കാസർകോട്: നഗരത്തിലെ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിൽ അതിക്രമിച്ചു കയറി ജീവനക്കാരനെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. ഉദുമ, തെക്കേക്കര സ്വദേശിയായ മുഹമ്മദ് ജൗഹർ ജിസ്വാൻ (24) ആണ് ബംഗളൂരു വിമാനത്താവളത്തിൽ പിടിയിലായത്. ഗൾഫിലേക്ക് പോകാനായി എത്തിയതായിരുന്നു ജിസ്വാൻ.

വെള്ളിയാഴ്‌ച വൈകുന്നേരം നാലുമണിയോടെയാണ് കാസർകോട് നഗരത്തിലെ മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രിയിൽ അക്രമ സംഭവം അരങ്ങേറിയത്. ആശുപത്രിയിലെ എം.ആർ.ഐ സ്‌കാനിംഗ് വിഭാഗത്തിലെ ടെക്നിക്കൽ ജീവനക്കാരനായ ഉളിയത്തടുക്ക, എസ്.പി നഗറിലെ അബ്ദുൽ റസാഖി(28)നാണ് കുത്തേറ്റത്. അക്രമി ആശുപത്രിയിലേക്ക് കയറി വരുന്നതും അക്രമം നടത്തുന്നതും അതിനു ശേഷം പുറത്തേക്ക് ഓടി സ്‌കൂട്ടറിൽ കയറി രക്ഷപ്പെടുന്നതിന്റെയും ദൃശ്യങ്ങൾ സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അക്രമിയെ പൊലീസ് തിരിച്ചറിഞ്ഞത്.

പ്രതി ഗൾഫിലേക്ക് കടക്കാൻ സാധ്യതയുണ്ടെന്നു രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിൽ അറിയിച്ചിരുന്നു. കാസർകോട് പൊലീസ് ബംഗളൂരുവിൽ എത്തി പ്രതിയെ നാട്ടിലേക്ക് കൊണ്ടുവരും.