യാത്രഅയപ്പിന് പോയത് കളക്ടർ ക്ഷണിച്ചിട്ട്
മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
എതിർത്ത് നവീനിന്റെ കുടുംബം
കെ. സുജിത്
കണ്ണൂർ: സസന്തോഷം കഴിഞ്ഞ ഒരു കുടുംബത്തെ തോരാക്കണ്ണീരിലാഴ്ത്തി. ആത്മഹത്യാ പ്രേരണക്കുറ്റത്തിന് പ്രതിയായി. സ്ഥാനമാനങ്ങൾ പോയി. എന്നിട്ടും അരിശം തീരാത്തപോലെ, തന്റെ കുത്തുവാക്കുകളിൽ മനംനൊന്ത് ജീവനൊടുക്കിയ നവീൻ ബാബുവിനെതിരെ അധിക്ഷേപം തുടർന്ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യ.
ഇന്നലെ കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് എ.ഡി.എം നവീനിനെതിരായ ആക്ഷേപങ്ങൾ. അഴിമതിയും കൃത്യനിർവഹണത്തിലെ വീഴ്ചയും ചൂണ്ടിക്കാണിച്ച മാതൃകാ ജനപ്രതിനിധിയാണ് താനെന്ന് സ്വയം പുകഴ്ത്തുകയും ചെയ്യുന്നു.
വലിഞ്ഞു കയറിയതല്ല, യാത്രഅയപ്പ് യോഗത്തിന് കളക്ടർ ക്ഷണിച്ചതാണ്. നവീൻ ഫയലുകൾ വച്ചു താമസിപ്പിക്കുന്നെന്ന പരാതി നേരത്തെയുണ്ട്. പെട്രോൾ പമ്പിന് അപേക്ഷിച്ച പ്രശാന്തൻ മാത്രമല്ല, ഗംഗാധരൻ എന്നയാളും പരാതി പറഞ്ഞിട്ടുണ്ട്. ഫയൽ വേഗം തീർപ്പാക്കണമെന്ന് ചൂണ്ടിക്കാട്ടിയതാണ്... ഇങ്ങനെ പോകുന്നു ദിവ്യയുടെ വാദങ്ങൾ.
തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് മൂൻകൂർ ജാമ്യാപേക്ഷ നൽകിയത്. ഇന്ന് പരിഗണിക്കും. ജാമ്യാപേക്ഷയെ എതിർത്ത് നവീൻ ബാബുവിന്റെ കുടുംബം ഇന്ന് കക്ഷിചേരും.
കൈക്കൂലി കൊടുത്തെന്ന് പ്രശാന്തൻ തന്നോട് വെളിപ്പെടുത്തിയെന്നും ദിവ്യ പറയുന്നു. അഴിമതി രഹിത ജില്ലാ പഞ്ചായത്താണ് ലക്ഷ്യം. കളക്ടർ മറ്റൊരു പരിപാടിയിൽ കണ്ടപ്പോഴാണ് യാത്ര അയപ്പ് യോഗത്തിന് ക്ഷണിച്ചത്. യോഗത്തിൽ സംസാരിക്കാൻ ഉദ്ദേശിച്ചില്ല. ഡെപ്യൂട്ടി കളക്ടർ ക്ഷണിച്ചപ്രകാരമാണ് സംസാരിച്ചത്. ഉത്തരവാദപ്പെട്ടവർ ഇരിക്കുന്ന വേദി ആയതിനാലാണ് അഴിമതിക്കാര്യം പറഞ്ഞത്.
അതേസമയം, വഴിയേ പോയപ്പോൾ കയറിയെന്നാണ് പ്രസംഗത്തിന്റെ തുടക്കത്തിൽ ദിവ്യ പറഞ്ഞിരുന്നത്. കണ്ണൂർ ടൗൺ പൊലീസ് ദിവ്യയെ പ്രതി ചേർത്ത് കഴിഞ്ഞ ദിവസമാണ് കോടതിയിൽ റിപ്പോർട്ട് നൽകിയത്.
അറസ്റ്റ് തടയണം
അന്വേഷണത്തിൽ നിന്ന് ഒളിച്ചോടില്ല. പ്രായമായ മാതാപിതാക്കളും ഭർത്താവും ഒരു പെൺകുട്ടിയുമുണ്ട്. പിതാവിന് ഗുരുതര രോഗമാണ്. അതിനാൽ അറസ്റ്റ് തടയണമെന്നും മുൻകൂർ ജാമ്യം അനുവദിക്കണമെന്നും ജാമ്യാപേക്ഷയിൽ പറയുന്നു.
അറസ്റ്റ് ഭയന്ന് ദിവ്യ ഒളിവിൽ?
