മാഹി: സെന്റ് തെരേസ ബസിലിക്ക തിരുനാൾ മഹോത്സവം നാളെ സമാപിക്കാനിരിക്കെ, ഈ പെരുന്നാൾ സീസണിലെ ഏറ്റവും . ജനത്തിരക്കേറിയ ദിനമായിരുന്നു ഞായറാഴ്ചയിലൂടെ കടന്നുപോയത്. തിരുസ്വരൂപത്തിൽ പുഷ്പമാല്യം ചാർത്തി , മെഴുകുതിരികൾ കൊളുത്തി ജാതിമത ഭേദമന്യേ പതിനായിരകണക്കിന് ഭക്തജനങ്ങൾ ആത്മീയ നിർവൃതിയണഞ്ഞു..
ഇന്നലെ രാവിലെ 7 മണി മുതൽ വൈകിട്ട് 3 മണി വരെ തുടർച്ചയായി ദിവ്യബലികൾ അർപ്പിക്കുകയുണ്ടായി. വൈകിട്ട് ജപമാലക്ക്‌ശേഷം മാനന്തവാടി രൂപത മെത്രാൻ മാർ ജോസ് പൊരുന്നേടം തിരുമേനിയുടെ മുഖ്യ കാർമീകത്വത്തിൽ ആഘോഷമായ ദിവ്യബലി അർപ്പിക്കുകയുണ്ടായി. സീറോ മലബാർ റീത്തിലായിരുന്നു കുർബാന അർപ്പിച്ചത്. ഫാ.ജോഷി പെരിഞ്ചേരിയും ഫാ. ജോസഫ് വാതല്ലൂർ ഒസിഡി യും സഹകാർമീകരായിരുന്നു. ഇന്നത്തെ തിരുനാൾ സഹായകർ കെ.സി.വൈ.എം അംഗങ്ങളാണ്.
ഇന്ന് വൈകിട്ട് അഞ്ചരയ്ക്ക് ജപമാല ഉണ്ടായിരിക്കും. ആറുമണിക്ക് ഫാ. ജിജു പള്ളിപ്പറമ്പിൽന്റെ മുഖ്യ കാർമികത്വത്തിൽ സാഘോഷമായ ദിവ്യബലി ഉണ്ടായിരിക്കും. തുടർന്ന് നൊവേനയും പരിശുദ്ധ കുർബാനയുടെ ആശീർവാദവും നടക്കും..
22ന് ഉച്ചയോടെ വിശുദ്ധ മാതാവിന്റെ ദാരുശിൽപ്പം രഹസ്യ അറയിലേക്ക് മാറ്റുന്നതാടെ തിരുന്നാളാഘോഷങ്ങൾക്ക് കൊടിയിറങ്ങും.