവിനെ ഉച്ചയോടെ കാസർകോട് കോടതിയിൽ ഹാജരാക്കി.