പിണറായി: സ്‌കൂളിന്റെ യഥാർത്ഥ മേന്മ നിൽക്കുന്നത് അതിന്റെ ഉത്പന്നങ്ങളായ വിദ്യാർത്ഥികൾ സമൂഹത്തിന് ഗുണകരമാകുന്ന വിധം സൃഷ്ടിക്കപ്പെടുമ്പോഴാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പിണറായി എ.കെ.ജി. സ്മാരക ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ രണ്ടാംഘട്ട വികസന പ്രവർത്തനത്തിന്റെ ഭാഗമായി നിർമ്മിച്ച ഹയർസെക്കൻഡറി ബ്ലോക്ക്, ഇൻഡോർ സ്‌റ്റേഡിയം, സ്മാർട്ട് ക്ലാസ് മുറികൾ, സ്‌കൂൾ ഹാൾ എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഏത് സ്‌കൂളിന്റെയും യശസ്സ് നിലനിൽക്കുന്നത് അവിടുത്തെ സൗകര്യങ്ങളിലല്ല എന്ന് നാം എപ്പോഴും കാണണം. എന്നാൽ സ്‌കൂളിന് ആവശ്യമായ സൗകര്യങ്ങൾ ഉണ്ടാവുകയും വേണം. സ്‌കൂളിൽ രണ്ട് ഘട്ടമായി 30 കോടിയുടെ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം അഥവാ വിദ്യാകിരണം പദ്ധതിയുടെ ഭാഗമായാണ് സ്‌കൂളിൽ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കിയത്. നബാർഡ് ഫണ്ട് 9.73 കോടി ഉപയോഗിച്ചു നിർമ്മിച്ച ഹയർസെക്കന്ററി ബ്ലോക്ക്, പ്ലാൻ ഫണ്ട് 1.08 കോടിയുടെ ഇൻഡോർ സ്റ്റേഡിയം, മൂന്ന് കോടിയുടെ സ്‌കൂൾ ഹാളും നാല് ക്ലാസ് മുറികളും, 80 ലക്ഷത്തിന്റെ സ്മാർട്ട് ക്ലാസ് മുറികൾ, ആസ്തി വികസന ഫണ്ടിൽനിന്ന് 15 ലക്ഷത്തിന്റെ മുഖ്യകവാടം എന്നിവയാണ് ഉദ്ഘാടനം ചെയ്തത്. വിവിധ കമ്പനികളുടെ സി.എസ്.ആർ ഫണ്ടും സ്‌കൂൾ വികസനത്തിനായി ഉപയോഗിച്ചു.
മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അദ്ധ്യക്ഷനായി. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി.ബാലൻ, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.പി.അനിത, പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രാജീവൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കോങ്കി രവീന്ദ്രൻ, മുഹമ്മദ് അഫ്സൽ, ചന്ദ്രൻ കല്ലാട്ട്, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം സി.എം.സജിത, പഞ്ചായത്ത് അംഗം എ.ദീപ്തി, കണ്ണൂർ ആർ.ഡി.ഡി.ആർ രാജേഷ് കുമാർ, കണ്ണൂർ ഡി.ഡി.ഇ ബാബു മഹേശ്വരി പ്രസാദ്, സ്‌കൂൾ പ്രിൻസിപ്പൽ ചേതന ജയദേവ്, ഹെഡ് മാസ്റ്റർ കെ.സുരേന്ദ്രൻ, എസ്.എസ്.കെ ഡി.പി.സി.ഇ.സി.വിനോദ്, വിദ്യാകിരണം ജില്ലാ കോ ഓർഡിനേറ്റർ കെ.സി.സുധീർ, തലശ്ശേരി ഡി.ഇ.ഒ പി.ശകുന്തള, തലശ്ശേരി നോർത്ത് എ.ഇ.ഒ കെ.എ ബാബുരാജ് തുടങ്ങിയവർ സംസാരിച്ചു.