
ഡി.സി.സി പ്രസിഡന്റിന്റെ സത്യാഗ്രഹസമരം സമാപിച്ചു
കണ്ണൂർ: ഒട്ടേറെ ദുരൂഹതകളും സംശയങ്ങളുമുള്ളതിനാൽ എ.ഡി.എം നവീൻ ബാബുവിനെതിരെ ഉയർന്ന അഴിമതി ആരോപണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഡി.സി സി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ്. എ.ഡി.എമ്മിനു കൈക്കൂലി നൽകിയതായി പരാതി നൽകിയിട്ടുള്ള ടി.വി പ്രശാന്തനെതിരെ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സർക്കാർ ജീവനക്കാരൻ ഇത്തരത്തിൽ വ്യാപാര സ്ഥാപനം തുടങ്ങുന്നത് ചട്ടലംഘനമാണ്. കൈക്കൂലി നൽകിയിട്ടുണ്ടെങ്കിൽ അതും കുറ്റകരമാണ്. എ.ഡി.എമ്മിന് കൈക്കൂലി നൽകിയതിന്റെ തെളിവുകൾ പുറത്തുവിടാത്തതിലും ദുരൂഹതയുണ്ട്.കൃത്യമായ ഗൂഢാലോചന എ.ഡി.എം നവീൻബാബുവിനെതിരേ നടന്നിട്ടുണ്ടെന്ന് വ്യക്തമാണെന്നും മാർട്ടിൻ ജോർജ് ചൂണ്ടിക്കാട്ടി.
നവീൻ ബാബുവിന്റെ ആത്മഹത്യയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്കെതിരെ കേസെടുക്കണമെന്നും ജില്ലാ പഞ്ചായത്ത് അധ്യക്ഷ പദവി ദിവ്യ രാജിവെക്കണമെന്നും ആവശ്യപ്പെട്ട് ഡി.സി സി പ്രസിഡന്റിന്റെ നേതൃത്വത്തിൽ നടത്തിയ രാപ്പകൽ സത്യാഗ്രഹ സമരം ഇന്നലെ വൈകന്നേരം സമാപിച്ചു.കെ.പി.സി സി ജനറൽ സെക്രട്ടറി അഡ്വ.പി.എം.നിയാസ് ഉദ്ഘാടനം സമാപനസമ്മേളനം ചെയ്തു .നേതാക്കളായ പ്രൊഫ.എ.ഡി.മുസ്തഫ,സജീവ് മാറോളി ,അഡ്വ.ടി.ഒ.മോഹനൻ ,അബ്ദുൽ കരീം ചേലേരി , സി എ.അജീർ ,കെ.ടി.സഹദുള്ള ,സുനിൽ കുമാർ ,കെ.സി മുഹമ്മദ് ഫൈസൽ ,മുഹമ്മദ് ബ്ലാത്തൂർ ,ലിസി ജോസഫ് , റിജിൽ മാക്കുറ്റി ,അമൃത രാമകൃഷ്ണൻ ,കെ.സി ഗണേഷൻ ,സുധീപ് ജെയിംസ് ,എം.പി.ഉണ്ണികൃഷ്ണൻ ,വിജിൽ മോഹനൻ ,എം.സി.അതുൽ ,ശ്രീജ മഠത്തിൽ ,രജിത്ത് നാറാത്ത് ,കെ.പി.സാജു ,റഷീദ് കവ്വായി ,രാഹുൽ കായക്കൽ തുടങ്ങിയവർ പങ്കെടുത്തു
മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിയെന്ന് മാർട്ടിൻ ജോർജ്
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരമാണ് എ.ഡി.എമ്മിന്റെ യാത്രയയപ്പു യോഗത്തിന് എത്തിയതെന്നും മാർട്ടിൻ ജോർജ് ആരോപിച്ചു. അധിക്ഷേപ പ്രസംഗം നടത്തി അത് കൃത്യമായി വീഡിയോയിൽ പകർത്തി സംപ്രേഷണം ചെയ്തു. പി.പി.ദിവ്യയടേയും പരാതിക്കാരനായ പ്രശാന്തന്റേയും ഫോൺകോളുകൾ പരിശോധിക്കണം.പരിയാരം മെഡിക്കൽ കോളേജിൽ ഇലക്ട്രീഷനായി ജോലി ചെയ്യുന്ന പ്രശാന്തൻ പെട്രോൾ പമ്പ് അനുമതിക്ക് അപേക്ഷ നൽകിയത് സർവീസ് ചട്ട ലംഘനമാണ്. കൈക്കൂലി വാങ്ങുന്നതു മാത്രമല്ല കൈക്കൂലി നൽകുന്നതും കുറ്റകരമാണെന്നിരിക്കെ സർക്കാർ ഉദ്യോഗസ്ഥൻ കൂടിയായ പ്രശാന്തനെതിരേയും കേസെടുത്തു അന്വേഷണം നടത്തണമെന്നും ഡി.സി.സി പ്രസിഡന്റ് ആവശ്യപ്പെട്ടു.