അറസ്റ്റ് സാദ്ധ്യത ഭയന്ന് പി.പി. ദിവ്യ ഒളിവിലെന്ന് അഭ്യൂഹം. മരിച്ച നവീൻ അഡിഷണൽ ജില്ലാ മജിസ്ട്രേട്ട് ആയതിനാൽ ജാമ്യം ലഭിക്കാൻ സാദ്ധ്യത കുറവെന്ന നിയമോപദേശത്തെ തുടർന്നാണത്രെ മുൻകരുതൽ. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
പ്രസംഗത്തിന്റെ പകർപ്പും
യോഗത്തിലെ പ്രസംഗത്തിന്റെ പകർപ്പ് ദിവ്യ കോടതിയിൽ ഹാജരാക്കി. ഫയൽ നീക്കം വേഗത്തിലാക്കണമെന്ന് ജനങ്ങൾക്കുവേണ്ടി ആവശ്യപ്പെടുകയായിരുന്നെന്ന് ബോദ്ധ്യപ്പെടുത്താനാണിത്. ഔദ്യോഗിക തിരക്കായതിനാലാണ് കൃത്യസമയത്ത് എത്താതിരുന്നത്. പരിപാടി കഴിഞ്ഞോ എന്ന് കളക്ടറോട് വിളിച്ച് അന്വേഷിച്ചു. ഇല്ലെന്ന് പറഞ്ഞ് തന്നോട് വരാൻ നിർദേശിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് എത്തിയത്
കളക്ടർക്കും കുരുക്ക്
ദിവ്യയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ, യാത്രഅയപ്പുമായി ബന്ധമില്ലാത്ത ഒരാളെ ക്ഷണിച്ചതിന് കളക്ടർ അരുൺ വിജയൻ വിശദീകരണം നൽകണം
യാത്രഅയപ്പ് ദിവസം രാവിലെ കളക്ടറേറ്റിലെ പരിപാടിയിലാണ് കളക്ടർ ദിവ്യയെ കണ്ടത്. അപ്പോൾ ദിവ്യ അഴിമതിക്കാര്യം സംസാരിച്ചോ എന്നും വ്യക്തമാക്കണം
കളക്ടറുമായി ആസൂത്രണം ചെയ്ത് പരിപാടിക്കെത്തി ബോധപൂർവ്വം അവഹേളിച്ചെന്നാണ് നവീനിന്റെ കുടുംബമുൾപ്പെടെ ആരോപിക്കുന്നത്
പെട്രോൾ പമ്പിന് അനുമതി
നവീൻ തടഞ്ഞുവച്ചില്ല
കണ്ണൂർ: വിവാദ പെട്രോൾ പമ്പിന് എൻ.ഒ.സി നൽകുന്നതിൽ എ.ഡി.എം നവീൻ ബാബുവിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് സർക്കാർ രേഖകൾ പറയുന്നു. സർക്കാർ നിർദ്ദേശ പ്രകാരം ജില്ലാ കളക്ടർ നടത്തിയ അന്വേഷണത്തിലും ഇക്കാര്യം വ്യക്തമാണ്. വിവിധ വകുപ്പുകളിൽ നിന്ന് അനുമതി ലഭിക്കാനുള്ള താമസം മാത്രമാണുണ്ടായത്.
കാസർകോട് എ.ഡി.എം ആയിരുന്ന നവീൻ ബാബു ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് 2024 ഫെബ്രുവരി ഒന്നിനാണ് കണ്ണൂരിൽ ചുമതലയേറ്റത്. വിവിധ വകുപ്പുകളുടെ അനുമതിക്ക് ശേഷം അന്തിമ നിരാക്ഷേപ പത്രം നൽകുകയാണ് എ.ഡി.എമ്മിന്റെ ചുമതല. ഏറ്റവും അവസാനമായി ടൗൺ പ്ലാനറുടെ അനുകൂല റിപ്പോർട്ട് ലഭിച്ചത് സെപ്തംബർ 30നാണ്. തുടർന്ന് ഒക്ടോബർ 9ന് നവീൻ അന്തിമാനുമതി നൽകി. ഒമ്പതു ദിവസം മാത്രമാണ് നവീനിന്റെ മേശപ്പുറത്ത് ഫയലുണ്ടായിരുന്നത്. ഇതിൽ പ്രവൃത്തി ദിനം വെറും ആറെണ്ണവും.
ഫയൽ സഞ്ചരിച്ച വഴി
പ്രശാന്തൻ അപേക്ഷ കൊടുത്തത്: 2023 ഡിസംബർ 2ന്
പഞ്ചായത്തിൽ നിന്ന് അനുകൂല റിപ്പോർട്ട് : 2024 ഫെബ്രുവരി 21
ഫയർ ഓഫീസറിൽ നിന്ന് അനുകൂല റിപ്പോർട്ട്: ഫെബ്രുവരി 22
പൊലീസിൽ നിന്ന് പ്രതികൂല റിപ്പോർട്ട്: ഫെബ്രുവരി 28
തഹസിൽദാറിൽ നിന്ന് അനുകൂല റിപ്പോർട്ട്: മാർച്ച് 30
സപ്ലൈ ഓഫീസറിൽ നിന്ന് അനുകൂല റിപ്പോർട്ട്: മാർച്ച് 31
വീണ്ടും പൊലീസിന്റെ പ്രതികൂല റിപ്പോർട്ട് (എതിർപ്പ് കൊടുംവളവിൽ)
ടൗൺ പ്ളാനറുടെ അനുകൂല റിപ്പോർട്ട് : സെപ്തംബർ 30
നവീൻ ബാബു എൻ.ഒ.സി നൽകിയത് : ഒക്ടോബർ 9