കാഞ്ഞങ്ങാട്: സാക്ഷരതായജ്ഞത്തിലൂടെ അക്ഷരങ്ങളുടെ ലോകത്തേക്ക് കടക്കുകയും കുന്നിൻമുകളിൽ ആടുമേയ്ക്കുന്നതിനിടെ മികച്ച പുസ്തകങ്ങളെ വായിച്ചാസ്വദിക്കുകയും ചെയ്ത് ശ്രദ്ധ നേടിയ കല്ലളി ചരക്കടവിലെ സതീദേവി പുതിയ റോളിലാണ്. ലൈബ്രറി കൗൺസിൽ മേലാങ്കോട്ട് ഒരുക്കിയ പുസ്തകമേളയിൽ കല്ലളി ടി കുഞ്ഞമ്പു നായർ സ്മാരക ഗ്രന്ഥാലയത്തിനു വേണ്ടി പുസ്തകങ്ങൾ തെരഞ്ഞെടുക്കാനുള്ള ദൗത്യം ഈ 63കാരിക്കാണ്.
മകന് വായിക്കാൻ വേണ്ടി വീട്ടിനടുത്ത ഗ്രന്ഥാലയത്തിൽ നിന്ന് പുസ്തകങ്ങളെടുത്ത സതീദേവി ഇപ്പോൾ പുസ്തകങ്ങളുടെ കൂട്ടുകാരിയാണ്.ആടുമായി കുന്നു കയറുമ്പോൾ കൈയിൽ കരുതുന്ന പുസ്തകങ്ങൾ വായിച്ച ശേഷമാണ് ഇവർ തിരിച്ചിറങ്ങാറ്. ഓരോ ദിനവും ഓരോ പുസ്തകം എന്ന നിലയിൽ വായനയെ ഭ്രാന്തമായി കൊണ്ടുനടക്കുകയായിരുന്നു ഇവർ. കാലുവേദന മൂലം തന്റെ പതിനാറ് ആടിനെയും വിറ്റ് വായന തുടരുകയായിരുന്നു. പുസ്തകോത്സവത്തിൽ സ്വന്തം ഗ്രന്ഥശാലയ്ക്ക് വേണ്ടി പുസ്തകങ്ങൾ തെരഞ്ഞെടുക്കാനെത്തിയതും പുസ്തകങ്ങളോടുള്ള ഇഷ്ടം കൊണ്ടാണ്.
മേലാങ്കോട്ടെ പുസ്തകോത്സവ നഗരിയിൽ എത്തിയ സതിദേവി നെല്ലിമരച്ചോട്ടിലിരുന്ന് ബഷീറിന്റെ വിഖ്യാതമായ പാത്തുമ്മയുടെ ആടിനെ വായിച്ചുതീർത്തു.മേളയിൽ നിന്ന് ഇവർ തിരഞ്ഞെടുത്ത പുസ്തകങ്ങളിലൊന്ന് ഇതായിരുന്നു. കുന്നിൻ മുകളിലെ വായനക്കാരിയെന്ന് പേരെടുത്ത സതീദേവിക്ക് ഇപ്പോൾ കേരളത്തിലെ മിക്ക എഴുത്തുകാരും പുസ്തകങ്ങൾ സമ്മാനമായി അയക്കാറുണ്ട്. ഏറ്റവും ഒടുവിലായി താൻ വായിച്ചത് അംബികാസുതൻ മാങ്ങാടിന്റെ അല്ലോഹലൻ എന്ന നോവലാണെന്ന് ഈ വീട്ടമ്മ പറഞ്ഞു.