
കണ്ണൂർ: മനസ്സ് തകർന്ന യാത്രയയപ്പ് യോഗത്തിനും മരണത്തിനുമിടയിൽ എ.ഡി.എം നവീൻബാബു എന്തെല്ലാം ചെയ്തു എന്നത് സംബന്ധിച്ച് അഞ്ചു ദിവസം പിന്നിട്ടിട്ടും ഉത്തരമില്ലാതെ പൊലീസ്. നാട്ടിലേക്ക് പോകാനായി റെയിൽവേ സ്‌റ്റേഷന് 200 മീറ്റർ ദൂരെ മുനീശ്വരൻ കോവിലിന് സമീപം കാറിൽ നിന്നിറങ്ങിയ അദ്ദേഹം പിന്നീട് എപ്പോഴാണ് ക്വാർട്ടേഴ്സിൽ തിരിച്ചെത്തിയതതെന്ന് അന്വേഷണ സംഘം ഇനിയും വ്യക്തമാക്കിയിട്ടില്ല. പ്രദേശത്തെ സി സി ടി.വി ദൃശ്യങ്ങളിൽ നിന്ന് ലഭിച്ച വിവരങ്ങൾ പൊലീസ് രഹസ്യമാക്കി വച്ചിരിക്കയാണ്.
അദ്ദേഹത്തിന്റെ കൈയിൽ രണ്ടു ബാഗുകൾ ഉണ്ടായിരുന്നു എന്ന് ഡ്രൈവർ പറയുന്നുണ്ട്. ഈ ബാഗുകളുമായി വാഹനം പിടിച്ച് മാത്രമേ ക്വാർട്ടിലേഴ്സിലേക്ക് മടങ്ങിയെത്താൻ സാദ്ധ്യതയുള്ളൂ. ഇത് സംബന്ധിച്ച് ഡ്രൈവർമാരുടെ വെളിപ്പെടുത്തലുകൾ പുറത്തു വന്നിട്ടില്ല. പരിചയമുള്ള ആരെങ്കിലും ക്വാർട്ടേഴ്സിൽ എത്തിച്ചതാണോ എന്നും വ്യക്തമല്ല. നാട്ടിലേക്ക് പോകനുള്ള സാധനങ്ങളുമായാണ് കളക്ടറേറ്റിൽ യാത്രയപ്പ് യോഗത്തിനെത്തിയത്. സ്വന്തം നാട്ടിലേക്ക് സ്ഥലം മാറി പോകുമ്പോഴും കണ്ണൂരിലെ ക്വാർട്ടേഴ്സിന്റ താക്കോൽ നവീൻ ബാബു കൈയിൽ സൂക്ഷിച്ചിരുന്നോ എന്നും വ്യക്തമായിട്ടില്ല. ചാർജെടുത്ത ശേഷം വീണ്ടും കണ്ണൂരിലേക്ക് വരാനായിരുന്നോ താക്കോൽ കൈമാറാതിരുന്നതെന്നും അറിയാനുണ്ട്. കടുത്ത മാനസീക സംഘർഷത്തിലായിട്ടും ആത്മഹത്യാ കുറിപ്പില്ലാത്തതും സംശയകരമാണ്.