
പരിയാരം: പ്രശാന്തനെ സർവീസിൽ നിന്ന് പിരിച്ചുവിട്ട് കേസെടുക്കണമെന്നാവശ്യപ്പെട്ട് പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലേക്ക് ഇന്നലെ രാവിലെ കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിൽ പൊലീസിന്റെ കണക്കുകൂട്ടൽ പിഴച്ചു.ഡി.സി.സി പ്രസിഡന്റ് മാർട്ടിന് ജോർജ് മാർച്ച് ഉദ്ഘാടനം ചെയ്ത ഉടനെ ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ പോലീസ് വലയം ഭേദിച്ച് കാമ്പസിനുള്ളിലേക്ക് തള്ളിക്കയറി. പഴയങ്ങാടി ഇൻസ്‌പെക്ടർ എൻ.കെ.സത്യനാഥന്റെ ഹെൽമെറ്റ് പിടിച്ചുവലിച്ച പ്രവർത്തകർ അദ്ദേഹത്തിന്റെ നെയിംപ്ലേറ്റും വലിച്ചുപറിച്ചു. ഏറെ നേരം പ്രവർത്തകർ തമ്മിൽ ഉന്തും തള്ളും നടന്നു. മുതിർന്ന നേതാക്കൾ ഇടപെട്ടാണ് പ്രവർത്തകരെ പിന്തിരിപ്പിച്ചത്
എണ്ണത്തിൽ കുറവായ പൊലീസ് പരമാവധി സംയമനം പാലിക്കുകയും മുതിർന്ന നേതാക്കളുടെ ഇടപെടലുമാണ് കൂടുതൽ അനിഷ്ടസംഭവങ്ങൾ ഒഴിവാക്കിയത്. മാർച്ചിൽ പങ്കെടുത്ത വനിതകളെ നിയന്ത്രിക്കാൻ ചെറുപുഴ എസ്.ഐ രൂപ മധുസൂദനൻ മാത്രമേ പോലീസ് സംഘത്തിൽ ഉണ്ടായിരുന്നുള്ളൂ. യൂത്ത് കോൺഗ്രസ് നേതാവ് റിയ നാരായണൻ പൊലീസിന്റെ കണ്ണ് വെട്ടിച്ച് ബാരിക്കേഡ് ചാടി അകത്തു കടന്നു. വനിതാ എസ്.ഐ പിന്നാലെ ഓടി പിടികൂടിയെങ്കിലുംശക്തമായ പിടിവലക്കൊടുവിൽ എസ്.ഐയെ തള്ളിമാറ്റി റിയ പാർട്ടി പതാകയുമായി മെഡിക്കൽ കോളേജിന്റെ പ്രധാന കവാടത്തിലേക്ക് ഓടി. പിന്നാലെ ചില കോൺഗ്രസ് പ്രവർത്തകരും ഇവിടെയെത്തി. ഈ സമയം പൊലീസ് നിസ്സഹായരായി നോക്കി നിൽക്കുകയായിരുന്നു. ഈ സമയം രോഗിയുമായി ആംബുലൻസ് എത്തിയതോടെ മെഡിക്കൽ കോളേജ് ഭരണവിഭാഗം ഓഫീസിലേക്ക് ഓടിയ പ്രവർത്തകർ അവിടെവെച്ചും പൊലീസുമായി ഏറ്റുമുട്ടി. വനിതാപോലീസുകാരുടെ കുറവാണ് പ്രശ്നം കൈവിട്ടുപോകാൻ കാരണമായത്. സംഘർഷം തീർന്നശേഷമാണ് കൂടുതൽ വനിതാപോലീസുകാർ എത്തിയത്.
ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജാണ് മാർച്ച് ഉദ്ഘാടനം ചെയ്തത്. മാടായി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വി.രാജൻ അദ്ധ്യക്ഷത വഹിച്ചു. എം.പി.ഉണ്ണികൃഷ്ണൻ, കെ.ബ്രിജേഷ്‌കുമാർ, സുദീപ് ജെയിംസ്, വി.രാഹുൽ, രാജീവൻ കപ്പച്ചേരി, ഇ.ടി.രാജീവൻ, രാജേഷ് മല്ലപ്പള്ളി, കെ.നബീസാബിവി എന്നിവർ നേതൃത്വം
നേതാക്കൾ ഉൾപ്പെടെ 26 പേർക്കെതിരെ കേസ്
പരിയാരം:മെഡിക്കൽ കോളേജിലേക്ക് മാർച്ച് നടത്തിയ സംഭവത്തിൽ കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ 26 പേർക്കെതിരെ പരിയാരം പോലീസ് കേസെടുത്തു. പോലീസിനെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിനാണ് കേസ്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ വച്ചിയോട്ടിനെ ഒന്നാം പ്രതിയാക്കിയാണ് കേസ്. ഡി.സി.സി വൈസ് പ്രസിഡന്റ് സുദീപ് ജയിംസ്, ജന.സെക്രട്ടറി രാജീവൻ കപ്പച്ചേരി, റഷീദ് കവ്വായി, അക്ഷയ് മാട്ടൂൽ, റിയ എന്നിവരുടെയും കണ്ടാലറിയാവുന്ന മറ്റ് 20 പേർക്കെതിരെയുമാണ് കേസ്.