മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിച്ചില്ല
 തീരുമാനം വരുംവരെ അറസ്റ്റ് വൈകിക്കാൻ ശ്രമം
കണ്ണൂർ: നവീൻ ബാബുവിന്റെ മരണത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയിട്ടും പി.പി. ദിവ്യയെ തൊടാത്ത പൊലീസിന്റെ കള്ളക്കളിയിൽ പ്രതിഷേധം ശക്തം. അറസ്റ്റ് വൈകിപ്പിക്കാൻ പലകേന്ദ്രങ്ങളിൽ നിന്നുള്ള നീക്കത്തിന് പൊലീസും കുടപിടിക്കുന്നു എന്നാണ് ആക്ഷേപം. ദിവ്യ രഹസ്യ കേന്ദ്രത്തിലേക്ക് മാറിയെന്നാണ് സൂചന.
ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്നലെ പരിഗണിച്ചില്ല. ഇന്ന് അവധി. നാളെ പരിഗണിച്ചേക്കാം.
കോടതി അപേക്ഷ തള്ളിയാൽ ഹൈക്കോടതിയിലാവും ദിവ്യ പോവുക. ജാമ്യമില്ലാക്കുറ്റമായിട്ടും കോടതി തീരുമാനം വരുംവരെ ദിവ്യയെ പൊലീസ് സംരക്ഷിക്കുകയാണെന്ന് വ്യക്തം.
നവീൻബാബു ജീവനൊടുക്കിയതിൽ ദിവ്യയുടെ പങ്ക് പുറത്തുവന്നതു മുതലേ പൊലീസ് ഉരുണ്ടുകളിക്കുകയാണ്. മൂന്ന് ദിവസം വൈകിയാണ് ദിവ്യയെ പ്രതിചേർത്തത്. മുൻകൂർ ജാമ്യാപേക്ഷ നൽകാൻ അവസരം ഒരുക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം ഇരിണാവിലെ വീട്ടിൽ ദിവ്യയുണ്ടായിരുന്നു. ദിവ്യയെ വീട്ടിലും ബന്ധുവീട്ടിലും അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ലെന്നാണ് പൊലീസ് ഭാഷ്യം. എന്നാൽ, പൊലീസ് എത്തിയത് അയൽക്കാർ പോലും കണ്ടിട്ടില്ല.
പാർട്ടി കണ്ണൂർ ജില്ലാ കമ്മിറ്റിയംഗമാണ് പി.പി. ദിവ്യ. കോടതി തീരുമാനം വരെ അറസ്റ്റ് വൈകിപ്പിക്കാൻ ജില്ലാ ഘടകത്തിന്റെ ഇടപെടലും ഉണ്ടെന്നറിയുന്നു. അന്വേഷണത്തിൽ ഇടപെടില്ലെന്ന് ജില്ലാ കമ്മിറ്റി പ്രഖ്യാപിച്ചിരുന്നു. എന്നാൽ, മുൻകൂർ ജാമ്യഹർജിയിൽ കോടതിയിൽ വാദിക്കുന്നത് പാർട്ടി അഭിഭാഷകൻ കെ.വിശ്വനാണ്.
അതേസമയം, ദിവ്യയെ തള്ളിയും നവീനിന്റെ കുടുംബത്തോടൊപ്പമാണെന്ന് ആവർത്തിച്ചും സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു വീണ്ടും രംഗത്തുവന്നു. ദിവ്യയെ ഏത് സംഘടന പിന്തുണച്ചാലും അംഗീകരിക്കില്ലെന്നും പറഞ്ഞു. ദിവ്യയെ അവിശ്വസിക്കേണ്ടെന്ന ഡി.വൈ.എഫ്.ഐ നിലപാടാണ് ഉദയഭാനു തള്ളിയത്.
രാജിക്കത്ത് കൈമാറിയത്
രഹസ്യമായെത്തി
ദിവ്യ റെയിൽവേ സ്റ്റേഷൻ പരിസരത്ത് രഹസ്യമായെത്തിയാണ് കഴിഞ്ഞ ദിവസം ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്ക് രാജിക്കത്ത് നൽകിയത്. ദിവ്യ വാട്സ്ആപ്പ് ഡി.പിയായും സ്റ്റാറ്റസായും പങ്കുവച്ച വാചകം ഇങ്ങനെ: ഒരായിരം തവണ വിളിച്ചുപറഞ്ഞാലും നമ്മളെക്കുറിച്ച് നമ്മൾ പറയുന്ന സത്യത്തേക്കാൾ ഈ ലോകം വിശ്വസിക്കുന്നത് മറ്റുള്ളവർ പതുക്കെ പറയുന്ന കള്ളങ്ങളായിരിക്കാം.
ക്ഷണിച്ചെന്ന് ദിവ്യ
പറഞ്ഞത് കള്ളം
ദിവ്യയെ യാത്ര അയപ്പിന് ക്ഷണിച്ചിട്ടില്ലെന്ന് കണ്ണൂർ ജില്ലാ കളക്ടർ അരുൺ വെളിപ്പെടുത്തിയതോടെ, ചടങ്ങിനു പോയത് കളക്ടർ വിളിച്ചിട്ടാണെന്ന ദിവ്യയുടെ വാദവും പൊളിഞ്ഞു
 നവീൻ ബാബുവിന്റെ മരണത്തിൽ റവന്യൂ വകുപ്പ് അന്വേഷണം ആരംഭിച്ചു. ലാൻഡ് റവന്യൂ ജോയിന്റ് കമ്മിഷണർ എ. ഗീത കണ്ണൂർ കളക്ടറേറ്റിലെത്തി അരുണിന്റെ മൊഴിയെടുത്തു
 ദിവ്യയ്ക്ക് മുൻകൂർ ജാമ്യം നൽകരുതെന്നാവശ്യപ്പെട്ട് നവീനിന്റെ കുടുംബം നൽകുന്ന ഹർജിയിൽ ജില്ലാ കളക്ടറെയും അന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെടും