s

കണ്ണൂർ: സത്യം സത്യമായി പൊലീസിന് മൊഴി നൽകുമെന്ന് കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ.വിജയൻ കളക്ടറേറ്റിൽ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ കണ്ടിരുന്നു. കൂടിക്കാഴ്ചയിൽ അസ്വാഭാവികതയില്ല. ഔദ്യോഗിക കാര്യങ്ങളാണ് സംസാരിച്ചത്. എ.ഡി.എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട വിഷയവും സംസാരിച്ചിരുന്നു. എന്നാൽ, ഇതുമായി ബന്ധപ്പെട്ട മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് വിഷയം കോടതിയുടെ പരിഗണനയിലായതിനാൽ പ്രതികരിക്കുന്നില്ലെന്ന് മറുപടി നൽകി.


നവീൻ ബാബുവിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന പൊലീസ് സംഘം ഇന്നലെയും കളക്ടറേറ്റിലെത്തി തെളിവുകൾ ശേഖരിച്ചു. നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തെ കുറിച്ചുളള വിവരങ്ങൾ കളക്ടറോടും ചോദിച്ചറിയും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി.ദിവ്യയെ യാത്രയയപ്പ് യോഗത്തിലേക്ക് വിളിച്ചത് കളക്ടറാണെന്നും ഗൂഢാലോചനയിൽ കളക്ടർക്ക് പങ്കുണ്ടെന്നും ആരോപണം ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിൽ കളക്ടറുടെ മൊഴി അന്വേഷണത്തിൽ നിർണായകമാണ്.