arun-

കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിനിടെ അധിക്ഷേപ പരാമർശങ്ങൾ നടത്തിയ ദിവ്യയെ വിലക്കാതെ മൗനം പാലിച്ച ജില്ലാകളക്ടർ അരുൺ വിജയിനെതിരേ ഉദ്യോഗസ്ഥരിൽ വ്യാപക പ്രതിഷേധം. തന്റെ സാന്നിധ്യത്തിൽ സഹപ്രവർത്തകനെ അപമാനിച്ചുവിടുമ്പോൾ എല്ലാം കണ്ടുകൊണ്ട് ഇരിക്കുകയായിരുന്നു എന്നാണ് കളക്ടർക്കെതിരെയുള്ള വിമർശനം.
രംഗം ചിത്രീകരിക്കാൻ ചാനൽ കാമറാമാനെ അനുവദിച്ചതിലും കളക്ടർക്ക് വീഴ്ച സംഭവിച്ചുവെന്നാണ് കളക്ടറേറ്റിലെ ഉദ്യോഗസ്ഥർ കുറ്റപ്പെടുത്തുന്നത്. ഉദ്യോഗസ്ഥരെ അനാവശ്യ കാര്യങ്ങൾക്കു പോലും ഭീഷണിപ്പെടുത്തുകയും ചെറിയ വീഴ്ചകളിൽ നടപടിയെടുക്കുകയും ചെയ്യുന്ന കളക്ടർ രാഷ്ട്രീയ നേതാക്കളുടെ മുന്നിൽ വിനീതദാസനായി നിൽക്കുന്നത് പതിവ് കാഴ്ചയാണെന്ന് ഉദ്യോഗസ്ഥർ കുറ്റപ്പെടുത്തുന്നു.

ദിവ്യയെ തടഞ്ഞില്ലെന്ന് ആരോപിച്ച് നിരവധി പേർ കളക്ടർ അരുൺ കെ.വിജയനെതിരെ സാമൂഹ്യമാദ്ധ്യമങ്ങളിൽ രംഗത്തെത്തുന്നുണ്ട്. ഇതേ തുടർന്ന് കഴിഞ്ഞ ദിവസം അദ്ദേഹം സമൂഹ മാദ്ധ്യമ പേജിലെ കമന്റ് ഓപ്ഷൻ ഓഫ് ചെയ്തിരുന്നു. ദിവ്യയുടെ അധിക്ഷേപ പ്രസംഗത്തിന് ശേഷം പോലും എ.ഡി.എമ്മിനെ പിന്തുണച്ച് രണ്ടു വാക്ക് പറയാൻ കളക്ടർ തയ്യാറായില്ലെന്നും ഉദ്യോഗസ്ഥർക്ക് ആക്ഷേപമുണ്ട്. കഴിഞ്ഞ ദിവസം എൻ.ജി.ഒ അസോസിയേഷന്റെ നേതൃത്വത്തിൽ പ്രതിഷേധ സമരത്തിനിടെ കളക്ടറേറ്റ് ജീവനക്കാർ ജില്ലാ കളക്ടർ അരുൺ കെ.വിജയനെ തടഞ്ഞുവച്ചിരുന്നു.