
ഇരിട്ടി: ആറളം ഫാമിൽ വൈവിധ്യവത്ക്കരണത്തിന്റെ ഭാഗമായി ആരംഭിക്കുന്ന ഇഞ്ചി ഉദ്യാനത്തിൽ നടീലിന് തുടക്കമായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ ഉദ്ഘാടനം നിർവ്വഹിച്ചു. ആറളം ഫാം മാനേജിംഗ് ഡയറക്ടർ കാർത്തിക് പാണിഗ്രാഹി അദ്ധ്യക്ഷത വഹിച്ചു. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെയും മലബാർ ബോട്ടാണിക്കൽ ഗാർഡന്റെയും സഹായത്തോടുകൂടിയാണ് പദ്ധതി നടപ്പിലാക്കുന്നത്. മലേഷ്യ, തായ്ലാൻഡ്, സൗത്ത് അമേരിക്ക, ബ്രസീൽ തുടങ്ങിയ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഇഞ്ചിയിനങ്ങളും അതോടൊപ്പം മേഘാലയ, ഹിമാചൽ പ്രദേശ്, നാഗാലാൻഡ് തുടങ്ങിയ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുമായി ശേഖരിച്ച 105 ഇനത്തിൽപ്പെട്ട ഇഞ്ചി തൈകളുമാണ് ആദ്യഘട്ടത്തിൽ ആറളം ഫാമിന്റെ ബ്ലോക്ക് അഞ്ചിൽ ഒരുക്കുന്നത്. അലങ്കാര ഇഞ്ചി തൈ ഉൽപാദന വിപണനവും ടൂറിസം സാദ്ധ്യതയും ഇതിലൂടെ ഫാം ലക്ഷ്യമിടുന്നു.