കണ്ണൂർ: ഇന്നലെ മലയാലപ്പുഴയിൽ എ.ഡി.എം നവീൻ ബാബുവിന്റെ കുടുംബാംഗങ്ങളെ സന്ദർശിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പാർട്ടി അദ്ദേഹത്തിന്റെ കുടുംബത്തിനൊപ്പമെന്ന് പ്രഖ്യാപിച്ചു. പക്ഷേ, കണ്ണൂരിലെ പൊലീസ്, ദാരുണസംഭവത്തിലെ പ്രതിയായ പി.പി. ദിവ്യയ്ക്ക് ഒപ്പമാണിപ്പോഴും. ജില്ല പഞ്ചായത്ത് പ്രസിഡന്റായിരുന്ന ദിവ്യയെ പ്രതിയാക്കിയിട്ട് ഇന്ന് നാലു ദിവസമാകുന്നു. പ്രതി എവിടെയാണെന്നുപൊലും പൊലീസ് തിരക്കുന്നില്ലെന്നാണ് ആക്ഷേപം.
അതേസമയം, സൈബർ ആക്രമണം നേരിടുന്നുവെന്ന് ചൂണ്ടിക്കാട്ടി ദിവ്യയുടെ ഭർത്താവ് അജിത്ത് നൽകിയ പരാതിയിൽ കണ്ണപുരം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അതിവേഗം അന്വേഷണം ഊർജിതമാക്കി!
.മുൻകൂർ ജാമ്യം കിട്ടുന്നതുവരെ ദിവ്യ ഒളിവിൽ കഴിയട്ടെ എന്ന നിലപാടിലാണ് പൊലീസെന്ന സംശയം ബലപ്പെടുകയാണ്. മൊഴിയെടുക്കുന്നത് വൈകിപ്പിക്കാൻ അവർ സർക്കാർ സംവിധാനങ്ങളുമായി ബന്ധപ്പെടുന്നുണ്ട്.എ.ഡി.എമ്മിന്റെ മരണശേഷം പൊതുപരിപാടികളിൽ ദിവ്യ പങ്കെടുത്തിട്ടില്ല. ഫോണിലും ലഭിക്കുന്നില്ല. ടൗൺ സ്‌റ്റേഷനു നൂറുമീറ്റർ ദൂരെ റെയിൽവേ സ്റ്റേഷൻ പരിസരത്ത് എത്തി ജില്ല പഞ്ചായത്ത് സെക്രട്ടറിക്ക് രാജിക്കത്ത് കൈമാറിയിരുന്നു.
യാത്രയയപ്പ് സമ്മേളനത്തിലേക്ക് ദിവ്യവന്നതിൽ പങ്കുണ്ടോ എന്നറിയാൻ ജില്ല കളക്ടറുടെ മൊഴി ശേഖരിക്കാൻ നോട്ടീസ് നൽകിയിരിക്കുകയാണ് പൊലീസ്.
കോഴ ആരോപണം ഉന്നയിച്ച പെട്രോൾ പമ്പ് അപേക്ഷകൻ ടി.വി. പ്രശാന്തന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, പ്രതിയാക്കിയിട്ടില്ല.
ചോദ്യം ചെയ്യൽ നീളും
മുൻകൂർ ജാമ്യാപേക്ഷ ഇന്ന് തലശേരി കോടതി പരിഗണിച്ച് തീർപ്പാക്കിയില്ലെങ്കിൽ ദിവ്യയുടെ അറസ്റ്റും ചോദ്യം ചെയ്യലും നീണ്ടുപോകും. ഹർജി തള്ളിയാൽ ഹൈക്കോടതിയെ സമീപിക്കാനുള്ള സാവകാശം കൂടി കിട്ടാനാണ് പൊലീസിന്റെ മെല്ലെപ്പോക്ക്.
ജില്ലാ കളക്ടർ ക്ഷണിച്ചിട്ടാണ് യാത്രയയപ്പ് യോഗത്തിന് എത്തിയതെന്ന ഹർജിയിലെ വാദം കളക്ടർ തള്ളിയിട്ടുണ്ട്.ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണർ എ ഗീതയ്ക്ക് നൽകിയ മൊഴിയിലാണ് അതു വ്യക്തമാക്കിയിരിക്കുന്നത്. കോഴ പരാതി ദിവ്യയ്ക്ക് കൊടുത്തുവെന്ന ഹർജിയിലെ വാദം ഗംഗാധരൻ എന്ന റിട്ട. അദ്ധ്യാപകനും തള്ളിയിട്ടുണ്ട്.
കളക്ടർ അരുൺ കെ.വിജയൻ ശനിയാഴ്ച രാത്രി മുഖ്യമന്ത്രിയെ അദ്ദേഹത്തെ പിണറായിയിലെ വസതിയിൽ എത്തി കാര്യങ്ങൾ ധരിപ്പിച്ചു. ഇന്നലെ, പിണറായി എ.കെ.ജി സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർഹിക്കുന്ന ചടങ്ങിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തു.
സി.പി.എം നവീനൊപ്പം : ഗോവിന്ദൻ
പത്തനംതിട്ട : പാർട്ടി എല്ലാ അർത്ഥത്തിലും അന്നും ഇന്നും മരിച്ച എ.ഡി.എം നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ.
നവീൻ ബാബുവിന്റെ മലയാലപ്പുഴയിലെ വീട്ടിൽ കുടുംബാംഗങ്ങളെ സന്ദർശിച്ചശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂരിലെ പാർട്ടി ആയാലും പത്തനംതിട്ടയിലെ പാർട്ടി ആയാലും പാർട്ടി ഒന്നുതന്നെയാണ്. പാർട്ടിക്ക് ഒറ്റ നിലപാടേയുള്ളു അത് പറയേണ്ടത് ഞാനാണ്. ഞാനിപ്പോൾ പറഞ്ഞതാണ് അവസാന വാക്ക്. അതിന്റെ ഇടയിൽ ആരൊക്കെ എന്ത് പറഞ്ഞിട്ടുണ്ടെന്ന് അന്വേഷിക്കണ്ട. പാർട്ടിക്കു വേണ്ടി സംസ്ഥാന സെക്രട്ടറിയെന്ന രീതിയിൽ ഞാൻ പറഞ്ഞത് അവസാനവാക്കാണ് - എം.വി ഗോവിന്ദൻ വ്യക്തമാക്കി