photo-
പുതിയങ്ങാടി ചൂട്ടാട് അഴിമുഖത്ത് കടലിൽ ഉണ്ടായ അപകടത്തെ തുടർന്ന് തകർന്ന വള്ളം

പഴയങ്ങാടി: പുതിയങ്ങാടി ചൂട്ടാട് അഴിമുഖത്ത് മത്സ്യ ബന്ധനത്തിന് പോകവെ ഫൈബർ വള്ളം മറിഞ്ഞ് 12 പേർ അപകടത്തിൽപ്പെട്ടു. മൂന്ന് പേർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ 6 മണിയോടെയാണ് സംഭവം. കടലിൽ കള്ളക്കടൽ പ്രതിഭാസം രൂപപ്പെട്ടിരുന്നു.

ഒഡീഷ സ്വദേശീയായ കാളു ബഹ്റ (42), ജഗൻനാഥ് (32), അസം സ്വദേശി ഇബ്രാഹിം ( 30) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പുതിയങ്ങാടി മൊട്ടാമ്പ്രത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടലിൽ അകപ്പെട്ട ബാക്കിയുള്ളവർ നീന്തി രക്ഷപെട്ടു. കടലിൽ മത്സ്യ മത്സ്യബന്ധനത്തിനായി പോകുവാൻ നിർത്തിയിട്ട ലൈലന്റ് വള്ളത്തിലേക്കായി ചെറുവള്ളത്തിൽ പോകവെയാണ് ശക്തമായ ഒഴുക്കിലും തീരമാലകളിലും പെട്ട് വള്ളം മറിഞ്ഞത്. ഫൈബർ വള്ളം തകരുകയും എഞ്ചിൻ അടക്കമുള്ളവ നഷ്ടപെടുകയും ചെയ്തു. അമ്പതിനായിരം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.

കടലിൽ അകപെട്ട തൊഴിലാളികളിൽ ഒരാൾ പാലക്കോട് വലിയ കടപുറത്തേക്ക് നീന്തി കയറിയപ്പോൾ മറ്റുള്ളവർ പുതിയങ്ങാടി ചൂട്ടാട് കടപ്പുറത്തേക്ക് നീന്തി കയറി രക്ഷപെടുകയാണുണ്ടായത്.

കഴിഞ്ഞ മൂന്ന് ദിവസങ്ങൾക്ക് മുമ്പാണ് ചൂട്ടാട് അഴിമുഖത്ത് സമാനമായ അപകടമുണ്ടായതും രണ്ട് മത്സ്യ തൊഴിലാളികളെ സ്ഥലത്തെ ലൈഫ് ഗാർഡ് അതിസാഹസികമായി രക്ഷപ്പെടുത്തിയതും. അതിന് പിന്നാലെയാണ് അപകടമുണ്ടായത്. മത്സ്യ തൊഴിലാളികളിലും നാട്ടുകാർക്കിടയിലും തുടർച്ചയായി ഉണ്ടാകുന്ന അപകടം ഭീതി പടർത്തിയിട്ടുണ്ട്. ഈ സീസണിൽ തന്നെ ചൂട്ടാട് അഴിമുഖത്ത് എട്ടോളം അപകടങ്ങൾ നടക്കുകയും മൂന്ന് മത്സ്യ തൊഴിലാളികൾ മരണപ്പെടുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

15 വീടുകളിൽ വെള്ളംകയറി

ഇന്നലെ രാവിലെ 6 മണിക്ക് ആരംഭിച്ച കള്ളക്കടൽ പ്രതിഭാസം ഉച്ചവരെ നീണ്ടുനിന്നു. ഉച്ചയ്ക്കുശേഷം അല്പം ശമനം വന്നിട്ടുണ്ടെങ്കിലും കടൽ പ്രക്ഷുബ്ധമായിരുന്നു. പയനി ലക്ഷ്മി, റീസ പത്രോസ്, സുജാത എന്നിവരുടെ അടക്കം 15 ഓളം വീടുകളിൽ കടൽ വെള്ളം കയറി. പഴയങ്ങാടി പൊലീസും സന്നദ്ധ സംഘടനയായ വൈറ്റ് ഗാർഡും നാട്ടുകാരും ചേർന്ന് കടൽവെള്ളം അടുത്തുള്ള പുഴയിലേക്ക് ഒഴുക്കി വിട്ടു. കടലാക്രമണം രൂക്ഷമായതിനെ തുടർന്ന് ഇവിടെയുള്ള താമസക്കാർ ഭീതിയിലാണ്. ഇവരെ മാറ്റിപ്പാർപ്പിക്കാൻ അധികൃതർ ശ്രമം നടത്തിയെങ്കിലും ആരും തന്നെ മാറി താമസിക്കാൻ തയ്യാറായില്ല. എം.വിജിൻ എം.എൽ.എ, മാടായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഹീദ് കായിക്കാരൻ, വില്ലേജ് ഓഫീസർ. മാടായി പഞ്ചായത്ത് സെക്രട്ടറി, വാർഡ് മെമ്പർ കെ.എം.സമദ് എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.