തലശ്ശേരി: വ്യക്തി വിരോധം കാരണം അമ്മാവന്റെ മകനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവും ആറ് ലക്ഷം പിഴയും. വെള്ളാർ വെള്ളിയിലെ വെള്ളുവകണ്ടി വീട്ടിൽ വി.കെ.അജീഷ് (35)ആണ് കേസിലെ പ്രതി. പ്രതിയുടെ അമ്മാവൻ മുകുന്ദന്റെ മകൻ വെള്ളുവകണ്ടി വീട്ടിൽ സനിത്തിനെ (32)യാണ് പ്രതി കുത്തി കൊലപ്പെടുത്തിയത്. 2017 ജനുവരി 27ന് രാത്രി എട്ടരയോടെ സനിത്തിന്റെ വീട്ടിലാണ് കേസിന്നാസ്പദമായ സംഭവം.
മൂന്നാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് റൂബി.കെ.ജോസാണ് വിധി പറഞ്ഞത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ജില്ലാ ഗവ .പ്ലീഡർ അഡ്വ: കെ. രൂപേഷ്. ഹാജരായി. കൊല്ലപ്പെട്ട സനീഷിന്റെ പിതാവ് കെ.മുകുന്ദന്റെ പരാതിയിലാണ് കേസ്. സംഭവത്തിന് ഒരു വർഷം മുമ്പ് കൊല്ലപ്പെട്ട സനിത്ത്, പ്രതിയുടെ പിതാവ് അശോകനെ കുത്തി പരിക്കേൽപ്പിച്ചിരുന്നു. ഇതാണ് കൊലക്ക് കാരണമായത്.