തളിപ്പറമ്പ്: പനക്കാട് ഓടിക്കൊണ്ടിരിക്കുന്ന കാർ കത്തി നശിച്ചു. കാറിലുണ്ടായിരുന്ന രണ്ടു പേർ അത്ഭുതകരമായി രക്ഷപെട്ടു. തളിപ്പറമ്പ് നബ്രാസ് ഹൈപ്പർ മാർക്കറ്റ് മാനേജർ ടി.കെ ഉബൈദിന്റെ കാറാണ് കത്തി നശിച്ചത്. ഉബൈദും ബന്ധുവുമാണ് കാറിലുണ്ടായിരുന്നത്. രാത്രിയിൽ ഹൈപ്പർ മാർക്കറ്റ് ജീവനക്കാരനെ വീടിന് സമീപം ഇറക്കി പനക്കാട് വഴി കരിമ്പത്തേക്ക് വരുമ്പോഴാണ് തീപിടുത്തം ഉണ്ടായത്. കാറിനുള്ളിലേക്ക് രൂക്ഷഗന്ധം പടരുകയും എൻജിൻ ഓഫാകുകയും ചെയ്തു. നിമിഷ നേരം കൊണ്ട് തന്നെ തീ എൻജിൻ ഭാഗത്തേക്ക് പടർന്നു. ഉബൈദിന്റെ ബന്ധു ചാടിയിറങ്ങി പുറത്തിറങ്ങാൻ ബുദ്ധിമുട്ടിയിരുന്ന ഉബൈദിനെ പുറത്തെത്തിക്കുകയായിരുന്നു. കാർ പൂർണ്ണമായി കത്തി നശിച്ചു. തളിപ്പറമ്പ് അഗ്നിശമന നിലയത്തിലെ സേനാംഗങ്ങളെത്തിയാണ് തീ അണച്ചത്.