divya-pp

കണ്ണൂർ: പരസ്യ അധിക്ഷേപത്തിൽ മനം നൊന്ത് കണ്ണൂർ എ.ഡി.എം നവീൻബാബു ജീവനൊടുക്കിയ സംഭവത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ രാജി വച്ചൊഴിയണമെന്ന പരക്കെയുയരുന്ന ആവശ്യം സി.പി.എം പരിഗണനയിൽ. പാർട്ടിക്കകത്തും രാജി ആവശ്യം ശക്തമായ സാഹചര്യത്തിലാണിത്. പാർട്ടി കേന്ദ്രകമ്മിറ്റിയംഗം പി.കെ.ശ്രീമതി അടക്കം വനിതാ നേതാക്കളും ദിവ്യയെ തള്ളിയിട്ടുണ്ട്.

അധികാരം വ്യക്തിപരമായ പ്രശ്നം തീർക്കാൻ ഉപയോഗിച്ചെന്നാണ് സി.പി.എം. ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തൽ. ദിവ്യയുടെ പാർട്ടി ജില്ലാ കമ്മിറ്റി അംഗത്വത്തിന്റെ കാര്യത്തിലും തീരുമാനം വേണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. സി.പി.എം പത്തനംതിട്ട ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തിന് മുന്നിൽ ദിവ്യയ്‌ക്കെതിരായ നടപടിക്കായി ശക്തമായ നിലപാടെടുത്തിട്ടുണ്ട്. പാർട്ടി കുടുംബാംഗമായ നവീൻ ബാബുവിനെ പരസ്യമായി അവഹേളിക്കുകയും തേജോവധം നടത്തുകയും ചെയ്ത ദിവ്യക്കെതിരെ നടപടി നിർബന്ധമാണെന്നാണ് ആവശ്യം.

ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കണമെന്ന ആവശ്യവും പല കോണുകളിൽ നിന്ന് ശക്തമായി ഉന്നയിക്കപ്പെടുന്നുണ്ട്. കേസെടുക്കേണ്ടിവന്നാൽ ദിവ്യക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നഷ്ടമാകും. ഇക്കാര്യമുൾപ്പെടെ പാർട്ടി ഉടൻ ചർച്ച ചെയ്യും. പൊതുപ്രവർത്തകയെന്ന നിലയിൽ വലിയ പാളിച്ചയുണ്ടായെന്ന വിലയിരുത്തലിൽ രാജി ചോദിച്ചു വാങ്ങുന്നത് അടക്കമുള്ള നടപടികളിലേക്ക് പാർട്ടി കടന്നേക്കുമെന്നാണ് വിവരം.

ദിവ്യയ്ക്ക് പകരം ജില്ലാപഞ്ചായത്ത് അദ്ധ്യക്ഷ സ്ഥാനത്തേക്ക് ആരു വേണമെന്ന ചർച്ചകൾക്കും തുടക്കമായിട്ടുണ്ട്.രാഷ്ട്രീയ സാഹചര്യങ്ങൾ ദിവ്യയ്ക്ക് പൂർണമായും എതിരായത് തിരിച്ചറിഞ്ഞാണ് പുനരാലോചന. ദിവ്യയ്‌ക്കെതിരേ പൊലീസ് കേസെടുക്കാനും സാദ്ധ്യതയുണ്ട്.


ഉപതിരഞ്ഞെടുപ്പ്

നിർണായകം

സംസ്ഥാന സർക്കാരിനും പാർട്ടിക്കും വരുന്ന ഉപതിരഞ്ഞെടുപ്പുകൾ നിർണായകമാണ്. അതിനാൽ ദിവ്യക്കെതിരെയുള്ള ആരോപണം നിസ്സാരമായി കാണാൻ പാർട്ടിക്കാകില്ല. മുന്നണിയിലും അഭിപ്രായ ഐക്യം ഉണ്ടാക്കേണ്ടതുണ്ട്. ഈ വിഷയത്തിൽ സി.പി.ഐയുടെ നിലപാടും സർക്കാരിനെ സമ്മർദ്ദത്തിലാക്കുന്നുണ്ട്. നവീൻബാബുവിന് അനുകൂലമായ നിലപാടാണ് റവന്യൂ മന്ത്രിയും സി.പി.ഐയും സ്വീകരിച്ചത്.പ്രതിപക്ഷ സംഘടനകൾ നടത്തുന്ന രാഷ്ട്രീയ സമരങ്ങളുടെ മുനയൊടിക്കാൻ ദിവ്യക്കെതിരായ പാർട്ടി നടപടി ആവശ്യമാണെന്നും സി.പി.എം. വിലയിരുത്തുന്നു.ചെങ്ങളായിയിൽ പെട്രോൾ പമ്പിന് എൻ.ഒ.സി ക്കായി അപേക്ഷിച്ച പരിയാരത്തെ മെഡിക്കൽ കോളേജ് ജീവനക്കാരൻ കെ.വി.പ്രശാന്തൻ ദിവ്യയുടെ ഭർത്താവിന്റെ അടുത്ത സുഹൃത്താണെന്നതും ചർച്ചയായിട്ടുണ്ട്.