
മാഹി:മയ്യഴിയുടെ വികസനത്തിന് പ്രതീക്ഷ പകർന്ന് പുതച്ചേരി ധനകാര്യ സെക്രട്ടറി ആഷിശ് മാധറാവു മൊറേ എത്തി.
പാതിവഴിയിൽ നിലച്ച വൻകിടപദ്ധതികൾ സന്ദർശിച്ച അദ്ദേഹം തുടർനിർമ്മാണം സംബന്ധിച്ച് രമേഷ് പറമ്പത്ത് എം.എൽ.എ, റീജണൽ അഡ്മിനിസ്‌ട്രേറ്റർ ഡി.മോഹൻ കുമാർ എന്നിവരുമായും ചർച്ച നടത്തി.
മാഹിയിലെ ആശുപത്രി ട്രോമാകെയർ, ഹാർബർ, പുഴയോര നടപ്പാത എന്നിവിടങ്ങളും മാഹി ഇൻഡോർ സ്റ്റേഡിയം, മാഹി ബൈപ്പാസ് ഹൈവേ സർവ്വീസ് റോഡ് എന്നിവിടങ്ങളിലുമാണ് ധനകാര്യ സെക്രട്ടറി സന്ദർശനം നടത്തിയത്. മാഹി ട്രോമാകെയർ നിർമ്മാണം പൂർത്തിയാക്കാനായി ഏഴര കോടി രൂപയുടെ അനുമതി ഉടൻ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
മാഹി ഗവ. ജനറൽ ആശുപത്രി ട്രോമാകെയർ നിർമ്മാണം വിലയിരുത്താനെത്തിയ ആഷിശ് മാധറാവു മൊറേക്കൊപ്പം എം.എൽ.എ, റീജണൽ അഡ്മിനിസ്‌ട്രേറ്റർ , ഡപ്യൂട്ടി ഡയറക്ടർ ഡോ.എ.പി.ഇസ്ഹാഖ്, അസിസ്റ്റന്റ് ഡയറക്ടർ ഡോ.സൈബുന്നീസ ബീഗം, അസിസ്റ്റന്റ് എൻജിനീയർ അനിൽ കുമാർ,എം.എൻ.പ്രദീപ് കുമാർ, പി. പി.രാജേഷ് എന്നിവരുമുണ്ടായിരുന്നു.
ലഫ്.ഗവർണറുടെ പ്രത്യേക താൽപര്യം
മയ്യഴിയോട് ഏറെ അടുപ്പം പുലർത്തുന്ന വടകര സ്വദേശിയായ പുതുച്ചേരി ലഫ്.ഗവർണർ കെ.കൈലാസനാഥന്റെ പ്രത്യേക താൽപ്പര്യമാണ് ദശകങ്ങളായി നിലച്ച പോയ മാഹിയിലെ വൻകിട പദ്ധതികൾക്ക് വീണ്ടും ജീവൻവെപ്പിച്ചിരിക്കുന്നത്. മാഹി ജനശബ്ദം പ്രവർത്തകർ ചുമതലയേൽക്കുന്നതിന് മുമ്പ് പുതുച്ചേരി രാജ് നിവാസിലെത്തി ഇതുസംബന്ധിച്ച് നിവേദനം നൽകിയിരുന്നു.പിന്നാലെ ലെഫ്.ഗവർണർ മയ്യഴിയിലെത്തിയിരുന്നു.തുടർന്നാണ് ഫയലുകൾക്ക് വേഗം കൂടിയത്.ഇതിന് ശേഷം എല്ലാ മാസവും വകുപ്പ് മേധാവികളും സെക്രട്ടറിമാരും മാഹിയിൽ സന്ദർശിച്ച് പ്രവൃത്തി വിലയിരുത്തുന്നുണ്ട്.ഇതുസംബന്ധിച്ച് ലഫ്.ഗവർണ്ണർ അവലോകനവും നടത്തുന്നുണ്ട്..