food

കണ്ണൂർ:സ്‌പോർട്സ് ഡിവിഷൻ ഹോസ്റ്റലിൽ വീണ്ടും ഭക്ഷ്യവിഷബാധ.നാൽപതിലേറെ വിദ്യാർത്ഥിനികൾ അസ്വസ്ഥതയെ തുടർന്ന് കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. ഇന്നലെ ഉച്ചഭക്ഷണം കഴിച്ചശേഷമാണ് മുൻസിപ്പൽ സ്‌കൂളിലെ വിദ്യാർത്ഥിനികൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. സമീപകാലത്ത് പലതവണ ഇതെ ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ ഉണ്ടായിരുന്നു.

ഹോസ്റ്റലിൽ തന്നെയുണ്ടായിരുന്ന ഒരു കുട്ടിയാണ് ആദ്യം അസ്വസ്ഥത പ്രകടിപ്പിച്ചത്. തലവേദനയും ശരീരമാകെ ചുവന്ന് ചൊറിയുന്ന അവസ്ഥയിലായ കുട്ടിയെ കെയർടേക്കർ രമ്യ രാജീവൻ ജില്ലാ അശുപത്രിയിലെത്തിച്ചു. ഇതിനു പിന്നാലെ സ്‌കൂളിൽനിന്നും കൂടുതൽ കുട്ടികൾ തലവേദനയും ക്ഷീണവും അനുഭവപ്പെട്ട് ചികിത്സതേടി. ഇവർക്ക് അലർജിക്കുള്ള കുത്തിവെയ്പ്പടക്കമുള്ള പ്രാഥമിക ചികിത്സ നൽകി. തലവേദന, ചർദി, ദേഹത്ത് ചൂട്, വയറുവേദന, മറ്റ് ശാരീരിക അസ്വസ്ഥതകൾ തുടങ്ങിയ ലക്ഷണങ്ങളോടെ പിന്നാലെ മറ്റ് കുട്ടികളെയും ആശുപത്രിയിലെത്തിക്കുകയായിരുന്നു. ചോറിനും ചപ്പാത്തിക്കുമൊപ്പം വെണ്ടക്ക തോരൻ, മീൻകറി, തൈര് എന്നിവയാണ് കുട്ടികൾ കഴിച്ചത്. പേരക്കയും കഴിച്ചിരുന്നു. രാവിലെ പൂരിയും ഗ്രീൻപീസ് കറിയുമായിരുന്നു . കോർപ്പറേഷൻ ആരോഗ്യ വിഭാഗം അധികൃതർ കുട്ടികളിൽനിന്നും വിവരം ശേഖരിച്ചു. ചില കുട്ടികളെ പ്രാഥമിക ശുശ്രൂഷ നൽകി വിട്ടയച്ചിട്ടുണ്ട്. ബാക്കിയുള്ളവർ നിരീക്ഷണത്തിലാ

ണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

ചികിത്സ തേടിയ കുട്ടികൾ

കണ്ണൂർ മുൻസിപ്പൽ വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികളായ റിയ(14), അന്ന സലീം(16) ഗായത്രി (15), കീർത്തി(17) നേഹ(17), ദേവിക(16), ആര്യ(16), ദേവിക(16), അഷിത(17) ആദിത്യ കീർത്തി(16), വൈഗ(12), ഐശ്വര്യ(17), അക്ഷര(15), അഖില(14), വൈഡൂര്യ(14), അലീന(11), അഹല്യ(10), അനുനന്ദ(14), അഖില രാജൻ(17), അഭിനയ (16), ശ്രീയ(15),ശ്രുതി(16), ദിൽഷ(13), റിസ്‌മോൾ(14), നേഹ(17), ദേവനന്ദ(16), സാന്ദ്ര(16), ആര്യ(15), ഗൗരി നന്ദന(16), ഹേമ(15), നേഹ ഷാജി(15), യുക്ത(13), അനന്യ(13), വിവേധ(15), അനാമിക(17), അനാമിക അനിൽ(17), ഋതിക(13), ഷിഫ മോൾ(13), ഗൗരി (16) ആര്യ(15) എന്നിവരാണ് ഭക്ഷ്യവിഷബാധയെ തുടർന്ന് ചികിത്സ തേടിയത്.


വിഷബാധ മീനിൽ നിന്നാകാമെന്ന് സംശയം

ഉച്ച ഊണിനൊപ്പം കഴിച്ച മീനിൽ നിന്നാവാം ഭക്ഷ്യവിഷബാധയേറ്റതെന്നാണ് പ്രാഥമിക നിഗമനം. ആയിക്കരയിൽനിന്ന് രാവിലെയാണ് കുട്ടിക്കൊമ്പൻ എന്ന ഓല മീൻ വാങ്ങിയതെന്ന് കെയർടേക്കർ പറഞ്ഞു. സ്ഥിരമായി ഇവിടെനിന്നാണ് മീൻ വാങ്ങാറുള്ളതെന്നും ഈ മീൻ ആദ്യമായാണ് വാങ്ങിയതെന്നും ഇവർ പറഞ്ഞു. ഭക്ഷ്യസുരക്ഷാ വിഭാഗം, കോർപ്പറേഷൻ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ ഹോസ്റ്റലിലെത്തി പരിശോധനയ്ക്കായി ഭക്ഷ്യസാമ്പിളുകൾ ശേഖരിച്ചു. ഈ സമയത്ത് തന്നെ ഇതേ മീൻ കഴിച്ചതിനെ തുടർന്ന് സമാന ആരോഗ്യപ്രശ്നങ്ങളുമായി തയ്യിൽ സ്വദേശിയായ അൻപത്തിനാലുകാരനും ചികിത്സ തേടിയിരുന്നു.