
കളക്ടറേറ്റ്, കണ്ണൂർ ടൗൺ പൊലീസ് , പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് എന്നിവയ്ക്ക് മുന്നിൽ ഇന്നലെയും പ്രതിഷേധം
കണ്ണൂർ:എ.ഡി.എം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ ആരോപണവിധേയയായ പി.പി.ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയിൽ നിന്ന് മാറിയതൊഴികെ ഒരാഴ്ച പിന്നിട്ടിട്ടും ഒന്നും സംഭവിച്ചില്ല. കടുത്ത പ്രതിഷേധം അലയടിച്ച സംഭവത്തിൽ കണ്ണൂർ ടൗൺ പൊലീസ് എസ്.എച്ച്.ഒയുടെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണം കുറ്റാരോപിതരെ തൊടാൻ മടിച്ചുനിൽക്കുകയാണ്. അതെ സമയം പ്രതിപക്ഷ സംഘടനകൾ ഇന്നലെയും തെരുവിൽ പ്രതിഷേധം തുടർന്നു.
ആരോപണവിധേയനായ ജില്ലാ കളക്ടർ അരുൺ കെ.വിജയനെ മാറ്റി നിർത്തുക, പി.പി.ദിവ്യയെ അറസ്റ്റ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുമായി കോൺഗ്രസ് ,ബി.ജെ.പി ,യൂത്ത് ലീഗ് പ്രവർത്തകർ കടുത്ത പ്രതിഷേധമാണ് വിവിധയിടങ്ങിളിൽ സംഘടിപ്പിച്ചത്. ഇതെ ആവശ്യവുമായി യുവമോർച്ച പ്രവർത്തകർ കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ച് സംഘർഷത്തിലെത്തി. കളക്ടറേറ്റിന് മുന്നിൽ വച്ച ബാരിക്കേഡ് വലിച്ച് മാറ്റാൻ ശ്രമിക്കുന്നിനിടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചതോടെ പ്രവർത്തകർ പ്രകോപിതരാവുകയായിരുന്നു.ഇവരെ പിന്നീട്
അറസ്റ്റ് ചെയ്ത് നീക്കി. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് ഉദ്ഘാടനം ചെയ്തു. . ജില്ലാ വൈസ് പ്രസിഡന്റ് ടി.സി മനോജ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ.രഞ്ജിത്ത്, മേഖലാ ജനറൽസെക്രട്ടറി കെ.കെ.വിനോദ് കുമാർ, എം.ആർ.സുരേഷ് എന്നിവർ പ്രസംഗിച്ചു.
മുഖ്യമന്ത്രിയുടെ ഓഫീസ് പി.പി. ദിവ്യക്ക് സംരക്ഷണമൊരുക്കുന്നു . മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുടെ ഉപദേശമനുസരിച്ചാണ് പൊലീസ് ദിവ്യയെ അറസ്റ്റ് ചെയ്യാത്തത്.എ .ഡി .എമ്മിന്റെ ആത്മഹത്യയിൽ എം.വി. ഗോവിന്ദനും മുഖ്യമന്ത്രിക്കും വ്യത്യസ്ത അഭിപ്രായമാണുള്ളത്. മുഖ്യമന്ത്രിയുടെ മൗനത്തിന് ഒരു പാട് അർത്ഥമാണുള്ളത്. മുഖ്യമന്ത്രിയുടെ നിലപാട് പി.പി. ദിവ്യക്കൊപ്പമാണെന്നും അഴിമതിക്ക് കൂട്ടുനിൽക്കാത്ത ഉദ്യോഗസ്ഥരെ സി.പി.എം വേട്ടയാടുകയാണ് - എം.ടി.രമേശ് ( യുവമോർച്ചയുടെ മാർച്ച് ഉദ്ഘാടനപ്രസംഗത്തിൽ)
സ്റ്റേഷനിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് യൂത്ത് ലീഗ് പ്രവർത്തകർ
ആരോപണവിധേയയായ പി.പി.ദിവ്യയെ രക്ഷപ്പെടുത്താൻ പൊലീസ് ശ്രമിക്കുന്നുവെന്നാരോപിച്ച് കണ്ണൂർ ടൗൺസ്റ്റേഷന് മുന്നിലെ റോഡ് യൂത്ത് ലീഗ് ഉപരോധിച്ചു. മിനിറ്റുകൾക്കുള്ളിൽ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയതിൽ പ്രകോപിതരായ പ്രവർത്തകർ സ്റ്റേഷന്റെ അകത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇന്നലെ രാവിലെ 11 ഓടെ മുസ്ലീം ലീഗ് ഓഫീസായ ബാഫഖി സൗദത്തിൽ നിന്ന് പ്രകടനവുമായി എത്തിയ പ്രവർത്തകർ ടൗൺ സ്റ്റേഷന് മുന്നിലെ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. സംസ്ഥാന സെക്രട്ടറി സി കെ.മുഹമ്മദലി, ജില്ലാ പ്രസിഡന്റ് നസീർ നെല്ലൂർ, ജില്ലാജനറൽ സെക്രട്ടറി പി.സി നസീർ, നേതാക്കളായ അലി മങ്കര, ഫൈസൽ ചെറുകുന്ന്, ഷംസീർ മയ്യിൽ തുടങ്ങിയ 20 ഓളം പ്രവർത്തകരെയാണ് അറസ്റ്റ് ചെയ്തത്.
നിങ്ങൾക്കും ഈ ഗതി വരേണ്ടെങ്കിൽ വിടു... , പോയി ദിവ്യയെ പിടികൂടു
ബി.ജെ.പി പ്രതിഷേധത്തിനിടെ ഒരു കൂട്ടം വനിതാ പ്രവർത്തകർ മതിൽ ചാടി കളക്ടറേറ്ര് കോമ്പൗണ്ടിനുള്ളിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചു.ഇവരെ പാടുപെട്ടാണ് വനിതാ പൊലീസുകാർ പിടിച്ചുമാറ്റിയത്.' നാളെ നിങ്ങൾക്കും ഈ ഗതി വരേണ്ടെങ്കിൽ ,ഞങ്ങളെ വിടു.. പോയി പി.പി. ദിവ്യയെ പിടിക്കൂ'എന്ന് പ്രവർത്തകർ പൊലീസിനോട് പറയുന്നുണ്ടായിരുന്നു.വനിതാ പ്രവർത്തകരെ പിടിച്ചുമാറ്റാൻ വനിതാപൊലീസിന് ഏറെ പണിപ്പെടേണ്ടിവന്നു.