
പഴയങ്ങാടി : പുതിയങ്ങാടിയിലെ മത്സ്യതൊഴിലാളികളുടെ ചിരകാല സ്വപ്നമായ ഫിഷ് ലാന്റിംഗ് സെന്റർ യാഥാർത്ഥ്യമാകുന്നു.അഞ്ചു കോടി രൂപയുടെ വികസന പദ്ധതിയാണ് ആദ്യഘട്ടത്തിൽ നടപ്പിലാക്കുന്നത്.വിശദമായ പദ്ധതി രേഖ തയ്യാറാക്കുന്നതിന്റെ ഭാഗമായ എം.വിജിൻ എം.എൽ.എയും ഉദ്യോഗസ്ഥരുമടങ്ങിയ സംഘം സ്ഥല പരിശോധന നടത്തി. പദ്ധതിയുടെ ഡിസൈൻ, വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കി ഉടൻ ഭരണാനുമതിക്കായി സമർപ്പിക്കും.
സാങ്കേതികാനുമതിയും ടെന്റർ നടപടിയും പൂർത്തിയാക്കിയാൽ നിർമ്മാണം തുടങ്ങും. എത്രയും വേഗത്തിൽ നടപടികൾ സ്വീകരിക്കാൻ ഹാർബർ എൻജിനിയറിംഗ് വകുപ്പ് ഉദ്യോഗസ്ഥർക്ക് എം.എൽ.എ നിർദേശം നൽകി.പുതിയങ്ങാടിയിൽ മത്സ്യ ബന്ധനത്തിന് ശേഷം ബോട്ടുകൾ കരക്കടിപ്പിക്കുന്നതിന് ഒരു കേന്ദ്രം വേണമെന്ന ചിരകാലസ്വപ്നം പദ്ധതിയിലൂടെ യാഥാർത്ഥ്യമാകുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് മത്സ്യതൊഴിലാളികൾ പറഞ്ഞു.ഹാർബർ എൻജിനീയറിംഗ് സുപ്രണ്ടിംഗ് എൻജിനിയർ വിജി കെ തട്ടാമ്പുറം, എക്സിക്യൂട്ടീവ് എൻജിനിയർ ലിൻഡ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ എൻ.വിനയൻ, സി.പി.എം മാടായി ലോക്കൽ സെക്രട്ടറി പി.വി.വേണുഗോപാൽ എന്നിവരും എം.എൽ.എയോടൊപ്പമുണ്ടായിരുന്നു.
നവകേരളസദസിന്റെ ഭാഗമായി മണ്ഡലത്തിലെ പ്രധാനപ്പെട്ട പദ്ധതി നിർദേശിക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചിരുന്നു. പുതിയങ്ങാടി തീരദേശവാസികളുടെയും മത്സ്യ തൊഴിലാളികളുടെയും പ്രധാന ആവശ്യം പരിഗണിച്ച് ചൂട്ടാട് മഞ്ച ഫിഷ് ലാന്റിംഗ് സെന്റർ പദ്ധതി നിർദ്ദേശിച്ചത്- എം.വിജിൻ എം.എൽ.എ