തലശ്ശേരി: ആദ്യനാൾ മുതൽ മത്സരങ്ങളിൽ മേധാവിത്വം കാട്ടുന്ന പയ്യന്നൂർ ഉപജില്ല ഒന്നാം സ്ഥാനത്ത് നിലയുറപ്പിക്കുന്ന കാഴ്ചയാണ് കണ്ണൂർ റവന്യൂ ജില്ലാ സ്‌കൂൾ കായികമേളയുടെ രണ്ടാം നാളിലും കണ്ടത്. മേള രണ്ടാം ദിനത്തിൽ മത്സരങ്ങൾ പൂർത്തിയായപ്പോൾ 23 സ്വർണ്ണവും 24 വെള്ളിയും 19 വെങ്കലവുമായി 222 പോയിന്റോടെ പയ്യന്നൂർ ഉപജില്ല ഒന്നാം സ്ഥാനത്ത്.
ഇരിക്കൂർ ഉപജില്ല 5 സ്വർണ്ണവും 9 വെള്ളിയും 6 വെങ്കലവുമായി രണ്ടാം സ്ഥാനത്തും 8 സ്വർണ്ണവും 4 വെള്ളിയും 4 വെങ്കലവുമായി 65 പോയിന്റോടെ മൂന്നാം സ്ഥാനത്തുമാണ്.
സ്‌കൂൾ തലത്തിൽ പയ്യന്നൂർ ഉപജില്ലയിലെ ജി.എച്ച്.എസ്.എസ് കോഴിച്ചാൽ 11 സ്വർണ്ണവും 7 വെള്ളിയും 7 വെങ്കലവുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. പയ്യന്നൂർ ഉപജില്ലയിലെ തന്നെ ജി.എച്ച്.എസ് പ്രാപ്പൊയിൽ 3 സ്വർണ്ണവും 8 വെള്ളിയും 5 വെങ്കലവുമായി 44 പോയിന്റോടെ രണ്ടാം സ്ഥാനത്തുണ്ട്. തലശേരി നഗരസഭ സ്റ്റേഡിയത്തിൽ നടക്കുന്ന കായിക മേള ഇന്ന് സമാപിക്കും.
കോഴിച്ചാൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ അലൻ രാജേഷ് അഞ്ചു കിലോഗ്രാം ഷോട്ട്പുട്ടിലും 1.5 കിലോഗ്രാം ഡിസ്കസ് ത്രോയിലും റെക്കാർഡ് തിരുത്തി. ഡിസ്കസ് ത്രോ (1.5.കി.ഗ്രാം) സീനിയറിൽ കോഴിച്ചാൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ അലൻ രാജേഷ് 38.15 മീറ്ററോടെ കതിരൂർ ജി.എച്ച്.എസ്.എസിലെ മുഹമ്മദ് അനാസിന്റെ (33.11) മീറ്റ് റെക്കാർഡ് തിരുത്തിയതോടൊപ്പമാണ് ഷോട്ട്പുട്ടിൽ കണ്ണൂർ സെന്റ് മൈക്കിൾ എ.ഐ.എച്ച്.എസ്.എസിലെ മസീൻ മുഹമ്മദിന്റെ 12.31 മീറ്റർ റെക്കാർഡും തിരുത്തിയെഴുതിയത്.