minister-

കാസർകോട്: ഉഡുപ്പി -കരിന്തളം 400 കെ.വി വൈദ്യുതി ലൈൻ നിർമ്മാണവുമായി ബന്ധപ്പെട്ട നഷ്ടപരിഹാര പാക്കേജിലും അനുബന്ധ വിഷയങ്ങളിലുമായി ഇന്നലെ തിരുവനന്തപുരത്ത് നടത്തിയ മന്ത്രിതല ചർച്ചയിൽ ലഭിച്ച ഉറപ്പിൽ കർഷകർക്ക് ആശ്വാസം. ലൈൻ വലിക്കുമ്പോൾ കിടപ്പാടം നഷ്ടപ്പെടുന്ന കർഷകർക്കായി കർഷകരക്ഷാ സമിതി ഉന്നയിച്ച ആവശ്യങ്ങളിൽ അനുഭാവപൂർവ്വമായ നിലപാടാണ് വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടിയും ഉദ്യോഗസ്ഥരും ഉറപ്പ് നൽകിയത്.ഒരു മാസത്തിനുള്ളിൽ സർവ്വേയും പഠനവും പൂർത്തിയാക്കി ഭൂമി അളന്ന് നഷ്ടം കൃത്യമായി വിലയിരുത്തി നഷ്ടപരിഹാരം നൽകുമെന്നാണ് കർഷകർക്ക് ലഭിച്ച ഉറപ്പ്.

വീട് നഷ്ടപ്പെടുന്നവരുടെ പുനരധിവാസവും മന്ത്രി ഉറപ്പ് നൽകി. ആരെയും പദ്ധതിയുടെ ഇരകളാക്കാതെ അർഹിക്കുന്ന നഷ്ടപരിഹാരം എല്ലാവർക്കും ഉറപ്പ് വരുത്താനും യോഗത്തിൽ ധാരണയായി. രാവിലത്തെ ചർച്ചകൾക്ക് ശേഷം വീണ്ടുംകൂടിയാലോചനകൾ നടത്തിയതിന് ശേഷമാണ് ഇക്കാര്യത്തിൽ തീരുമാനമായത്.

സെക്രട്ടറിയേറ്റ് സൗത്ത് കോൺഫറൻസ് ഹാളിൽ നടത്തിയ ചർച്ചയിൽ മന്ത്രി കെ.കൃഷ്ണൻകുട്ടിക്ക് പുറമെ ഇ.ചന്ദ്രശേഖരൻ എം.എൽ.എ, കെ.എസ്.ഇ.ബി എം.ഡി.ബിജു പ്രഭാകർ, കാസർകോട് നോഡൽ ഓഫീസർ ഷൈനി മേരി സാമുവൽ, കർഷക രക്ഷാസമിതി ചെയർമാൻ ഷിനോജ് ചാക്കോ,കൺവീനർ നാരായണൻ കുട്ടി, വൈസ് ചെയർമാൻ എം.കെ.ഭാസ്‌ക്കരൻ, ട്രഷറർ സത്യനാഥ്‌ കമ്പിക്കാനം, ഫ്രാൻസിസ് ചാക്കോ കാട്ടുകുക്കെ എന്നിവരും പങ്കെടുത്തു.

കർഷകരക്ഷാസമിതി മുന്നോട്ടുവെച്ച ആവശ്യങ്ങൾ

1. സ്ഥലത്തിനും കാർഷിക വിളകൾക്കും നാശപരിഹാരം

2. സ്ഥലത്തിന് എൽ.എ ആക്ട് 2013 പ്രകാരം വില

3. ടവറിൽ ലഭിക്കാനുള്ള നഷ്ടപരിഹാരം ഉടൻ

4. വീടുകളും കെട്ടിടങ്ങളും പുനർനിർമ്മിക്കാൻ എൽ എ ആക്ട് പ്രകാരം തുക

5 .ഉപയോഗശൂന്യമാകുന്ന മുഴുവൻ സ്ഥലത്തിനും നഷ്ടപരിഹാരം

6. നഷ്ടപരിഹാരത്തിന് ശേഷം മാത്രം കോറിഡോർ.

7 കാർഷിക വൃക്ഷങ്ങൾക്ക് പുതുക്കിയ നഷ്ടപരിഹാരത്തിൽ മുൻകാല പ്രാബല്യം

8. നഷ്ടപരിഹാരം ഒരെ നിരക്കിൽ

ഉഡുപ്പി -കാസർകോട് -വയനാട് വൈദ്യുതി ലൈൻ

കാസർകോട് ജില്ലയിലെ ദൂരം - 46 കിലോമീറ്റർ

നഷ്ടപ്പെടുന്ന സ്ഥലം - 600 ഹെക്ടർ

ഒഴിയേണ്ട വീടുകൾ 150

മലയോരത്തെ കർഷകരെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസമാണ് മന്ത്രി കെ.കൃഷ്ണൻകുട്ടി മുൻകൈയെടുത്ത് നടത്തിയ ചർച്ചയും ഉണ്ടാക്കിയ ധാരണയും. നഷ്ടപരിഹാര പദ്ധതി സമയബന്ധിതമായി നടപ്പിലാക്കും എന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.

-ഷിനോജ് ചാക്കോ

( ചെയർമാൻ കർഷക രക്ഷാ സമിതി)