pump

അനുമതിക്ക് പിന്നിൽ പിടിപാടുള്ള ലോബികൾ

കണ്ണൂർ: കണ്ണൂർ എ.ഡി.എം.നവീൻ ബാബുവിന്റെ മരണം ചർച്ചയാക്കുന്നതൊപ്പം പെട്രോൾ പമ്പ് അനുവദിക്കുന്നതിലെ അഴിമതിയും ചർച്ചയാകുന്നു. മാനദണ്ഡങ്ങൾ വിട്ട് പമ്പുകൾ അനുവദിക്കുന്നതിൽ അന്വേഷണം ആവശ്യപ്പെട്ട് കേരളത്തിലെ പെട്രോൾ പമ്പ് ഉടമകളുടെ സംഘടന ഇതിനകം മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. ഇതുവരെ അനുവദിച്ചിട്ടുള്ള എൻ.ഒ.സികളിൽ വിജിലൻസ് അന്വേഷണം വേണമെന്നാണ് ആവശ്യം.

വ്യാപകമായി പെട്രോൾ പമ്പുകൾ അനുവദിക്കുന്നത് നേരത്തെ മുതൽ ഈ മേഖലയിലുള്ളവരുടെ നിലനിൽപ്പിനെ ബാധിക്കുന്നുവെന്നാണ് ആക്ഷേപം. കണ്ണൂർ ജില്ലയിൽ അശാസ്ത്രീയമായി വ്യാപകമായി പെട്രോൾ പമ്പുകൾ ആരംഭിക്കുന്നുവെന്ന് ജില്ലാ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ ഭാരവാഹികൾ ആരോപണമുയർത്തുന്നുണ്ട്.


എവിടെ മാനദണ്ഡം

റോഡ് നിയമങ്ങൾ, നിലവിലുള്ള പമ്പിൽ നിന്നുള്ള ദൂരപരിധി, സമീപത്തെ പമ്പുകളിലെ വിൽപനയുടെ അളവ്, പൊല്യൂഷൻ കൺട്രോൾ റെസ്‌ക്യൂ, പൊലീസ് ഡിപ്പാർട്ട്‌മെന്റ്, തദ്ദേശസ്വയംഭരണ വകുപ്പ് എന്നിവയിൽ നിന്നുള്ള അനുമതികൾ എന്നിവ പുതിയ പമ്പ് തുടങ്ങാൻ ആവശ്യമാണ്. എന്നാൽ ഇതൊന്നുമില്ലാതെ കളക്ടറേറ്റിൽ നിന്ന് കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ പുതുതായി അറുപതിലധികം പമ്പുകൾ പ്രവർത്തനം ആരംഭിച്ചിട്ടുണ്ടെന്ന് പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ടി.വി ജയദേവനും സെക്രട്ടറി എം.അനിലും ആരോപിക്കുന്നു.അശാസ്ത്രീയമായ രീതിയിൽ പമ്പുകൾ അനുവദിക്കുന്നതിനെതിരേ പ്രക്ഷോഭം നടത്തുമെന്നും ഇരുവരും പറഞ്ഞു.

കണ്ണൂർ ജില്ലയിൽ പുതുതായി 50 ഓളം പമ്പുകളുടെ അപേക്ഷ പരിഗണനയിലുണ്ട്. വളക്കൈയിൽ അനുമതി നിഷേധിക്കപ്പെട്ട പമ്പിന് വീണ്ടും പ്രവർത്തിക്കാനായത് എങ്ങനെയെന്ന് അന്വേഷിക്കണമെന്നും ഡീലേഴ്സ് അസോസിയേഷൻ ചോദിക്കുന്നു.ഇതെസമയം കച്ചവടം കുറഞ്ഞ് പഴയ 25ഓളം പമ്പുകൾ ഭാഗികമായോ പൂർണമായോ അടച്ച് പൂട്ടിയിട്ടുണ്ടെന്നും ഇവർ പറയുന്നു.


2016 മുതൽ 2024വരെ സംസ്ഥാനത്ത്
അനുവദിച്ചത് 700 പമ്പുകൾ

അനുമതി കാത്ത് 400 പമ്പുകൾ


പെട്രോൾ പമ്പ് തുടങ്ങാൻ

അപേക്ഷകൻ ഇന്ത്യാക്കാരനായിരിക്കണം.
അപേക്ഷകൻ എൻ.ആർ.ഐ ആണെങ്കിൽ 180 ദിവസമെങ്കിലും രാജ്യത്ത് താമസിക്കണം

 21നും 55നും ഇടയിൽ പ്രായം

സ്വാതന്ത്ര്യസമര സേനാനികൾക്ക് പ്രായനിബന്ധന ഇല്ല.

 എസ് സി/എസ്ടി/ഒബിസി കാറ്റഗറിയിലുള്ള അപേക്ഷകർ പത്താം ക്ലാസ് പാസായിരിക്കണം

 പൊതുകാറ്റഗറിക്കാർക്ക് പ്ലസ്ടു വിദ്യാഭ്യാസ യോഗ്യത.

നഗര പ്രദേശത്ത് ഔട്ട്‌ലെറ്റിന് 15 ലക്ഷം സ്ഥിരം ഫീസ്

ഗ്രാമപ്രദേശത്ത് ഇത് അഞ്ച് ലക്ഷം സ്ഥിരം ഫീസ്


ഫയൽ എ.ഡി.എമ്മിലേക്ക്

കളക്ടറുടെ നിർദേശപ്രകാരം എ.ഡി.എം ആണ് അപേക്ഷാ ഫയൽ കൈകാര്യം ചെയ്യുന്നത്. ജില്ലാ പൊലീസ് മേധാവി, ജില്ലാ സപ്ലൈ ഓഫീസർ, ആർ.ഡി.ഒ./സബ് കളക്ടർ, തദ്ദേശസ്ഥാപനം, ആഗ്നിരക്ഷാസേന, പൊതുമരാമത്ത് (റോഡ്സ്) വകുപ്പ് എന്നിവയിലേക്ക് അയച്ച് റിപ്പോർട്ട് ശേഖരിച്ചാണ് എൻ.ഒ.സി നൽകേണ്ടത്. അപേക്ഷ ലഭിച്ച് .മൂന്നു മാസത്തിനുള്ളിൽ എല്ലാ വകുപ്പുകളും റിപ്പോർട്ട് നൽകണം. തുടർന്ന് കലക്ടറോ എ.ഡി.എമ്മോ നേരിട്ട് സ്ഥലപരിശോധന നടത്തും. അപേക്ഷ നിരസിക്കുകയാണെങ്കിൽ എന്തുകൊണ്ടാണെന്ന് തെളിവെടുപ്പ് വച്ച് അറിയിക്കും. എൻ.ഒ.സി. അടക്കം പരിശോധിച്ച് ചെന്നൈയിലെ കൺട്രോളർ ഓഫ് എക്സ്‌പ്ലോസീവാണ് പ്രവർത്തനാനുമതി നൽകേണ്ടത്.