
കണ്ണൂർ:എ.ഡി.എം നവീൻബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യക്കെതിരെ കണ്ണൂരിൽ രണ്ടാം ദിവസവും കടുത്ത പ്രതിഷേധം. കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെക്കണമെന്നുമുള്ള ആവശ്യങ്ങളുന്നയിച്ച് പ്രതിപക്ഷ യുവജനസംഘടനകളും ബി.ജെ.പിയും സർവീസ് സംഘടനകളും രണ്ടാംദിവസവും പ്രതിഷേധം കടുപ്പിച്ചു. പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ ദിവ്യയുടെ ഇരിണാവിലെ വീടിനും ജില്ലാ പഞ്ചായത്ത് ആസ്ഥാനത്തും കനത്ത പൊലീസ് സുരക്ഷയൊരുക്കിയിട്ടുണ്ട്.
ദിവ്യയുടെ വീടിനു മുന്നിൽ ഇന്നലെ രാവിലെ മുതൽ പ്രതിഷേധം ആരംഭിച്ചിരുന്നു. ബി.ജെ.പി പ്രവർത്തകർ രാവിലെ പത്തരയോടെ ദിവ്യയുടെ ഇരിണാവിലെ വീട്ടിലേക്ക് നടത്തിയ മാർച്ചിൽ വലിയ സംഘർഷമുണ്ടായി. ബാരിക്കേഡ് തള്ളിമാറ്റി മറികടക്കാൻ ശ്രമിച്ച പ്രവർത്തരും പൊലീസും തമ്മിൽ ഏറെനേരം ഉന്തും തള്ളുമുണ്ടായി. ബി.ജെ.പി ദേശീയ ഉപാദ്ധ്യക്ഷൻ എ.പി.അബ്ദുള്ളക്കുട്ടിയാണ് മാർച്ച് ഉദ്ഘാടനം ചെയ്തത്.
യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രവർത്തകരുടെ വൻനിര തന്നെ ദിവ്യയുടെ ഇരിണാവിലെ വീട്ടിലേക്ക് മാർച്ച് നടത്തി. വീടിന് മുന്നിലെ റോഡിലിരുന്ന് മുദ്രാവാക്യമുയർത്തിയായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലിസ് ശ്രമിച്ചപ്പോൾ ഉന്തും തള്ളും വാക്കേറ്റവുമുണ്ടായി. ഒടുവിൽ വനിതാ പ്രവർത്തകരുൾപ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ.ഷിബിന ഉദ്ഘാടനം ചെയ്തതിന് ശേഷം ബാരിക്കേഡുകൾ മറികടക്കാൻ പ്രവർത്തകർ ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു.
ദിവ്യയുടെ രാജി ആവശ്യപ്പെട്ട് പ്രവർത്തകർ പിലാത്തറ പാപ്പിനിശ്ശേരി കെ.എസ് .ടി .പി റോഡ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഉപരോധിച്ചു.റോഡിൽ വലിയ ഗതാഗത തടസ്സം ഇതുമൂലമുണ്ടായി.
മുസ്ലിം ലീഗിന്റെ ആഭിമുഖ്യത്തിൽ കണ്ണൂർ കളക്ടറേറ്റിനു മുന്നിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. ദിവ്യയുടെ മരണത്തിനുത്തരവാദികളായവർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ഭരണാനുകൂല സംഘടനയായ കേരള എൻ.ജി.ഒ യൂണിയൻ നഗരത്തിൽ പ്രകടനം നടത്തി.കണ്ണൂർ കളക്ടറേറ്റിനു മുന്നിൽ കഴിഞ്ഞദിവസം വൈകീട്ടോടെ ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ് ആരംഭിച്ച സത്യഗ്രഹസമരവും തുടരുകയാണ്.
പ്രതിരോധം തീർത്ത് സി.പി.എം പ്രവർത്തകർ
ദിവ്യയുടെ ഇരിണാവിലുള്ള വീടിന് ചുറ്റും പ്രതിരോധം തീർക്കാൻ സി.പി.എം പ്രവർത്തകരും എത്തി. ദിവ്യയുടെ അസുഖബാധിതരായ രക്ഷിതാക്കൾക്ക് ബുദ്ധിമുട്ടാകാതിരിക്കുന്നതിനും വേണ്ടിയുള്ള മുൻകരുതലായിരുന്നു ഇതെന്ന് വീടിന് ചുറ്റു പ്രതിരോധം തീർത്ത സി.പി.എം പ്രവർത്തകർ വിശദീകരിച്ചു.
ജോലി ബഷ്‌കരിച്ച് റവന്യു ജീവനക്കാർ
എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിനുത്തരവാദികളായവർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് റവന്യു വകുപ്പ് ജീവനക്കാർ സർവീസ് സംഘടനാ ഭേദമില്ലാതെ ജോലി ബഹിഷ്‌കരിച്ച് പ്രതിഷേധിച്ചു. ജീവനക്കാർ എത്താത്തതിനെ തുടർന്ന് വില്ലേജ് ഓഫീസുകൾ ഉൾപ്പടെയുള്ളവയുടെ പ്രവർത്തനം സ്തംഭിച്ചു. ജോലി ബഹിഷ്‌കരിച്ച ജീവനക്കാർ കണ്ണൂർ കളക്ടറേറ്റിനു മുന്നിൽ പ്രതിഷേധ കൂട്ടായ്മയും നടത്തി.