indigo
ഇൻഡിഗോ

കണ്ണൂർ: ടിക്കറ്റിന് അധിക വില ഈടാക്കിയ ഇൻഡിഗോ വിമാന കമ്പനിക്കെതിരെ ഉപഭോക്തൃ കോടതി വിധി. യാത്രക്കാർക്ക് ന്യായമായ നഷ്ട‌പരിഹാരം നൽകണമെന്നാണ് വിധി. അഞ്ചു മാസം മുമ്പ് ബുക്ക് ചെയ്തു വാങ്ങിയ ടിക്കറ്റിന് യാത്ര പുറപ്പെടുന്നതിന്റെ അടുത്ത ദിവസങ്ങളിൽ വിറ്റ ടിക്കറ്റ് വിലയേക്കാളും വൻ തുക ഈടാക്കിയതാണ് തിരിച്ചടിയായത്.

ഇൻഡിഗോ കമ്പനി, യാത്രക്കാർക്ക് അധികമായി ഈടാക്കിയ സംഖ്യയും നഷ്ട‌പരിഹാരവും കോടതിച്ചെലവും നൽകണമെന്ന് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറം വിധിച്ചു.

2022 ഡിസംബർ 16ന് ദോഹയിൽ നടന്ന ലോകകപ്പ് ഫുട്‌ബാൾ മത്സരം കാണാൻ വിമാന ടിക്കറ്റ് ബുക്ക് ചെയ്ത കണ്ണൂരിലെ അഡ്വ. കെ.എൽ. അബ്ദുൽ സലാം, അഡ്വ. മുഹമ്മദ് സയ്യിദ് ഖുതുബ്, മാസിയ അബ്ദുൽ സലാം, ഗുൽബുദ്ദീൻ ഇഖ്‌മത്യാർ എന്നിവർ നൽകിയ പരാതിയിലാണ് ഉത്തരവ്. വലിയ ഇളവ് കിട്ടുമെന്നതിനാലാണ് പരാതിക്കാർ ടിക്കറ്റുകൾ നേരത്തേ ബുക്ക് ചെയ്തത്. എന്നാൽ, യാത്രചെയ്ത ദിവസം ഇതേ വിമാനത്തിൽ ദോഹയിലേക്കും തിരിച്ച് നാട്ടിലേക്കും യാത്ര ചെയ്തവരിൽ നിന്നുമാണ് തങ്ങൾ കൊടുത്ത ടിക്കറ്റ് നിരക്കിനെക്കാളും വളരെ കുറവ് സംഖ്യ മാത്രമാണ് പിന്നീട് ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരോട് വിമാന കമ്പനി ഈടാക്കിയിട്ടുള്ളൂവെന്ന് മനസ്സിലായത്.

ഇത് വഞ്ചനയും അന്യായമായ വ്യാപാര സമ്പ്രദായമാണെന്നും പരാതിക്കാർ ബോധിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ, 1,12,000 രൂപ അധികമായി ഈടാക്കിയതായി കണ്ടെത്തിയിരുന്നു. ഈ തുകയും നഷ്ട പരിഹാരമായി 1,00,000 രൂപയും കോടതച്ചെലവായി 10,000 രൂപയും കൂടി ആകെ 2,22,000 ഒരു മാസത്തിനകം പരാതിക്കാർക്ക് വിമാന കമ്പനിയും ട്രാവൽ ഏജന്റും കൂടി നൽകണ മെന്നാണ് വിധി. അല്ലാത്ത പക്ഷം 2,12,000 രൂപയ്ക്ക് ഒമ്പത് ശതമാനം വാർഷിക പലിശ നൽകണമെന്നും രവി സുഷ, പ്രസിഡന്റ് മോളി കുട്ടി മാത്യു, കെ.പി. സജീഷ് എന്നിവർ അംഗങ്ങളായ കണ്ണൂർ ജില്ല ഉപഭോക്തൃ കോടതി വിധിയിലുണ്ട്.