
കണ്ണൂർ: കളക്ടറുടെ ചേംബറിലെ യാത്രയയപ്പ് യോഗത്തിന് ശേഷം മരണത്തിലേക്കുള്ള മണിക്കൂറുകൾക്കിടയിൽ എ.ഡി.എം നവീൻ ബാബുവിനെ തേടിവന്ന ഫോൺ കോളുകൾ സംബന്ധിച്ച് ദുരൂഹത തുടരുന്നു. മൃതദേഹത്തിൽ നിന്നോ വീട്ടിൽ നിന്നോ ആത്മഹത്യാക്കുറിപ്പ് ലഭിച്ചില്ലെന്നാണ് പൊലീസ് പറയുന്നത്.
മൊബൈൽ ഫോണുകൾ അടക്കം വീട്ടിലുണ്ടായിരുന്ന സാധനങ്ങൾ അന്വേഷണത്തിനായി കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെങ്കിലും ഇതുവരെ പൊലീസ് ഒന്നും വിട്ടുപറഞ്ഞിട്ടില്ല. ഫോൺ കോളുകൾ നിർണായകമായിട്ടും ആ വഴിയിൽ അന്വേഷണം നടന്നിട്ടില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.ഇത് സംശയത്തിനിട നൽകുന്നുണ്ട്.
രണ്ടു ദിവസത്തിനുള്ളിൽ കാര്യങ്ങൾ പുറത്തുവരുമെന്നാണ് യോഗത്തിൽ പി.പി. ദിവ്യ നടത്തിയ ഭീഷണി.ഇത് ആരുടെയോ വാക്കുകൾ ദിവ്യ അവതരിപ്പിക്കുകയായിരുന്നുവെന്ന ആരോപണത്തിന് ഇട നൽകുന്നുണ്ട്. യാത്രയയപ്പ് യോഗത്തിനു ശേഷവും എ.ഡി.എമ്മിന് ഭീഷണി വന്നിട്ടുണ്ടോയെന്നറിയാൻ ഫോൺകാൾ പരിശോധന ആവശ്യമാണ്.
അന്വേഷണത്തിൽ സംശയം പ്രകടിപ്പിച്ച് കോൺഗ്രസ് രംഗത്തുണ്ട്. പൊലീസിനുമേൽ രാഷ്ട്രീയ സമ്മർദ്ദമുണ്ടെന്നും സ്വതന്ത്ര ഏജൻസി അന്വേഷിക്കണമെന്നുമാണ് കോൺഗ്രസിന്റെ നിലപാട് . തെളിവുകൾ നശിപ്പിച്ചാണ് മൃതദേഹം വീട്ടിൽ നിന്നു കൊണ്ടുപോയതെന്ന ആരോപണവും കോൺഗ്രസ്
ഉന്നയിക്കുന്നുണ്ട്.