പരിയാരം: ആഘോഷങ്ങളില്ലാതെ സ്ഥാപകദിനാഘോഷം. ഒക്ടോബർ16 കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് സ്ഥാപകദിനമായി ആചരിക്കുമെന്ന ഉത്തരവ് പാഴ്വാക്കായി. മെഡിക്കൽ കോളേജ് അലുംനി അസോസിയേഷൻ 2023 ഡിസംബർ 19 ന് പ്രിൻസിപ്പാളിന് നൽകിയ നിവേദനത്തെ തുടർന്നാണ് 2024 ജനുവരി 12 ന് ചേർന്ന കോളേജ് മാനേജ്‌മെന്റ് കമ്മിറ്റി യോഗം ഇതിന് അനുമതി നൽകിയത്.

എല്ലാ വർഷവും ഒക്ടോബർ16 മെഡിക്കൽ കോളേജ് സ്ഥാപകദിനമായി ആചരിക്കാനായിരുന്നു തീരുമാനം. പരിയാരം മെഡിക്കൽ കോളേജിലെ ആദ്യ ബാച്ച് എം.ബി.ബി.എസ് വിദ്യാർത്ഥികൾ പ്രവേശനം നേടിയത് 1994 ഒക്ടോബർ 16 ആയതിനാലാണ് ഈ ദിവസം സ്ഥാപകദിനമായി ആചരിക്കാൻ തീരുമാനിച്ചത്. എന്നാൽ ഇന്നലേക്ക് 30 വർഷം പൂർത്തിയാക്കുന്ന വേളയിൽ ഇത്തരമൊരു ദിനാചരണം നടത്താൻ കോളേജ് അധികൃതരോ അലുംനി അസോസിയേഷനോ കോളേജ് യൂണിയനോ ഒരു നടപടിയും സ്വീകരിക്കാതിരുന്നത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.