കൂത്തുപറമ്പ്: രാഷ്ട്രീയസംഘർഷങ്ങളുമായി ബന്ധപ്പെട്ട് വലിയ ചരിത്രം തന്നെയുള്ള കൂത്തുപറമ്പിൽ പൊലീസുകാർക്ക് എക്കാലത്തും പിടിപ്പത് പണിയുണ്ടായിരുന്നു.പഴയ പരിധിയിൽ രണ്ട് പൊലീസ് സ്റ്റേഷനുകൾ കൂടി സ്ഥാപിക്കപ്പെട്ടതിനാൽ വിസ്തൃതി കുറഞ്ഞെങ്കിലും വിയർത്തുപണിയെടുക്കേണ്ട സാഹചര്യം തന്നെയാണ് ഇന്നും ഇവിടെയുള്ളത്. ഇങ്ങനെ ജോലി ചെയ്യുമ്പോഴും ഭൗതീക സാഹചര്യങ്ങൾ നന്നായി മെച്ചപ്പെടേണ്ട സാഹചര്യമാണ് കൂത്തുപറമ്പ് പൊലീസ് സ്റ്റേഷനുള്ളത്.
കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തരമന്ത്രിയായിരുന്ന 2010ലാണ് കൂത്തുപറമ്പ് പൊലീസ് സ്റ്റേഷന് പുതിയ കെട്ടിടം ഒരുക്കിയത്. എന്നാൽ ഇതിന് ശേഷം ഭൗതികസാഹചര്യം മെച്ചപ്പെടുത്താൻ യാതൊരു നടപടിയുമുണ്ടായിട്ടില്ല.
കൂത്തുപറമ്പ് നഗരസഭയിലെ 28 , മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിലെ 19, വേങ്ങാട് ഗ്രാമപഞ്ചായത്തിലെ 8 വാർഡുകൾ ഉൾപ്പെടുന്നതാണ് കൂത്തുപറമ്പ് പൊലീസ് സ്റ്റേഷൻ പരിധി. അറുപത് പേരെങ്കിലും ഉണ്ടാകേണ്ടിടത്ത് നിലവിൽ 45 പൊലീസുകാരാണ് ഇവിടെ നിയമപരിപാലനം നടത്തുന്നത്.
ഒറ്റനോക്കിൽ പ്രാരബ്ധമറിയാം
ഫർണിച്ചറുകൾ പരിമിതം
ആവശ്യത്തിന് കമ്പ്യൂട്ടറുകളില്ല
തൊണ്ടിമുതൽ സൂക്ഷിക്കാനിടമില്ല
സന്ദർശകരെ ഇരുത്താൻ പരിമിതി
പുരുഷ പൊലീസുകാർക്ക് വിശ്രമമുറിയില്ല
തൊണ്ടിവാഹനങ്ങൾ റോഡരികിലും പുറമ്പോക്കിലും
എസ്.എച്ച്.ഒ, എസ്.ഐ ക്വാർട്ടേഴ്സ് ചോർന്നൊലിക്കുന്നു
കുടിവെള്ളം അയൽവാസിയുടെ കാരുണ്യം
സ്റ്റേഷനിന്റെ ഏറ്റവും വലിയ കുറവുകളിലൊന്ന് കുടിവെള്ളം ലഭിക്കാത്തതാണ്. സ്വന്തമായി കിണർ ഇല്ല. ബോർ വെല്ലുണ്ടെങ്കിലും അതിൽ വെള്ളമില്ല. പൊലീസ് സ്റ്റേഷന് ചേർന്നുള്ള സ്വകാര്യവ്യക്തിയുടെ സ്ഥലത്തെ കിണറിൽ നിന്നാണ് സ്റ്റേഷനിലേക്ക് വെള്ളമെടുക്കുന്നത്.
സ്റ്റേഷന് കിണർ അനുവദിച്ചു കിട്ടാൻ എസ്.ഐ അഖിൽ ഒന്നര വർഷം മുമ്പ് നൽകിയ അപേക്ഷയിൽ ഇന്നും തീരുമാനമായിട്ടില്ല.
അംഗബലത്തിലും കുറവ്
തസ്തിക 54
നിലവിൽ ഉള്ളത് 45
എസ്.എച്ച്.ഒ 1
എസ്.ഐ 3
എ.എസ്.ഐ 3
പ്രതിമാസം ശരാശരി കേസുകൾ 100
പേപ്പറിന് പിരിവിടണം
പൊലീസുകാർ മാസത്തിൽ നിശ്ചിത തുക പിരിവെടുത്താണ് സ്റ്റേഷനിൽ എഴുതാനാവശ്യമായ പേപ്പറുകൾ വാങ്ങുന്നത് .പ്രതിമാസം നൂറോളം കേസുകൾ രജിസ്റ്റർ ചെയ്യുമ്പോൾ എഫ്.ഐ.ആർ തയ്യാറാക്കാനും പകർപ്പ് നൽകുന്നതിനുമായി പേപ്പറുകൾ ധാരാളം വേണ്ടിവരും. ഡിപ്പാർട്ട്‌മെന്റ് നൽകുന്നത് വളരെ പരിമിതമാകുമ്പോഴാണ് സ്വന്തം കീശയിൽ നിന്നും ഇവർക്ക് ചിലവിടേണ്ടിവരുന്നത്.