 
നീലേശ്വരം: കാസർകോട് ജില്ലയിൽ ദേശീയപാതയിലുള്ള ഏക പൊലീസ് സ്റ്റേഷനാണ് നീലേശ്വരത്തേത്. എന്നാൽ, സ്റ്റേഷന്റെ ഉള്ളിലേക്ക് കയറിയാൽ സ്ഥിതി ദയനീയം. മുമ്പ് പേരോലങ്ങാടിയിലായിരുന്നു പൊലീസ് സ്റ്റേഷൻ പ്രവർത്തിച്ചിരുന്നത്. അന്ന് ഉദ്ഘാടനം ചെയ്ത കെട്ടിടം ചോർന്നൊലിക്കാനും സ്ലാബുകൾ പൊട്ടിപൊളിഞ്ഞ് വീഴാനും തുടങ്ങിയതോടെ സ്റ്റേഷന്റെ പ്രവർത്തനം ഒന്നര വർഷം മുമ്പ് സി.ഐ ഓഫീസ് കെട്ടിടത്തിലേക്ക് മാറ്റുകയായിരുന്നു. സ്ഥലസൗകര്യം കുറഞ്ഞ കെട്ടിടത്തിൽ പൊലീസ് സ്റ്റേഷനും എത്തിയതോടെ ജീവനക്കാരുടെ ദുരിതവും തുടങ്ങിയെന്ന് പറയാം.
1976 ൽ അന്നത്തെ ആഭ്യന്തര വകുപ്പ് മന്ത്രി കെ.കരുണാകരനാണ് കെട്ടിടം തുറന്നുകൊടുത്തത്. ഇന്നിവിടെ 50 പൊലീസ് ഉദ്യോഗസ്ഥർ ജോലി ചെയ്യുന്നുണ്ട്. സ്റ്റേഷൻ ഹൗസ് ഓഫീസർ, 4 സബ് ഇൻസ്‌പെക്ടർമാർ, 3 വനിതാ ജീവനക്കാർ എന്നിവരുൾപ്പെടെ.
കമ്പ്യൂട്ടറുകൾ വെക്കാൻ പോലും സൗകര്യമില്ല. കുറ്റവാളികളെ ലോക്കപ്പിൽ വെക്കണമെങ്കിൽ തൊട്ടടുത്ത ഹൊസ്ദുർഗ്ഗ് സ്റ്റേഷനിൽ കൊണ്ടു പോകേണ്ട അവസ്ഥ. അവിടെ സ്ഥലസൗകര്യമില്ലെങ്കിൽ പ്രതികളെയും കൊണ്ടുപോയ പൊലീസുകാർ പെട്ടടുതന്നെ. പ്രതിയുമായി കാത്തുകെട്ടി കിടക്കേണ്ട അവസ്ഥയാകും.
രണ്ട് വാഹനങ്ങൾ സ്റ്റേഷനിലുണ്ടെങ്കിലും ഇവയുടെ പ്രവർത്തനത്തെ കുറിച്ച് പരാതിയുണ്ട്. പ്രധാന സംഭവങ്ങൾ ഉണ്ടായാൽ സ്റ്റേഷൻ അതിർത്തികളിലേക്ക് ഓടിയെത്താൻ മണിക്കൂറുകൾ പിടിക്കും. കൂടാതെ അപകട മരണങ്ങളുണ്ടായാൽ പോസ്റ്റ്‌മോർട്ടം ചെയ്യണമെങ്കിൽ നീലേശ്വരം താലൂക്ക് ആശുപത്രിയിൽ സൗകര്യമില്ലാത്തതിനാൽ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ തന്നെ പോകേണ്ടി വരുന്നു.
കേസുകളുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത വാഹനങ്ങൾ നേരത്തെ ദേശീയപാതയോരത്ത് കിടന്നു തുരുമ്പിക്കുകയായിരുന്നു. എന്നാൽ, ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് എല്ലാ പഴയ വാഹനങ്ങളും സ്റ്റേഷൻ വളപ്പിൽ തള്ളിയിട്ടിരിക്കുകയാണ്. ഇത് സ്റ്റേഷനകത്തേക്ക് മറ്റ് വാഹനങ്ങൾ കയറ്റാൻ പ്രയാസം സൃഷ്ടിക്കുന്നു. പുതിയ കെട്ടിടം പണിയുന്നത് വരെ നീലേശ്വരം പൊലീസ് സ്റ്റേഷനിലെ ജീവനക്കാരും വരുന്ന പൊതുജനങ്ങളും പ്രയാസങ്ങൾ അനുഭവിക്കുകയേ രക്ഷയുള്ളൂ.
വിശ്രമം മരച്ചുവട്ടിൽ
സൗകര്യക്കുറവ് സ്റ്റേഷനിലെ വനിതകളെയാണ് കൂടുതലും ബാധിക്കുന്നത്. വനിതാ ജീവനക്കാർക്ക് യൂനിഫോം മാറാൻ പോലും സൗകര്യമില്ല. ജോലിക്കിടയിൽ ഒന്നു വിശ്രമിക്കണമെങ്കിൽ പുറത്ത് മരച്ചുവട്ടിലേക്ക് പോകണം. രാത്രി ഡ്യൂട്ടി നിക്കേണ്ടവർക്കാണ് ഏറെ കഷ്ടപ്പാട്.
05
നീലേശ്വരം നഗരസഭ, മടിക്കൈ, കിനാനൂർ- കരിന്തളം, കോടോം- ബേളൂർ പഞ്ചായത്തുകളിലായി അഞ്ച് വില്ലേജുകൾ നീലേശ്വരം പൊലീസ് സ്റ്റേഷന്റെ പരിധിയിലാണ്.
1. കമ്പ്യൂട്ടറുകൾ വെക്കാൻ പോലും സൗകര്യമില്ല
2. ലോക്കപ്പിന് ഹോസ്ദുർഗിനെ ആശ്രയിക്കണം
3. സ്റ്റേഷനിലേക്ക് വാഹനങ്ങൾ കയറാനും പ്രയാസം
4. ഓടിത്തളർന്ന വാഹനങ്ങളിൽ കിതച്ച് പൊലീസുകാർ
ലേഖകന്റെ ഫോൺ നമ്പർ
9495375629