കാസർകോട്: കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി സൗരോർജം ഉപയോഗിച്ചുള്ള കടൽ ജല ശുദ്ധീകരണ പ്ലാന്റിനു മഞ്ചേശ്വരം ഗ്രാമ പഞ്ചായത്തിൽ നിർമ്മാണത്തിന് ഭരണാനുമതിയായി. ഒരു കോടി നാൽപതു ലക്ഷം രൂപ അടങ്കൽ വരുന്ന പദ്ധതിക്ക് മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി നിർവ്വഹണ ഉദ്യോഗസ്ഥനായും, കേരളാ ജല അതോറിറ്റി സാങ്കേതിക സഹായവും നിർവഹിക്കും. കൂടാതെ സർക്കാർ മേഖലയിലുള്ള കേരളത്തിലെ ആദ്യത്തെ സൗരോർജം ഉപയോഗിച്ചുള്ള കടൽ ജല ശുദ്ധീകരണ പ്ലാന്റിന്റെ നടത്തിപ്പിന് ജില്ലാ കളക്ടർ ചെയർമാനായും സ്‌പെഷ്യൽ ഓഫീസർ കാസർകോട് വികസന പാക്കേജ് , കേരളാ ജല അതോറിറ്റി ,എൽ.ഐ.ഡി ആന്റ് ഇ. ഡബ്ലിയു ,സി.ഡബ്ലിയു ,ആർ.ഡി.എം എന്നീ സ്ഥാപനങ്ങളിലെ എൻജിനീയർമാർ മെമ്പർമാരും ആയ ഒരു ടെക്നിക്കൽ കമ്മിറ്റിയും, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനായ ഒരു ഓപ്പറേഷൻസ് ആൻഡ് മെയ്ന്റനൻസ് കമ്മിറ്റിയും രൂപീകരിച്ചാണ് പ്ലാന്റിന്റെ നിർമാണം ആരംഭിക്കുക. ജില്ലയിൽ കുടിവെള്ള ക്ഷാമം രൂക്ഷമായ ഒരു പ്രദേശമായതു കൊണ്ടാണ് മഞ്ചേശ്വരം പഞ്ചായത്തിനെ പദ്ധതിക്ക് വേണ്ടി തിരഞ്ഞെടുത്തതെന്ന് ജില്ലാ കളക്ടർ കെ.ഇമ്പശേഖർ അറിയിച്ചു. ജില്ലയിൽ ഒരു പ്രയോറിറ്റി ആൻഡ് എക്സ്‌പെരിമെന്റൽ മോഡൽ എന്ന നിലയിലാണ് ഈ പദ്ധതി ആവിഷ്‌കരിക്കുക എന്നും പ്രവൃത്തി ഉടൻ ടെണ്ടർ ചെയ്ത് ആരംഭിക്കുമെന്നും വികസന പാക്കേജ് സ്‌പെഷ്യൽ ഓഫീസർ വി ചന്ദ്രൻ അറിയിച്ചു. കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി ജില്ലയിൽ 2024 -25 സാമ്പത്തിക വർഷം ഇതുവരെ മറ്റു 22 പദ്ധതികളിലായി 6.29 കോടി രൂപയുടെ പദ്ധതികൾക്ക് അനുമതിയായിരുന്നു.