churam
റോഡ് പുനർനിർമ്മാണം നടക്കുന്ന പേര്യ ചുരം റോഡിൽ തിങ്കളാഴ്ച രാത്രിയിൽ ഉണ്ടായ മണ്ണിടിച്ചിൽ

പേരാവൂർ: തലശ്ശേരി ബാവലി അന്തർ സംസ്ഥാന പാതയിൽ പേര്യ ചുരത്തിൽ നാലാം വളവിൽ വീണ്ടും മണ്ണിടിച്ചിൽ. തിങ്കളാഴ്ച രാത്രിയിലും മണ്ണിടിഞ്ഞ് നിർമ്മാണ സാമഗ്രികൾക്ക് മീതേ വീണ് കനത്ത നാശനഷ്ടം ഉണ്ടായി. പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാലും ഭൂമിശാസ്ത്രപരമായ പ്രത്യേകതയാൽ മണ്ണിടിയുന്നതിനാലും പുനർനിർമ്മാണം പ്രതിസന്ധിയിലാകുമോ എന്ന ആശങ്കയും ശക്തമാവുകയാണ്.

കഴിഞ്ഞ ജൂലായ് 30നാണ് പേര്യ ചുരം റോഡിൽ വിള്ളൽ ഉണ്ടായത്. തുടർന്ന് ചുരം വഴിയുള്ള ഗതാഗതം നിരോധിക്കുകയും യുദ്ധകാല അടിസ്ഥാനത്തിൽ റോഡ് പുനർ നിർമ്മാണം ആരംഭിക്കുകയുമായിരുന്നു. നിർമ്മാണ പ്രവർത്തനത്തിനിടെ പലതവണ മണ്ണിടിച്ചൽ ഉണ്ടായത് നിർമ്മാണത്തിന് തടസ്സമായിരുന്നു. വലിയ പാറക്കല്ല് ഇടിഞ്ഞു വീണതിനെ തുടർന്ന് നിർമ്മാണത്തിനായി സ്ഥാപിച്ചിരുന്ന കമ്പികെട്ട് തലയിൽ വീണുണ്ടായ അപകടത്തിൽ തൊഴിലാളി മരണപ്പെടുകയും ചെയ്തിരുന്നു.
അപകടത്തിന് ശേഷവും നിർമ്മാണത്തിനിടെ മണ്ണിടിയുന്നതിനാൽ പുനർ നിർമ്മാണം കഴിയാൻ മാസങ്ങൾ വേണ്ടിവരുമെന്നുറപ്പാണ്. റോഡിൽ വിള്ളൽ കാണപ്പെട്ട ഭാഗങ്ങളിൽ 10 മീറ്ററോളം താഴ്ചയിൽ മണ്ണുനീക്കി കോൺക്രീറ്റ് ഭിത്തി നിർമ്മിച്ച് മണ്ണിട്ട് നികത്തിയാണ് റോഡ് പുനർനിർമ്മിക്കേണ്ടത്. ഇതിന് ശേഷം ചുരം റോഡിന്റെ ബാക്കി സ്ഥലത്തെയും ഉറപ്പ് പരിശോധിച്ച ശേഷമേ ഇതുവഴിയുള്ള ഗതാഗതം പൂർവ സ്ഥിതിയിലാവുകയുള്ളു.

തുടർച്ചയായി മണ്ണിടിച്ചിലുണ്ടാകുന്നത് പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ ഘടനയിൽ വന്ന മാറ്റമാണെന്നും അഭിപ്രായമുയരുന്നുണ്ട്. സോയിൽ പൈപ്പിംഗ് പോലുള്ള പ്രതിഭാസം ഉൾപ്പെടെ പ്രദേശത്ത് സംഭവിച്ചിട്ടുണ്ടോ എന്നറിയണമെങ്കിൽ വിശദമായ പരിശോധന വേണമെന്ന അഭിപ്രായവും ഉണ്ട്.

ഏറെ പ്രാധാന്യമുള്ള റോഡ് എന്ന പരിഗണനയിൽ ത്വരിതഗതിയിൽ പുനർനിർമാണം തുടങ്ങുകയായിരുന്നു

തുടർച്ചയായി മണ്ണിടിയുന്നത് വൻ പ്രതിസന്ധിയാവുകയാണ്. റോഡ് പണി നടക്കുന്നതിനാൽ ഗതാഗതം പൂർണമായും നിലച്ചു

മാനന്തവാടിയിലേക്കും തലശ്ശേരി ഭാഗത്തേക്കും സഞ്ചരിക്കേണ്ട പ്രദേശവാസികളാണ് ഇപ്പോൾ ദുരിതത്തിലായത്. റോഡ് പണിക്ക് കാലാവസ്ഥയും ചുറ്റുപാടുകളും തടസം

പാൽച്ചുരം വഴിയിലും കുരുക്ക്

നിടുംപൊയിൽ മാനന്തവാടി റോഡ് വഴിയുള്ള വാഹനഗതാഗതം നിരോധിച്ചതോടെ വലിയ വാഹനങ്ങൾ ഉൾപ്പെടെ കൊട്ടിയൂർ പാൽച്ചുരം വഴിയാണ് നിലവിൽ മാനന്തവാടിയിലേക്കും മറ്റും സർവീസ് നടത്തുന്നത്. ചെറുതും വലുതുമായി ആയിരക്കണക്കിന് വാഹനങ്ങളാണ് നിത്യേന ഇതുവഴി കടന്നു പോകുന്നത്. വീതി കുറഞ്ഞതും അപകട സാദ്ധ്യത നിലനിൽക്കുന്നതുമായ പാൽച്ചുരം പാതയിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങളുടെ ബാഹുല്യം കാരണം പലപ്പോഴും ഗതാഗതകുരുക്കും യാത്രാക്ലേശവും അനുഭവപ്പെടാറുള്ളതിനാൽ ഇതുവഴിയുള്ള യാത്രയും കഠിനമാണെന്ന് പ്രദേശവാസികളും വാഹനയാത്രക്കാരും പറയുന്നു.