
കാസർകോട്: കടലപ്പിണ്ണാക്ക് വളമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് ജൈവവളങ്ങളുടെ പട്ടികയിൽ കടലപ്പിണ്ണാക്ക് ഉൾപ്പെടുത്തി നൽകരുതെന്ന് കൃഷിവകുപ്പ് കർശന നിലപാട് എടുത്തിട്ടും, സബ്‌സിഡി തുക അടിച്ചുമാറ്റുന്നതിനായി കൃഷി ഓഫീസർമാരെ വെട്ടിലാക്കാൻ ചില തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നിർബന്ധിത നിലപാട് അടിച്ചേൽപ്പിക്കുന്നതായി ആക്ഷേപം.
നൈട്രജന്റെ അളവ് കൂടുതൽ ഉള്ളതിനാലും പച്ചക്കറികൾ എളുപ്പത്തിൽ വളരുമെന്നതിനാലും കർഷകർ കടലപ്പിണ്ണാക്ക് ധാരാളമായി ഉപയോഗിക്കുന്നത് മുതലെടുത്താണ് പഞ്ചായത്ത് ഭരണസമിതികളുടെ നീക്കം. സമ്മർദ്ദങ്ങളുടെ ഫലമായി സർക്കാർ ഉത്തരവിന് വിരുദ്ധമായി കടലപ്പിണ്ണാക്ക് 'വള'മായി തന്നെ അനുവദിച്ച കൃഷി ഓഫീസർമാർ ഓഡിറ്റ് റിപ്പോർട്ടുകളെ തുടർന്ന് കെട്ടിത്തിരിയുകയാണത്രെ.
സർക്കാർ ഉത്തരവ് കർശനമാക്കിയതിനാൽ കണ്ണൂർ ജില്ലയിൽ കുറെ പഞ്ചായത്തുകൾ ഒഴിവാക്കിയെങ്കിലും കാസർകോട് ജില്ലയിൽ ഏതാനും ഗ്രാമ പഞ്ചായത്തുകൾ കടലപ്പിണ്ണാക്ക് തന്നെ വാങ്ങിക്കണമെന്ന് നിർബന്ധിക്കുന്നതായി ആരോപണം ഉയർന്നിട്ടുണ്ട്. സ്വന്തക്കാർ നടത്തുന്ന സംഘങ്ങളുടെ കച്ചവട താൽപ്പര്യമാണ് ഇതിന് പിന്നിലെന്ന് പറയുന്നു.
കടലപ്പിണ്ണാക്ക് കൃഷിക്കാർക്ക് വിൽപ്പന നടത്തുക വഴി സാമ്പത്തിക ലാഭം ഉണ്ടാക്കാം എന്ന ലക്ഷ്യമാണ് നിർബന്ധത്തിന് പിന്നിലുള്ളത്.
ജനകീയാസൂത്രണ പദ്ധതി പ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തെങ്ങുകൃഷിക്ക് ജൈവ വളം പദ്ധതിയിൽ നേരത്തെ കടലപ്പിണ്ണാക്ക് നൽകി വന്നിരുന്നു. കൃഷിവകുപ്പ് ഇതിനായി 75 ശതമാനം സബ്‌സിഡിയും അനുവദിച്ചിരുന്നു. കടലപ്പിണ്ണാക്ക് എഡിബിൾ ഓയിൽ പട്ടികയിൽ ആയതിനാൽ സബ്‌സിഡി നൽകരുതെന്ന് നേരത്തെ നിർദ്ദേശം ഉണ്ടായിരുന്നെങ്കിലും ഇപ്പോഴാണ് അത് കർശനമായി നടപ്പിലാക്കാൻ സർക്കാർ നിർദ്ദേശം നൽകിയത്. നോൺ എഡിബിൾ ഓയിലുകളുടെ പട്ടികയിൽ ഉള്ളവയ്ക്ക് മാത്രമാണ് സബ്‌സിഡി അനുവദിക്കുന്നത്.
വളമല്ല, കാലിത്തീറ്റ
കടലപ്പിണ്ണാക്ക് കാലിത്തീറ്റ ആയാണ് പരിഗണിച്ചിരുന്നത്. കേന്ദ്ര കർഷക മന്ത്രാലയത്തിന്റെ 1985ലെ ഫെർട്ടിലൈസർ കൺട്രോൾ ഓർഡർ പ്രകാരം കടലപ്പിണ്ണാക്ക് ഉൾപ്പെടെയുള്ള ഭക്ഷ്യയോഗ്യമായ ഓയിൽ കേക്കുകൾ ജൈവവളത്തിന്റെ നിർവചനത്തിൽ വരുന്നില്ലെന്നാണ് കൃഷി വകുപ്പിന്റെ വിശദീകരണം. ഈ വ്യവസ്ഥ നിലനിൽക്കുമ്പോഴും സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾ അവരുടെ വാർഷിക പദ്ധതിയിൽപ്പെടുത്തി കടലപ്പിണ്ണാക്കിന് സബ്‌സിഡി നൽകിവന്നിരുന്നു. ഏത് വളം എന്ന നിബന്ധന ഇല്ലാത്തതിനാൽ ജൈവവളമായി പരിഗണിക്കപ്പെട്ട കടലപ്പിണ്ണാക്ക് ആണ് കർഷകർ കൂടുതലായും വാങ്ങിയത്. സബ്‌സിഡി ലഭിക്കാൻ സഹകരണ സ്ഥാപനങ്ങളുടെ വളം ഡിപ്പോകളിൽ നിന്ന് ജൈവവളം വാങ്ങി ജി.എസ്.ടി ബില്ല് സമർപ്പിക്കണമെന്ന് മാത്രമായിരുന്നു വ്യവസ്ഥ. ബില്ല് കൃഷിഭവനിൽ സമർപ്പിച്ചാൽ കൃഷി വകുപ്പ് അനുവദിക്കുന്ന 75 ശതമാനം സബ്‌സിഡി കർഷകർക്ക് പണമായി കിട്ടും.