
കണ്ണൂർ: എ.ഡി.എം കെ.നവീൻ ബാബുവിന് താൻ കൈക്കൂലി നൽകിയെന്ന് പെട്രോൾ പമ്പ് അപേക്ഷകൻ ടി.വി.പ്രശാന്തൻ പൊലീസിനു മൊഴി നൽകി. സ്വർണം പണയംവച്ച് സ്വരൂപിച്ച പണം ആറാം തീയതി ക്വാർട്ടേഴ്സിലെത്തി കൈമാറിയെന്നാണ് മൊഴി. രണ്ടാംതവണയാണ് ആരോപണം ആവർത്തിക്കുന്നത്.
സ്വർണം പണയം വച്ചതിന്റെ രേഖകളും എ.ഡി.എമ്മുമായി ഫോണിൽ സംസാരിച്ചതിന്റെ തെളിവുകളും ഹാജരാക്കിയിട്ടുണ്ട്. പ്രശാന്തനെതിരായ വിജിലൻസ് അന്വേഷണവും തുടരുകയാണ്. മുഖ്യമന്ത്രിക്കു നൽകിയതായി പ്രശാന്തൻ അവകാശപ്പെട്ട പരാതിയിലെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടി മുസ്ലിം ലീഗിന്റെ പ്രാദേശിക നേതാവ് നൽകിയ പരാതിയിലാണ് വിജിലൻസ് അന്വേഷണം. വിജിലൻസ് കോഴിക്കോട് യൂണിറ്റ് ഉടൻ ഈയാളുടെ മൊഴി രേഖപ്പെടുത്തും.