
കണ്ണൂർ: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യക്കെതിരെ ഗുരുതര ആരോപണവുമായി പ്രതിപക്ഷ സംഘടനകൾ. പരാതിക്കാരനായ പെട്രോൾ പമ്പുടമ ടി.വി.പ്രശാന്തൻ ദിവ്യയുടെ ഭർത്താവ് വി.പി. അജിത്തിന്റെ ബിനാമിയാണെന്ന് കോൺഗ്രസും ബി.ജെ.പിയും ആരോപിക്കുന്നു. ഇതുകാരണമാണ് ദിവ്യ വിഷയത്തിൽ ഇടപെട്ടതെന്നാണ് ആരോപണം.
സി.പി.എം നേതാക്കൾക്കും പെട്രോൾ പമ്പിൽ പങ്കാളിത്തമുണ്ടെന്ന ആരോപണവും ഇതിനിടെ ഉയർന്നു. ഇക്കാര്യത്തിലടക്കം സമഗ്ര അന്വേഷണം വേണമെന്ന് കണ്ണൂർ ഡി.സി.സി അദ്ധ്യക്ഷൻ മാർട്ടിൻ ജോർജ് ആവശ്യപ്പെട്ടു. കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിലെ ഇലക്ട്രീഷ്യനായ പ്രശാന്തൻ ദിവ്യയുടെ ഭർത്താവിന്റെ അടുത്ത സുഹൃത്തും സർവീസ് സംഘടനയിൽ സഹപ്രവർത്തകനുമാണ്.
എ.കെ.ജി സെന്റർ ഓഫീസ് സെക്രട്ടറി ബിജു കണ്ടകൈയുടെ പിതൃസഹോദര പുത്രനുമാണ് പ്രശാന്തൻ. സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റംഗം പി.വി.ഗോപിനാഥിന്റെ അമ്മാവന്റെ മകനുമാണ്. പ്രശാന്തൻ പരിയാരം മെഡിക്കൽ കോളേജിലെ കരാർ തൊഴിലാളിയായിരുന്നു. മെഡിക്കൽ കോളേജ് സർക്കാർ ഏറ്റെടുത്തതോടെ അടുത്തിടെ അവിടെ ജീവനക്കാരനായി. ശ്രീകണ്ഠാപുരം ചെങ്ങളായിയിൽ പള്ളി വക സ്ഥലം 20 വർഷത്തേക്ക് പാട്ടത്തിനെടുത്താണ് പ്രശാന്തൻ പെട്രോൾ പമ്പ് തുടങ്ങാനായി അനുമതി തേടിയത്.