
കണ്ണൂർ:എ.ഡി.എം നവീൻ ബാബുവിന്റെ ആത്മഹത്യയിലേക്ക് നയിച്ച യാത്രയയപ്പ് ചടങ്ങിൽ മൗനം പാലിച്ച ജില്ലാ കളക്ടർ അരുൺ കെ. വിജയനെതിരേ ജീവനക്കാരിൽ അമർഷം പുകയുന്നു. നവീൻ ബാബുവിന്റെ മൃതദേഹം കണ്ണൂർ കളക്ടറേറ്റിൽ പൊതുദർശനത്തിന് വയ്‌ക്കാത്തതിലും പ്രതിഷേധമുണ്ട്. ഈ സാഹചര്യത്തിൽ അദ്ദേഹം സ്ഥലംമാറ്റത്തിനായി ഉന്നതരെ സമീപിച്ചെങ്കിലും അപേക്ഷ പരിഗണിച്ചില്ലെന്നാണ് വിവരം.
ഇന്നലെ അദ്ദേഹം ഓഫീസിൽ എത്തിയില്ല. ജീവനക്കാർ കളക്ടറെ ബഹിഷ്‌കരിക്കുമെന്ന സൂചനയും ഉണ്ട്. സഹപ്രവർത്തകനായ നവീൻ ബാബുവിനെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അവഹേളിക്കുമ്പോൾ തടഞ്ഞില്ലെന്ന് മാത്രമല്ല അത് ചിത്രീകരിക്കാൻ ചാനൽ കാമറാമാനെ അനുവദിച്ചതിലും ജീവനക്കാർക്ക് രോഷമുണ്ട്. ഉദ്യോഗസ്ഥരുടെ ചെറിയ വീഴ്ചകളിൽ പൊലും നടപടിയെടുക്കുന്ന കളക്ടർ രാഷ്ട്രീയ നേതാക്കളുടെ വിനീത ദാസനാണെന്ന് ഇടത് സംഘടനാ നേതാക്കൾക്കും അഭിപ്രായമുണ്ട്.
എ.ഡി.എം മരിച്ച ദിവസം എൻ.ജി.ഒ അസോസിയേഷന്റെ പ്രതിഷേധത്തിനിടെ ജീവനക്കാർ കളക്ടറെ തടഞ്ഞുവച്ചിരുന്നു. പൊലീസെത്തിയാണ് മോചിപ്പിച്ചത്. വിമർശനം മുൻകൂട്ടിക്കണ്ടാണ് കളക്ടർ ഫേസ് ബുക്കിലിട്ട അനുശോചനക്കുറിപ്പിന്റെ കമന്റ് ഓപ്ഷൻ ഓഫാക്കിയത്.
കളക്ടറുടെ സുരക്ഷ വർദ്ധിപ്പിച്ചു
വിവാദ യോഗത്തെ കുറിച്ച് ദിവ്യയെ അറിയിച്ചതും ആക്ഷേപം ഉന്നയിക്കാൻ അവസരമൊരുക്കിയതും കളക്ടറാണെന്ന ആരോപണത്തിന് പിന്നാലെ കളക്ടറേറ്റ് കോമ്പൗണ്ടിൽ പൊലീസുകാരുടെ എണ്ണം കൂട്ടി. കളക്ടറേറ്റ് സ്റ്റാഫ് കൗൺസിൽ സ്വകാര്യമായാണ് നവീൻബാബുവിന് യാത്രയയപ്പ് സംഘടിപ്പിച്ചത്. അദ്ധ്യക്ഷനായി കളക്ടറെ നിശ്ചയിച്ചു. ജനപ്രതിനിധികളെ ക്ഷണിക്കാതെ വൈകിട്ട് മൂന്നിന് യോഗം നിശ്ചയിച്ചത് കളക്ടറുടെ സൗകര്യത്തിനാണ്.
ദിവ്യയ്ക്ക് സൗകര്യമൊരുക്കി ?
യോഗ ദിവസം രാവിലെ 10ന് പി.പി. ദിവ്യയും നവീൻ ബാബുവും ഒരു യോഗത്തിൽ പങ്കെടുത്തിരുന്നു. അവിടെ ദിവ്യ ഒരാക്ഷേപവും ഉന്നയിച്ചില്ല. പിന്നീട് ദിവ്യയുടെ ഓഫീസിൽ നിന്ന് കളക്ടറുടെ ഓഫീസിലേക്ക് യാത്ര അയപ്പ് യോഗം തുടങ്ങിയോ എന്നറിയാൻ വിളിച്ചിരുന്നു. ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ ക്ഷണിക്കാതെ വന്നപ്പോൾ അദ്ധ്യക്ഷനായിരുന്ന കളക്‌ടർ തടയാതിരുന്നത് മുൻകൂട്ടി കാര്യങ്ങൾ അറിഞ്ഞതിനാലാണെന്നും കളക്ടറുടെ ശരീര ഭാഷയിൽ ഇത് വ്യക്തമായിരുന്നെന്നും ജീവനക്കാർ ആരോപിക്കുന്നു.